വിനയായത് ഒറ്റക്കാര്യം, പിന്നാലെ സിനിമകളില്‍നിന്ന് അകന്നു; ഒന്ന് നന്നാകൂ എന്ന് അമ്മ! ലക്ഷ്മി മേനോന് സംഭവിച്ചത്

കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ട് പോയ കേസില്‍ നടി ലക്ഷ്മി മേനോനെ പൊലീസ് തിരയുകയാണ്. ലക്ഷ്മി മോനോനും സുഹൃത്തുക്കളും കാര്‍ തടഞ്ഞ് ബഹളം വെക്കുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കാറില്‍ നിന്ന് യുവാവിനെ വലിച്ചിറക്കി മറ്റൊരു വാഹനത്തില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചു എന്നാണ് പരാതി. ഓഗസ്റ്റ് 24 ന് രാത്രിയാണ് സംഭവം നടന്നത്. ലക്ഷ്മി മേനോന് ഒളിവിലാണെന്നാണ് വിവരം.
തമിഴകത്ത് വലിയ ജനപ്രീതിയുള്ള നടിയായിരുന്നു ലക്ഷ്മി മേനോന്. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി നടി സിനിമാ രംഗത്ത് സജീവമല്ല. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രമുഖി 2 എന്ന സിനിമയിലാണ് ലക്ഷ്മിയെ പ്രേക്ഷകര്‍ കണ്ടത്. സ്കൂള്‍ പഠന കാലത്തേ സിനിമാന രംഗത്തേക്ക് വന്നയാളാണ് ലക്ഷ്മി. രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ചു. ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എട്ടാം ക്ലാസില്‍ പഠിക്കുകയായിരുന്നു ലക്ഷ്മി. പിന്നീട് ഐഡിയല്‍ കപ്പിള്‍ എന്ന മലയാള സിനിമയിലും പ്രധാന വേഷം ചെയ്തു. എന്നാല്‍ ഈ സിനിമകളൊന്നും ശ്രദ്ധിക്കപ്പെട്ടില്ല.
തമിഴ് സിനിമാ ലോകത്താണ് ലക്ഷ്മി മേനോന് താരമായി വളര്‍ന്നത്. കുംകി, സുന്ദരപാണ്ഡ്യന്‍ എന്നീ തമിഴ് സിനിമകള്‍ വന്‍ ഹിറ്റായി. ഇതോടെ തമിഴകത്തെ ഭാഗ്യനായികയായി ലക്ഷ്മി അറിയപ്പെട്ടു. നയന്‍താര, അമല പോള്‍ തുടങ്ങിയ മലയാളി നടിമാര്‍ക്ക് ശേഷം തമിഴകത്ത് താര പദവി നേടുന്നു അടുത്ത നടിയായി ലക്ഷ്മി മാറി. തിരക്കുള്ള നടിയായി മാറിയതോടെ മലയാളത്തില്‍ നിന്നും അവസരം വന്നു. അവതാരം എന്ന മലയാള സിനിമയില്‍ നായികയായെത്തി. ദിലീപായിരുന്നു സിനിമയിലെ നായകന്.
എന്നാല്‍ ഒരു ഘട്ടത്തില്‍ ലക്ഷ്മി മേനോന് സിനിമാ രംഗത്ത് നിന്നും അകന്നു. 2016 മുതലാണ് നടി സിനിമകളില്‍ നിന്ന് അകന്ന് തുടങ്ങിയത്. ഗ്രാമീണ പെണ്‍കൊടിയായി അഭിനയിച്ച് തനിക്ക് മടുത്തെന്നും അഭിനയത്തില്‍ നിന്നും വിട്ടു നില്ക്കാന് തീരുമാനിച്ചെന്നും ഒരിക്കല്‍ ലക്ഷ്മി പറഞ്ഞു. പിന്നീട് പഠനത്തിലേക്ക് ശ്രദ്ധ കൊടുത്തു. ഇടവേളയ്ക്ക് ശേഷം നല്ല അവസരങ്ങളൊന്നും തേടി വന്നില്ല.
അഭിമുഖങ്ങളില്‍ എപ്പോഴും രസകരമായി സംസാരിക്കുന്നയാളാണ് ലക്ഷ്മി. താരമെന്ന ഭാവത്തോടെ ഒരിക്കലും ആരാധകര്‍ ലക്ഷ്മി മേനോനെ കണ്ടിട്ടില്ല. കരിയറും മറ്റ് കാര്യങ്ങളുമൊന്നും ഗൗരവമായെടുത്തിരുന്നില്ല. അത്രയും ചെറിയ പ്രായത്തിലാണ് നടി അഭിനയ രംഗത്തേക്ക് വന്നത്. ഒന്ന് നന്നാകൂ എന്നാണ് അമ്മ ഇപ്പോള്‍ തന്നോട് പറയാറെന്ന് ഒരിക്കല്‍ ലക്ഷ്മി പറഞ്ഞു. ഇപ്പോള്‍ വന്നിരിക്കുന്ന വാര്‍ത്ത ലക്ഷ്മി മേനോന്റെ തമിഴ് ആരാധകര്‍ക്ക് വലിയ ഞെട്ടലായിരിക്കും. സിനിമയില്‍ കാണുന്നത് പോലെ ഗ്രാമീണ പെണ്‍കുട്ടിയാണ് ലക്ഷ്മി മേനോന് എന്നാണ് പല ആരാധകരുടെയും ധാരണ. എന്നാല്‍ ഈ ഇമേജാണ് ലക്ഷ്മിയുടെ കരിയറില്‍ ഏറ്റവും വലിയ വിനയാതത്.
സുന്ദരപാണ്ഡ്യന്‍, കൊമ്ബന്, പാണ്ഡ്യനാട് തുടങ്ങിയ സിനിമകളിലെല്ലാം ലക്ഷ്മിക്ക് ലഭിച്ചത് ഒരേ ലുക്കിലുള്ള കഥാപാത്രങ്ങളാണ്. വ്യത്യസ്തമായ റോളുകള്‍ ചെയ്യാനുള്ള അവസരം ലക്ഷ്മി മേനോനുണ്ടായില്ല. ലൈം ലൈറ്റില്‍ സജീവമായി നില്‍ക്കാനുള്ള ശ്രമങ്ങളും ലക്ഷ്മി മേനോന്റെ ഭാഗത്ത് നിന്നുണ്ടായില്ല. പിആര്‍ വര്‍ക്കുകളും ഫോട്ടോഷൂട്ടുമെല്ലാം ഇന്ന് നടിമാര്‍ക്ക് അനിവാര്യമാണ്. എന്നാല്‍ ലക്ഷ്മി മേനോന് ഇതിനോടൊന്നും വലിയ താല്പര്യം കാണിച്ചില്ല. സിനിമാ രംഗത്ത് മുന്‍നിര സ്ഥാനം പോയതില്‍ നടിക്ക് നിരാശയില്ലെന്നും അഭിമുഖങ്ങളില്‍ നിന്ന് വ്യക്തമാണ്.






