ഓട്ടോറിക്ഷാക്കൂലി തര്‍ക്കം: കളമശേരിയില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, രണ്ടു പേര്‍ പിടിയില്‍

കൊച്ചി: കളമശ്ശേരിയില്‍ കത്തിക്കുത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കളമശ്ശേരി സുന്ദരഗിരിക്കു സമീപം ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് ആക്രമണം ഉണ്ടായത്. ഞാറയ്ക്കല്‍ നികത്തിത്തറ വീട്ടില്‍ വിനോദിന്റെ മകന്‍ വിവേക് (25) ആണ് കൊല്ലപ്പെട്ടത്. സാമ്പത്തിക തര്‍ക്കമാണ് കാരണം.
ആക്രമണം നടത്തിയ രണ്ടുപേരും പിടിയിലായിട്ടുണ്ട്. തോപ്പുംപടി സ്വദേശികളായ സനോജും പ്രസാദുമാണ് പിടിയിലായത്. മൂവരും കളമശേരിയില്‍ വാടകയ്ക്കു താമസിക്കുന്നവരാണ്. ഓട്ടോറിക്ഷാക്കൂലി കൊടുക്കാത്തതിലുള്ള തര്‍ക്കമാണ് ആക്രമണത്തിനു കാരണമെന്നു പറയുന്നു. ഇന്നലെ വൈകിട്ട് 2 പേര്‍ വിവേകിന്റെ വീട്ടിലേക്ക് എത്തുകയും പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ച് തിരികെ പോയിരുന്നു.
പിന്നീട് രാത്രി പതിനൊന്നരയോടെ ഇവര്‍ വീട്ടിലെത്തി വിവേകിനെ വിളിച്ചിറക്കി സംസാരിച്ചു. അതിനിടെയാണ് കൂട്ടത്തിലൊരാള്‍ കത്തിയെടുത്ത് കുത്തുകയായിരുന്നു. യുവാവിന്റെ നെഞ്ചിലാണ് കുത്തേറ്റത്. രണ്ട് പേര്‍ ഉടനെ ഓടിരക്ഷപ്പെടുകയും ചെയ്തു. നിലവിളി കേട്ടെത്തിയ മാതാപിതാക്കളാണ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ പുലര്‍ച്ചെ ഒരു മണിയോടെയാണ് വിവേക് മരിച്ചത്.






