ലൈംഗിക താല്പര്യക്കുറവ് ആണോ പ്രശ്നം? അറിഞ്ഞിരിക്കണം ഈ 5 കാര്യങ്ങള്‍

ലൈംഗികതയ്ക്ക് പ്രാധാന്യം നല്കുന്ന വ്യക്തിയാണോ നിങ്ങള്‍? എന്നാല്‍ പലപ്പോഴും പങ്കാളിയുടെ ലൈംഗിക താല്പര്യക്കുറവ് ദാമ്പത്യത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാക്കിയേക്കാം. സംതൃപ്തമായ ലൈംഗിക ജീവിതത്തെയും കുടുംബജീവിതത്തെയുമെല്ലാം ഇത് പലപ്പോഴും ബാധിക്കാറുണ്ട്. അതിന്റെ പ്രധാന കാരണങ്ങളില്‍ ചിലതാണ് താഴെ പറയുന്നത്.
1. ഹോര്‍മോണ്‍ അസന്തുലനം
പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റെറോണിന്റെ തോതില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ ലൈംഗിക താല്പര്യക്കുറവിലേക്ക് നയിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വൃഷണങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത ഹൈപോഗൊണാഡിസം എന്ന രോഗം ടെസ്റ്റോസ്റ്റെറോണ്‍ ഉത്പാദനം കുറയ്ക്കും.
2. സമ്മര്‍ദം
മാനസികവും ശാരീരികവുമായ സമ്മര്‍ദവും ടെസ്റ്റോസ്റ്റെറോണിന്റെ തോത് കുറയ്ക്കാറുണ്ട്. ഇതും ലൈംഗിക ചോദന നഷ്ടപ്പെടാന്‍ ഇടയാക്കും. സമ്മര്‍ദം കുറഞ്ഞിരിക്കുന്നതാണ് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് ഏറ്റവും നല്ലത്.
3. മരുന്നുകള്‍
വിഷാദത്തിനും രക്തസമ്മര്‍ദത്തിനുമൊക്കെ കഴിക്കുന്ന ചില മരുന്നുകള്‍ ലൈംഗിക താല്പര്യം കുറയ്ക്കാറുണ്ട്. റേഡിയേഷന് ചികിത്സയും കീമോതെറാപ്പിയുമൊക്കെ ചെയ്യേണ്ടി വരുന്ന പുരുഷന്മാര്ക്കും കായിക താരങ്ങളെ പോലെ അനാബോളിക് സ്റ്റിറോയ്ഡ് എടുക്കുന്നവര്‍ക്കും ലൈംഗിക ചോദന കുറവായിരിക്കും. ആരോഗ്യത്തിലെ മാറ്റങ്ങള്‍ അനുസരിച്ച് ഒരു വ്യക്തിക്ക് ലൈംഗിതയില്‍ താല്പര്യമോ താല്പര്യക്കുറവോ അനുഭവപ്പെടാം. ഇത്തരം സാഹചര്യങ്ങളില്‍ പങ്കാളികള്‍ തമ്മില്‍ മനസ്സിലാക്കുന്നതും തുറന്ന സംഭാഷണങ്ങളും സഹായകമാകും.
4. മോശം ജീവിതശൈലി
മോശം ഭക്ഷണക്രമം, വ്യായാമമില്ലാത്ത അലസ ജീവിതശൈലി, പുകവലി, അമിതമദ്യപാനം, ലഹരി മരുന്ന് ഉപയോഗം എന്നിവയെല്ലാം ലൈംഗിക ചോദന ഇല്ലാതാക്കും. ശരിയായ ഉറക്കവും വിശ്രമവും ഇല്ലാത്ത അവസ്ഥയും ലൈംഗിക താല്പര്യം കുറയ്ക്കാം. ചുരുക്കിപ്പറഞ്ഞാല്‍ നല്ല ജീവിതശൈലി ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് മാത്രമല്ല ലൈംഗിതയ്ക്കും മികച്ചതാണ്.
5. പങ്കാളിയുമായുള്ള പ്രശ്നങ്ങള്‍
പങ്കാളിയുമായുള്ള വഴക്കും പിണക്കവും ആശയവിനിമയത്തിലെ പ്രശ്നങ്ങളുമെല്ലാം രണ്ടു പേര്‍ക്കും ഇടയിലെ മാനസിക അടുപ്പം കുറയ്ക്കും. ഇതും ലൈംഗിക താല്പര്യം കുറയ്ക്കാം. ആശയവിനിമയം എത്രത്തോളം മെച്ചപ്പെടുന്നുവോ, അത്രയും പ്രശ്നങ്ങള്‍ ഒഴിവാകും. ഡാര്‍ക് ചേക്ലേറ്റ്, ബദാം, പഴങ്ങള്‍, ഇലക്കറികളും പച്ചക്കറികളുമെല്ലാം ലൈംഗികചോദന ഉണര്‍ത്താന്‍ സഹായിക്കുന്നവയാണ്. സമ്മര്‍ദം കുറയ്ക്കുന്നതും വ്യായാമവും നല്ല ഭക്ഷണക്രമവും ഉള്‍പ്പെടെയുള്ള സജീവ ജീവിതശൈലിയും ലൈംഗിക ആരോഗ്യത്തെ മെച്ചപ്പെടുത്തും.






