പ്രായമായ അമ്മയെ ഉപേക്ഷിക്കണമെന്ന് ഭര്‍ത്താവ്; ഭര്‍ത്താവിനെ ഉപേക്ഷിച്ച് അമ്മയോടൊപ്പം വൃദ്ധസദനത്തിലെത്തിയ നടി! ഇത് കൊല്ലം തുളസി പറഞ്ഞ കഥയിലെ ലൗലി

കൊല്ലം: വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ പ്രയാസപ്പെടുന്ന അമ്മയെ ഉപേക്ഷിക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചപ്പോള്‍, ഭര്‍ത്താവിനെ ഉപേക്ഷിച്ച് അമ്മയെ ചേര്‍ത്തുപിടിച്ച് കലാകാരിയും നടിയുമായ ലൗലി ബാബു. തന്റെ ജീവിതം തന്നെ മാറ്റിവെച്ചാണ് പത്തനാപുരം ഗാന്ധിഭവനില്‍ അമ്മയ്ക്ക് കൂട്ടായി മകളെത്തിയത്. നടന്‍ കൊല്ലം തുളസിയുടെ വാക്കുകളിലൂടെയാണ് ലൗലിയുടെ കഥ ലോകമറിയുന്നത്.
ചേര്‍ത്തല എസ്.എല്‍. പുരം കുറുപ്പ് പറമ്പില്‍ കുഞ്ഞമ്മ പോത്തനു(98)മായി മകള്‍ ഗാന്ധിഭവനില്‍ എത്തിയത് 2024 ജൂലൈ 16 നായിരുന്നു. 18 വയസ്സുമുതല്‍ നാടകാഭിനയം ജീവിതത്തിന്റെ ഭാഗമായി കൊണ്ടു നടന്ന ലൗലി, അമ്പതോളം നാടകങ്ങളിലും സീരിയലുകളിലും സിനിമകളിലും അഭിനയിച്ചു. ലൗലിയുടെ ഭര്‍ത്താവിന്, കുഞ്ഞമ്മയെ ഇഷ്ടമല്ലായിരുന്നു. തനിക്കൊപ്പം കഴിയണമെങ്കില്‍ അമ്മയെ ഉപേക്ഷിച്ചു വരാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍, ഏകമകളായ ലൗലി അമ്മയെ ഉപേക്ഷിച്ച് ഒരു ജീവിതം വേണ്ടെന്നു വച്ചു. അങ്ങനെയാണ് ഗാന്ധിഭവനില്‍ അഭയം തേടിയത്.
ഭര്‍ത്താവിന്റെ വാശിക്ക് മുന്‍പില്‍ നാടകവും സിനിമയുമൊക്കെ ലൗലി ഉപേക്ഷിച്ചിരുന്നു. ദ ഗിഫ്റ്റ് ഓഫ് ഗോഡ് ആണ് ലൗലി ആദ്യം അഭിനയിച്ച സിനിമ. നാല് പെണ്ണുങ്ങള്‍, ഭാഗ്യദേവത, മേരിക്കുണ്ടൊരു കുഞ്ഞാട്, തന്മാത്ര, പുതിയ മുഖം, പ്രണയം, വെനീസിലെ വ്യാപാരി തുടങ്ങിയ സിനിമകളിലും അമ്പതോളം നാടകങ്ങളിലും സീരിയലുകളിലും ലൗലി ബാബു വേഷമിട്ടിട്ടുണ്ട്.
‘മക്കളെയും കൊച്ചു മക്കളെയും പൊന്നുപോലെ വളര്‍ത്തി. വലുതായപ്പോള്‍ അവര്‍ ഭര്‍ത്താവിന്റെ വാക്കുകള്‍ക്ക് മൗന സമ്മതം മൂളി. ഇപ്പോള്‍ ഞാനും അമ്മയും ഇവിടെ ഇങ്ങനെ കഴിയുന്നു’ -ഓര്‍മകള്‍ അയവിറക്കുമ്പോള്‍ ലൗലിയുടെ വാക്കുകള്‍ ഇടമുറിഞ്ഞു. എല്ലാവര്‍ക്കും വാര്‍ധക്യം ഉണ്ടെന്ന് ഓര്‍മിപ്പിക്കുമ്പോള്‍, തിരശീലക്ക് പിന്നില്‍ അവര്‍ ജീവിതത്തോട് പോരാടുകയാണവര്‍.
ഭാര്യയും മക്കളും തന്നെ ഉപേക്ഷിച്ചുവെന്നും അവരാല്‍ തിരസ്‌കരിക്കപ്പെട്ട് ഒറ്റപ്പെട്ടു പോയപ്പോള്‍ ഗാന്ധി ഭവനില്‍ അഭയം തേടിയിരുന്നുവെന്ന് പറയുന്ന കൊല്ലം തുളസി, ലൗലി ബാബുവിന്റെ മാതൃകയും പുതു തലമുറയ്ക്ക് പറഞ്ഞു കൊടുക്കുകയാണ്. തന്റെ മകളിന്ന് ഓസ്ട്രേലിയയിലാണെന്നും ഒരു ഫോണ്‍ പോലും വിളിക്കില്ലെന്നും നടന്‍ വേദനയോടെ പറഞ്ഞു. ഗാന്ധിഭവനിലെ പരിപാടിയിലായിരുന്നു ഈ പരാമര്‍ശങ്ങള്‍.






