ഐശ്വര്യയുടെ നായകനാവാന്‍ പലരും വിസമ്മതിച്ചത് ഈ കാരണം കൊണ്ട്, പക്ഷെ മമ്മൂട്ടി അത് കാര്യമാക്കിയില്ല

കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന 2000ല്‍ പുറത്തിറങ്ങിയ രാജീവ് മേനോന് സംവിധാനം ചെയ്ത റൊമാന്റിക് മ്യൂസിക്കല്‍ ഡ്രാമ, തമിഴ് സിനിമയിലെ മോഡേണ്‍ ക്ലാസ്സിക്കുകളില്‍ ഒന്നാണ്. മമ്മൂട്ടി, ഐശ്വര്യ റായ്, തബു, അജിത് കുമാര്‍, അബ്ബാസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ സിനിമ, ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. ഒപ്പം, എ ആര് റഹ്മാന് ചിട്ടപ്പെടുത്തിയ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനിലെ ഗാനങ്ങളും, ഇന്നും ഏറെ പ്രശസ്തമാണ്. അടുത്തിടെ, സംവിധായകന് രാജീവ് മേനോന്, ക്ലാസിക് ചിത്രത്തിന്റെ കാസ്റ്റിംഗ് കഥകള്‍ വെളിപ്പെടുത്തിയിരുന്നു.
പ്രശസ്ത മാധ്യമപ്രവര്ത്തകന് സുധീര്‍ ശ്രീനിവാസന് നല്കിയ അഭിമുഖത്തില്‍, താന്‍ ഏറ്റവും ബുദ്ധിമുട്ടിയത് മമ്മൂട്ടി അവതരിപ്പിച്ച മേജര്‍ ബാല എന്ന കഥാപാത്രത്തിന്റെ കാസ്റ്റിംഗിനാണ് എന്നാണ് സീനിയര്‍ ഛായാഗ്രാഹകന്‍ കൂടിയായ സംവിധായകന് പറഞ്ഞത്. കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ കാസ്റ്റിംഗ് നടക്കുമ്പോള്‍, ബാല ആയി അഭിനയിക്കാന്‍ പല പ്രമുഖ താരങ്ങളെയും താന്‍ സമീപിച്ചിരുന്നുവെന്നും രാജീവ് മേനോന് വെളിപ്പെടുത്തി. ഏറ്റവും അവസാനമാണ് മമ്മൂട്ടിയിലേക്ക് എത്തിയത്.
ഐശ്വര്യ റായ് അവതരിപ്പിച്ച മീനാക്ഷിയെ മാറി നിന്ന് സ്നേഹിക്കുന്ന മേജര്‍ ബാല, ഇന്ന് ഏറെ ആരാധകരുള്ള കഥാപാത്രമാണ്. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും നായികയ്ക്ക് താങ്ങായി നില്ക്കുന്ന മെഗാസ്റ്റാറിന്റെ കഥാപാത്രത്തെ ഇന്ന് സോഷ്യല്‍ മീഡിയ വിളിക്കുന്നത് ‘ഗ്രീന്‍ ഫ്ലാഗ്’ നായകന് എന്നാണ്. പക്ഷെ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ കാസ്റ്റിംഗ് നടക്കുമ്പോള്‍, മിക്ക നായകന്മാര്ക്കും മേജര്‍ ബാല എന്ന കഥാപാത്രത്തെ ഇഷ്ടപ്പെട്ടിരുന്നില്ല.
‘ആ കഥാപാത്രത്തിന്റെ സൗന്ദര്യം എന്ന് പറയുന്നത് – അയാള്‍ ഒരു കള്ളുകുടിയനാണ്, ഒരു കാല് നഷ്ടപ്പെട്ട പട്ടാളക്കാരനാണ്. പക്ഷെ ആ ഒരു കാരണം പറഞ്ഞാണ് അന്നത്തെ ചില പ്രമുഖ നായകന്മാര് ആ റോള്‍ ഒഴിവാക്കിയത്. ഒരു കാലില്ലാത്ത ആളായി അഭിനയിക്കാന്‍ താത്പര്യമില്ല എന്ന് തുറന്നു പറഞ്ഞവരുണ്ട്. പക്ഷെ മമ്മൂട്ടി ഒരിക്കല്‍ പോലും അതൊന്നും കാര്യമാക്കിയതേയില്ല,’ രാജീവ് മേനോന് വെളിപ്പെടുത്തി.
‘വലതു കാല് യുദ്ധത്തില്‍ നഷ്ടപ്പെട്ട പട്ടാളക്കാരനാണ് മേജര്‍ ബാല. അത് കൊണ്ട് നടക്കുമ്പോള്‍ വലതു ഭാഗത്തേക്കാണ് ചേരിയേണ്ടത് എന്ന് മമ്മൂട്ടി ആദ്യം തീരുമാനിച്ചിരുന്നു. പക്ഷെ ചിലപ്പോള്‍ ഷൂട്ടിങ്ങിന് ഇടയ്ക്ക് ചിലപ്പോഴൊക്കെ അദ്ദേഹം അത് മറന്നു പോവും. ഒരു ദിവസം നോക്കുമ്പോഴുണ്ട്, അദ്ദേഹം ഇടത് ഭാഗത്തേക്ക് ചെരിഞ്ഞ് നടക്കുകയാണ്. എന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ അത് പറയണോ വേണ്ടയോ എന്ന് കണ്ഫ്യൂഷനില് ആയിപ്പോയി. പിന്നെ അദ്ദേഹം ചോദിക്കും, ‘ഞാന്‍ വലത് ഭാഗത്തേക്കാണോ, ഇടത് ഭാഗത്തേക്കാണോ ഞൊണ്ടേണ്ടത്,’ എന്ന്. അത് ആ സമയത്ത് സെറ്റിലെ വലിയ തമാശകളില്‍ ഒന്നായിരുന്നു,’ സീനിയര്‍ സംവിധായകന് ഓര്‍ത്തെടുത്തു.






