ആദ്യ ചിത്രത്തിന് ശമ്പളം പത്ത് രൂപ! പിന്നീട് കമലിന്റെയും രജനിയുടെയും നായികയായ നടിയെ അറിയുമോ?

‘ഇന്ത്യന്‍ സിനിമയിലെ ഏറ്റവും സുന്ദരമായ മുഖം’ എന്ന് സത്യജിത് റേ വാഴ്ത്തിയ അഭിനേത്രി. എഴുപതുകളിലും എണ്‍പതുകളിലും തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലെ ഏറ്റവും ഹിറ്റ് നായിക. അതിസ്വാഭാവികമായ അഭിനയം. അസമാന്യമായ നൃത്തപാടവം. അതിശയിപ്പിക്കുന്ന സൗന്ദര്യം. ജയപ്രദ വെള്ളിത്തിരയുടെ അനുഗ്രഹമാണ്.
പതിനാലാം വയസ്സില്‍ തെലുഗ് ചിത്രമായ ഭൂമി കോസത്തില്‍ മൂന്ന് മിനുട്ട് നൃത്തരംഗത്തില്‍ അഭിനയിച്ചാണ് ജയപ്രദയുടെ അരങ്ങേറ്റം. ആ നൃത്തത്തിന് 10 രൂപയാണ് പ്രതിഫലം കിട്ടിയത്. പിന്നീടങ്ങോട്ട് തെലുഗുവില്‍ ജയപ്രദയില്ലാത്ത സിനിമയില്ല എന്ന സ്ഥിതിയായി. തൊട്ടതെല്ലാം പൊന്നാക്കി. ഹിറ്റുകളുടെ വന്‍നിരയായി. എന്‍.ടി.ആറുമായുള്ള ജോഡി തെലുങ്കുദേശം നെഞ്ചേറ്റി. എന്നാല്‍, ജയപ്രദയ്ക്ക് ആദ്യം അഭിനയിക്കാന്‍ താല്‍പ്പര്യമില്ലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഡോക്ടറാകണമെന്നായിരുന്നു അവരുടെ ആഗ്രഹം.
അടുത്തത് കന്നഡ സിനിമയുടെ ഊഴമായിരുന്നു. അവിടെ രാജ്കുമാറുമായും ജയപ്രദ സൂപ്പര്‍ ഹിറ്റ് ജോടിയൊരുക്കി. തമിഴിലും ഹിന്ദിയിലും അവര്‍ വെന്നിക്കൊടി പാറിച്ചു. അമിതാഭിന്റെ വിജയനായികയായി മാറി. ജിതേന്ദ്രയും കമലഹാസനും രജനീകാന്തും അവരുടെ നായകന്മാരായി.
തൊണ്ണൂറുകളുടെ പകുതിയോടെ ജയപ്രദ സിനിമയില്‍ നിന്നും അകലാന്‍ തുടങ്ങി. അവരുടെ മുഖ്യ തട്ടകം രാഷ്ട്രീയമായി മാറി.
തെലുങ്ക് ദേശം പാര്‍ട്ടിയില്‍ നിന്നായിരുന്നു തുടക്കം. പിന്നീട് സമാജ്വാദി പാര്‍ട്ടിയിലേക്ക് ചേക്കേറി. അവിടെയും നിലയുറപ്പിക്കാതെ രാഷ്ട്രീയ ലോക്ദള്‍ പാര്‍ട്ടിയിലേക്ക്. 2019 മുതല്‍ ബി.ജെ.പി യുടെ ഭാഗമാണ് ജയപ്രദ. ഇതിനിടെ രാജ്യസഭയിലും ലോക്സഭയിലും അംഗമായിട്ടുണ്ട്.
സംഗീതത്തിന്റെ രാജാവായ നിഖില്‍ മഹേശ്വരന് ഗാനങ്ങളൊരുക്കിയത് ജയപ്രദയുടെ അലീനയ്ക്കായാണ്. ആ സിനിമയുടെ സംഗീതം പോലെ വശ്യമാണ് ജയപ്രദയുടെ സ്ക്രീനിലെ സാന്നിധ്യം. ഒരുപക്ഷെ ജയപ്രദയ്ക്ക് പകരം മറ്റേതെങ്കിലും നടിയാണ് ആഞ്ജലീന ഇഗ്നേഷ്യസ് എന്ന റോള്‍ ചെയ്തിരുന്നതെങ്കില്‍ ആസ്വാദകന് ഇത്ര നൊമ്പരമുണ്ടാകില്ലായിരുന്നു. ജയപ്രദയുടെ അലീന കാത്തിരിക്കുമ്പോള്‍ പ്രേക്ഷകന് ഒരിക്കലും കണ്ടിട്ടില്ലാത്ത നിഖില്‍ മഹേശ്വരനോട് ആദരവ് തോന്നിപ്പോകുന്നു. ‘ദേവദൂതന്’ സിനിമയുടെ ആത്മാവ് സംഗീതമാണെങ്കില്‍ അതിന്റെ ജീവന് ജയപ്രദയായിരുന്നു.
ജോഷിയുടെ ‘ഇനിയും കഥ തുടരും’ (1985) എന്ന ചിത്രത്തിലെ നിമ്മിയായിട്ടാണ് ജയപ്രദ ആദ്യമായി മലയാളസിനിമയിലെത്തുന്നത്. മമ്മൂട്ടിയും അംബികയും തിലകനും ബേബി ശാലിനിയുമായിരുന്നു സിനിമയിലെ മറ്റ് അഭിനേതാക്കള്‍. ആദ്യ മലയാളസിനിമയില്‍ ആത്മഹത്യ ചെയ്യുന്ന നായികയുടെ റോളാണ് ജയപ്രദയ്ക്ക് കിട്ടിയത്. സിനിമയും സിനിമയിലെ നായികയും ശ്രദ്ധിക്കപ്പെട്ടു.
പിന്നെ ‘ദേവദൂതനി’ലൂടെ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് മടക്കം. ബോക്സ് ഓഫീസില്‍ ദേവദൂതന് തകര്‍ന്നടിഞ്ഞു. പക്ഷേ ടെലിവിഷനിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ സിനിമയുടെ ഓരോ രംഗവും ആസ്വാദകഹൃദയങ്ങളിലേക്കിറങ്ങി. കാലം തെറ്റിയിറങ്ങിയ ക്ലാസിക്കിനെ കൈനീട്ടി സ്വീകരിക്കാത്തതില്‍ മലയാളി പശ്ചാത്താപിച്ചു. ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം റീറിലീസ് ചെയ്ത സിനിമയെ വിജയമാക്കിയിട്ടാണ് മലയാളി തന്റെ കുറ്റബോധത്തിന് പരിഹാരം കണ്ടത്.
2004-ല്‍ ‘ഈ സ്നേഹതീരത്ത്’ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ അമ്മയായി ജയപ്രദ അഭിനയിച്ചു. ഏഴു വര്‍ഷത്തിന് ശേഷം ബ്ലെസ്സി ചിത്രമായ പ്രണയത്തില്‍ മോഹന്‍ലാലിനൊപ്പം ഒരിക്കല്‍ക്കൂടി ജയപ്രദയെ മലയാളി കണ്ടു. നിരൂപകപ്രശംസയും വാണിജ്യവിജയവും ഒരുപോലെ നേടിയ ചിത്രത്തിലെ ഗ്രേസ് എന്ന കഥാപാത്രം ജയപ്രദയുടെ അഭിനയജീവിതത്തില്‍ അമൂല്യശേഖരമായി.
മലയാളത്തില്‍ ‘കിണര്‍’ എന്നും തമിഴില്‍ ‘കെനി’ എന്ന പേരിലും എം.എ. നിഷാദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജയപ്രദയും രേവതിയുമാണ് പ്രധാനവേഷത്തിലെത്തിയത്. രണ്ടുഭാഷയിലും ചിത്രം പരാജയപ്പെട്ടു. 2023-ല്‍ പുറത്തുവന്ന ഹനീഫ് അദീനിയുടെ നിവിന്‍ പോളി ചിത്രത്തിലാണ് ജയപ്രദ അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്.






