‘സേവ് നിമിഷ പ്രിയ’: നിമിഷ പ്രിയയ്ക്കായി പണപ്പിരിവ് ; പ്രചാരണത്തില്‍ വ്യക്തത വരുത്തി വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സായ നിമിഷ പ്രിയയ്ക്കായി സാമ്പത്തിക സംഭാവനകള്‍ ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ വ്യാജമാണെന്ന് വിദേശ കാര്യമന്ത്രാലം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് ടീമിന്റെ എക്സ് ഹാന്‍ഡിലില്‍ ഒരു എക്സ് ഉപയോക്താവ് പങ്കുവെച്ച പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ടും ഇതോടൊപ്പമുണ്ട്.
ഓഗസ്റ്റ് 19 ന് സേവ് നിമിഷ പ്രിയ എന്ന് എഴുതി, ബാങ്ക് ഇടപാട് വിശദാംശങ്ങളുള്‍പ്പെടുത്തിയ പോസ്റ്റര്‍ പ്രത്യക്ഷപ്പെടുത്തിയിരുന്നു. നിമിഷപ്രിയയുടെ കേസില്‍ സാധ്യമായ എല്ലാ സഹായവും നല്‍കുന്നത് തുടരുമെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. കേസില്‍ പരിഹാരം കാണാനുള്ള ശ്രമങ്ങളുടെ ഭാഗമായി വേണ്ട ഇടപെടല്‍ നടത്തുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
2017 ജൂലൈയിലാണ് യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് സ്വദേശിനിയായ നിമിഷ പ്രിയയെ കുറ്റക്കാരിയായി ശിക്ഷിക്കുന്നത്. 2025 ജൂലൈ 16 വധശിക്ഷ നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു. ഇറാന് പിന്തുണയുള്ള ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമന്‍ തലസ്ഥാനമായ സനയിലെ ജയിലിലാണ് നിമിഷപ്രിയ ഇപ്പോഴുള്ളത്.






