ആലുവയില്‍ ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വധശിക്ഷയ്ക്ക് വിധിച്ച പ്രതിക്ക് ജയിലില്‍ മര്‍ദനം

തൃശൂര്‍: ആലുവയില്‍ 5 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വിയ്യൂര്‍ ജയിലില്‍ മര്‍ദനം. ബിഹാര്‍ സ്വദേശി അസഫാക് ആലത്തിനാണ് (30) മര്‍ദനമേറ്റത്. ഇന്നലെ സഹതടവുകാരനുമായാണ് അസഫാക് അടിയുണ്ടാക്കിയത്. സഹതടവുകാരന്‍ രഹിലാല്‍ സ്പൂണ്‍ ഉപയോഗിച്ച് തലയില്‍ അടിച്ചതിനെ തുടര്‍ന്ന് പരുക്കേറ്റ അസഫാക്കിനെ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം സെല്ലിലടച്ചു. തലയില്‍ തുന്നലിടേണ്ടിവന്നു. അസഫാക് ആലത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഇരുവരെയും ജയില്‍ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.
ആലുവയില്‍ അതിഥിതൊഴിലാളി കുടുംബത്തിലെ 5 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ അസഫാക് ആലത്തിനെ (30) മരണംവരെ തൂക്കിലേറ്റാന്‍ വിചാരണക്കോടതി വിധിച്ചിരുന്നു. 3 പോക്‌സോ കുറ്റങ്ങളില്‍ 5 ജീവപര്യന്തവും വിധിച്ചു. ഇതനുസരിച്ച് ജീവിതാവസാനംവരെ ജയിലില്‍ കഴിയണം. 2023 ജൂലൈ 28 നാണു കുറ്റകൃത്യം നടന്നത്. അന്നു രാത്രി തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു റെക്കോര്‍ഡ് വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. അതീവ ഗൗരവമുള്ള കേസായി പരിഗണിച്ച് അതിവേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കുകയായിരുന്നു. അസഫാക് ആലം മാത്രമാണ് കേസിലെ പ്രതി.
കുഞ്ഞിനെ അസഫാക് ആലം വിളിച്ചുകൊണ്ടുപോയി ക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. ജൂലൈ 29 ന് രാവിലെ ആലുവ മാര്‍ക്കറ്റ് പരിസരത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലഹരിക്കടിമയായ പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ജൂസ് വാങ്ങി നല്‍കിയ ശേഷമാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്.






