Breaking NewsKerala

ഉന്നയിച്ചിരിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണം ; പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ മുഹമ്മദ് ഷെര്‍ഷാദിനെതിരേ നിയമനടപടിയുമായി മുമ്പോട്ട് പോകും ; വെറുതേ വിടാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തോമസ് ഐസക്

തിരുവനന്തപുരം: ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ വ്യവസായി മുഹമ്മദ് ഷെര്‍ഷാദിനെതിരേ നിയമനടപടിയുമായി മുമ്പോട്ട് പോകുമെന്ന് മുന്‍മന്ത്രി ഡോ. തോമസ് ഐസക്. അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നതെന്നും വെറുതെ വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും പറഞ്ഞു. വ്യവസായി രാജേഷ് കൃഷ്ണയെ അറിയാമെന്ന് വ്യക്തമാക്കിയ തോമസ് ഐസക് ഗൂഡാലോചനയുണ്ടോ എന്ന ചോദയത്തിന് തനിക്ക് വേറെ പണിയൊന്നുമില്ലേയെന്ന് ചോദിക്കുകയും ചെയ്തു.

ഷെര്‍ഷാദിനെ മാന്യന്‍ എന്ന് പരിഹസിച്ച തോമസ് ഐസക് ഇയാള്‍ക്കെതിരേ മൂന്ന് കോടതിവിധികള്‍ ഉണ്ടെന്നും അതിന്റെ ഉള്ളടക്കത്തിലേക്ക് പോകുന്നില്ലെന്നും പഞ്ഞു. ആരോപണം ഉന്നയിച്ചയാള്‍ തന്നെ ഫേസ്ബുക്കില്‍ ഇട്ട കത്താണ്. അത് ഇനിയെങ്ങിനെയാണ് ചോരുന്നതെന്നും ചോദിച്ചു. വ്യവസായി മുഹമ്മദ് ഷര്‍ഷാദ് സിപിഐഎം യുകെ ഘടകം ഭാരവാഹിയും വ്യവസായിയുമായ രാജേഷ് കൃഷ്ണക്കെതിരെ 2022 ല്‍
പോളിറ്റ് ബ്യൂറോയ്ക്ക് നല്‍കി കത്തിന്റെ പകര്‍പ്പായിരുന്നു പുറത്തുവന്നത്. ഇതില്‍ നേതാക്കള്‍ക്കെതിരായ ആരോപണങ്ങളും ഉണ്ടായിരുന്നു.

Signature-ad

ഈ കത്ത് ചോര്‍ന്നെന്നാണ് ആരോപണം. മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ വിദേശ പ്രതിനിധിയായി രാജേഷ് കൃഷ്ണയെ ഉള്‍പ്പെടുത്തിയതിനെതിരെ ഷെര്‍ഷാദ് പരാതി നല്‍കിയിരുന്നു. ഷെര്‍ഷാദ് സിപിഐഎം നേതൃത്വത്തിന് നല്‍കിയ കത്ത് കോടതിയില്‍ ഒരു രേഖയായി വന്നതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. പ്രതിനിധി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയത് വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടി രാജേഷ് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മാനനഷ്ടക്കേസിലായിരുന്നു പരാതി രേഖയായി സമര്‍പ്പിച്ചത്.

പൊളിറ്റ് ബ്യൂറോയ്ക്കും കേന്ദ്ര കമ്മിറ്റിക്കും നല്‍കിയ പരാതി രാജേഷ് കൃഷ്ണയ്ക്ക് ചോര്‍ത്തി നല്‍കിയത് എം വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്താണെന്ന ആരോപണവുമായി ഷെര്‍ഷാദ് രംഗത്തെത്തിയിരുന്നു. എം വി ഗോവിന്ദനും മകനുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഇയാള്‍ ഉന്നയിച്ചത്. രാജേഷ് കൃഷ്ണ കടലാസ് കമ്പനി ഉണ്ടാക്കി കേരളത്തിലെ സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പണം തട്ടിയെന്നതടക്കമുള്ള ആരോപണങ്ങള്‍ ഇയാള്‍ ഉന്നയിച്ചിരുന്നു. ശ്യാംജിത്തുമായി ചേര്‍ന്ന് രാജേഷ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും ഷെര്‍ഷാദ് പറഞ്ഞിരുന്നു.

Back to top button
error: