മലയാളി പെണ്‍കുട്ടികള്‍ എപ്പോഴും മുല്ലപ്പൂ ചൂടുകയും ഭരതനാട്യം കളിക്കുന്നതെന്നും ആരാണ് പറഞ്ഞത്? മലയാളിനടിമാരെ ‘മലയാളി പെണ്‍കുട്ടി’ യായി അഭിനയിപ്പിച്ചാല്‍ കൊള്ളത്തില്ലേ? ജാന്‍വികപൂറിനെ വിമര്‍ശിച്ച് മലയാളിനടി

ബോളിവുഡിലെ പുതിയ സിനിമ പരം സുന്ദരിയിലെ ജാന്‍വി കപൂറിന്റെ കാസ്റ്റിംഗിനെ വിമര്‍ശിച്ച മലയാള നടിയുടെ പോസ്റ്റിന് മലയാളികളുടെ പിന്തുണയേറുന്നു. മലയാളി നടി പവിത്ര മേനോന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ‘എന്തിനാണ് ഇത്ര കഷ്ടപ്പെടുന്നത്’ എന്ന തലക്കെട്ടില്‍ ഇട്ട പോസ്റ്റാണ് ആള്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്്. സിനിമയില്‍ മലയാളി പെണ്‍കുട്ടിയുടെ രൂപഘടനയെയും വിമര്‍ശിച്ചിട്ടുണ്ട്. സിനിമയില്‍ മലയാളി പെണ്‍കുട്ടിയായി ഒരു മലയാളിയെ തന്നെ അഭിനയിപ്പിക്കാതിരുന്നത് എന്താണെന്ന രൂക്ഷമായ ചോദ്യവും എറിഞ്ഞിട്ടുണ്ട്.
സിനിമയുടെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസമാണ് വന്നത്്. ഇതിന് പിന്നാലെ മലയാള നടി പവിത്രമേനോന്‍ ഗുരുതരമായ ചോദ്യങ്ങള്‍ ഉന്നയിച്ചു. പ്രധാന വിമര്‍ശനം നടിയുടെ മലയാളം ഉച്ചാരണരീതിയ്ക്കായിരുന്നു. ”ഞാന്‍ പവിത്ര മേനോന്‍ ആണ്; ഞാന്‍ ഒരു മലയാളിയാണ്, ഞാന്‍ പരമസുന്ദരിയുടെ ട്രെയിലര്‍ കണ്ടു, ഇതാണ് എനിക്ക് തോന്നുന്നത്.” എന്ന ഈ വാക്കുകളോടെയാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട വീഡിയോ തുടങ്ങിയത്. സിനിമയുടെ ട്രെയിലറില്‍ ജാന്‍വി സ്വയം പരിചയപ്പെടുത്തുന്നതായി കാണിക്കുന്ന ഒരു ക്ലിപ്പിംഗിന് ശേഷമാണ് പവിത്ര തന്റെ വിമര്‍ശനം തുടങ്ങിയിരിക്കുന്നത്്. ട്രെയിലറിലേക്ക് കടക്കുന്നതിന് മുമ്പ്, ‘ സിനിമയില്‍ ശരിയായ ഒരു മലയാളിയെ നായികയാക്കുന്നതില്‍ എന്താണ് പ്രശ്‌നം?’ ഹം കം ടാലന്റഡ് ഹോട്ടെ ഹേ ക്യാ (നമ്മള്‍ കഴിവു കുറഞ്ഞവരാണോ)? എന്ന് ചോദിക്കുന്നു.
തുടര്‍ന്ന് പ്രതികരണം ഹിന്ദിയിലാണ്. ”കേരളത്തില്‍ ഇങ്ങനെയല്ല സംഭവിക്കുന്നത്. ഞാന്‍ ഹിന്ദിയില്‍ സംസാരിക്കുന്നത് പോലെ, എനിക്ക് മലയാളം നന്നായി സംസാരിക്കാനും കഴിയും” അവര്‍ പറഞ്ഞു. ‘ഒരു ഹിന്ദി സിനിമയില്‍ ആ വേഷം ചെയ്യാന്‍ ഒരു മലയാളിയെ കണ്ടെത്തുക ഇത്ര ബുദ്ധിമുട്ടാണോ?’ എന്ന് പവിത്ര മലയാളത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു.
ബോളിവുഡിലെ സ്‌ട്രൈറ്റൈപ്പ് കാസ്റ്റിംഗ് രീതിയെ വിമര്‍ശിച്ചുകൊണ്ട് അവര്‍ പറയുന്നു, ’90 കളിലെ മലയാള സിനിമകളില്‍ പഞ്ചാബികളെ കാണിക്കേണ്ടി വന്നപ്പോള്‍ (അതിശയോക്തിപരമായി ബല്ലേ ബല്ലേ) ഞങ്ങള്‍ അത്തരം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ 2025 ആണ്. ഒരു മലയാളി എങ്ങനെ സംസാരിക്കുന്നുവെന്നും മറ്റുള്ളവരെപ്പോലെ അവര്‍ എങ്ങനെ സാധാരണക്കാരാണെന്നും എല്ലാവര്‍ക്കും അറിയാമെന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ എല്ലായിടത്തും മുല്ലപ്പൂക്കള്‍ ധരിച്ച് മോഹിനിയാട്ടം ചെയ്യാറില്ല.” എന്നും നടി പറയുന്നു. തനിക്ക് ജാന്‍വിയോട് ഒരു വെറുപ്പുമില്ലെന്നും ”പക്ഷേ എന്തിനാണ് ഇത്ര ബുദ്ധിമുട്ടുന്നത് ?” എന്നും നടി ചോദിക്കുന്നു.






