Breaking NewsCrimeLead NewsNEWS

നഴ്‌സിങ് ഹോമില്‍ നഴ്‌സ് തൂങ്ങിമരിച്ച നിലയില്‍; പീഡിപ്പിക്കപ്പെട്ടുവെന്ന് കുടുംബം, ആരോപണ നിഴലില്‍ മാനേജ്‌മെന്റ്; കാമുകന്‍ കസ്റ്റഡിയില്‍

കൊല്‍ക്കത്ത: ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ സിംഗൂരില്‍ നഴ്‌സിങ് ഹോമില്‍ നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. നഴ്‌സിങ് ഹോമിന്റെ നാലാം നിലയിലെ മുറിയില്‍ 24 കാരിയായ യുവതിയെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. നഴ്‌സിങ് ഹോമിന്റെ പ്രവര്‍ത്തനത്തിലെ ക്രമക്കേടുകള്‍ വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുക ആയിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയും സിപിഎമ്മും രംഗത്തെത്തി.

നഴ്‌സിങ് ഹോമിനെതിരെ യുവതിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിന്റെ സുതാര്യത ഉറപ്പാക്കാന്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം വിഡിയോയില്‍ പകര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേ സമയം, കുടുംബത്തിന്റെ ആരോപണം നഴ്സിങ് ഹോം മാനേജ്മെന്റ് നിഷേധിച്ചു. യുവതി ആത്മഹത്യ ചെയ്‌തെന്നാണ് മാനേജ്‌മെന്റിന്റെ ഭാഷ്യം.

Signature-ad

സംഭവം പുറത്തുവന്നതിനു പിന്നാലെ നഴ്‌സിങ് ഹോം പരിസരത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും ടയറുകള്‍ കത്തിക്കുകയും ചെയ്തതോടെ ആറ് മണിക്കൂര്‍ ഗതാഗത തടസമുണ്ടായി. ഇരയുടെ പോസ്റ്റ്മോര്‍ട്ടം നടക്കുന്ന ആശുപത്രിയിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ആശുപത്രിയില്‍ മതിയായ സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. മൃതദേഹം സൂക്ഷിച്ചിരുന്ന മോര്‍ച്ചറിയിലെ പ്രവര്‍ത്തിക്കാത്ത സിസി ടിവി ക്യാമറകളും തകര്‍ന്ന വാതിലുകളും ചൂണ്ടിക്കാട്ടി സിപിഎം നേതാവ് തീര്‍ഥങ്കര്‍ റോയ് വാര്‍ത്താസമ്മേളനം നടത്തി.

വിവാഹവുമായി ബന്ധപ്പെട്ട് കാമുകനുമായി യുവതി വഴക്കിട്ടിരുന്നുവെന്ന് വാട്‌സാപ്പ് പരിശോധിച്ചതില്‍ നിന്ന് കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. കാമുകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. വിവാഹം കഴിക്കില്ലെന്ന് താന്‍ പറഞ്ഞതിനെ തുടര്‍ന്ന് യുവതി അസ്വസ്ഥയായിരുന്നുവെന്ന് ഇയാള്‍ സ്ഥിരീകരിച്ചു. ഇരയേക്കാള്‍ പ്രായം കുറവായതാണ് വിവാഹം കഴിക്കാത്തതിന്റെ പ്രധാന കാരണമെന്നും ഇയാള്‍ പറഞ്ഞു.

Back to top button
error: