യുദ്ധം അവസാനിപ്പിക്കാന്‍ സമ്മതിക്കുമോ? അലാസ്‌കയിലെ റഷ്യ – അമേരിക്ക ഉച്ചകോടി നിര്‍ണ്ണായകമാകും ; സമ്മതിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പുടിന് ട്രംപിന്റെ ഭീഷണി

വാഷിംഗ്ടണ്‍: വെള്ളിയാഴ്ച നടക്കുന്ന ഉച്ചകോടിയ്ക്ക് ശേഷവും യുദ്ധം തുടര്‍ന്നാല്‍ റഷ്യ വിവരമറിയുമെന്ന് ഭീഷണിപ്പെടുത്തി ട്രംപ്. ഇരു രാജ്യങ്ങളും തമ്മില്‍ അലാസ്‌ക്കയില്‍ കൂടിക്കാഴ്ച നടത്താനിരിക്കുമ്പോഴാണ് റഷ്യക്ക് അന്ത്യശാസനയുമായി ട്രംപ് രംഗത്ത് വന്നത്. ഉച്ചകോടിയില്‍ ട്രംപ് റഷ്യന്‍പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനോട് യുദ്ധം അവസാനിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്.
അലാസ്‌കന്‍ ഉച്ചകോടിയില്‍ യുക്രെയ്ന്‍- റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളില്‍ നിര്‍ണായക തീരുമാനമുണ്ടാകുമെന്നാണ് എല്ലാ രാജ്യങ്ങളും പ്രതീക്ഷിക്കുന്നത്. റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനും വെടിനിര്‍ത്തല്‍ നടപ്പാക്കാനും അമേരിക്ക ആഗ്രഹിക്കുന്നതായി ഉച്ചകോടിക്ക് മുന്നോടിയായി നടന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ വെര്‍ച്വല്‍ യോഗത്തിലും ട്രംപ് വ്യക്തമാക്കി.
ഇക്കാര്യം ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ പറഞ്ഞു. അതേസമയം വെര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്ത യുക്രെയ്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കിയും യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് പറയുകയുണ്ടായി. വെടിനിര്‍ത്തല്‍ ആദ്യം വേണമെന്ന നിലപാട് സ്വീകരിച്ച സെലന്‍സ്‌കി, റഷ്യ തയ്യാറായില്ലെങ്കില്‍ ഉപരോധം ശക്തമാക്കണമെന്നും പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനായി യുക്രെയ്ന്‍ ചില പ്രദേശങ്ങള്‍ വിട്ടുകൊടുക്കേണ്ടി വരുമെന്ന സൂചനയില്‍ യൂറോപ്യന്‍ സഖ്യകക്ഷികള്‍ ആശങ്ക ഉന്നയിച്ചു.
അതേസമയം വെടിനിര്‍ത്തലിന് ട്രംപ് പിന്തുണ നല്‍കിയെന്ന് യോഗത്തിന് ശേഷം സെലന്‍സ്‌കിയും വ്യക്തമാക്കിയിരുന്നു. ഉപരോധം തങ്ങളെ ബാധിച്ചിട്ടില്ലെന്ന റഷ്യന്‍ പ്രസിഡന്റിന്റെ അഭിപ്രായം വ്യാജമാണെന്നാണ് സെലന്‍സ്‌ക്കി പറയുന്നു. ഉപരോധം റഷ്യയുടെ വിവിധമേഖലകളെ ബാധിക്കുന്നുണ്ടെന്നും സെലന്‍സ്‌കി പറഞ്ഞു. യുക്രെയ്ന്‍ പ്രദേശം കൈക്കലാക്കുന്നതിനുള്ള സമ്മര്‍ദ്ദം റഷ്യ ചെലുത്തുമെന്നും പറഞ്ഞു.






