കോടികളുടെ സ്വത്തും കോടിക്കണക്കിന് രൂപയും കൈകളിലുണ്ടായിരുന്ന ജയദേവന്‍ റെയില്‍വേട്രാക്കില്‍ മരിച്ചു കിടന്നു ; പണം എവിടെപോയെന്നും അറിയില്ല, അടുത്തസുഹൃത്ത് ആലപ്പുഴയിലെ സെബാസ്റ്റിയന്‍

ചേര്‍ത്തല: മൂന്ന് സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് സംശയിക്കുന്ന സെബാസ്റ്റിയന്‍ അടുത്ത സുഹൃത്ത് ജയദേവന്റെ കൊല്ലപ്പെട്ട കേസിലും പോലീസിന്റെ സംശയ നിഴലില്‍. തിരുനെല്ലൂര്‍ സ്വദേശി ജയദേവന്റെ മരണത്തിന് പിന്നിലും സെബാസ്റ്റിയനെ സംശയിക്കുകയാണ് പോലീസ്. 2008 ഏപ്രില്‍ ഏഴിനാണ് എഫ്സിഐ ഉദ്യോഗസ്ഥനായ ജയദേവന്‍ മരിച്ചത്.
ജയദേവനും സെബാസ്റ്റിയനും അടുത്ത സുഹൃത്തുക്കളായിരുന്നെന്ന കണ്ടെത്തലാണ് ഈ ഊഹാപോഹത്തിന് പിന്നില്‍. റെയില്‍വേ ട്രാക്കില്‍ ദുരൂഹ സാഹചര്യത്തിലായിരുന്നു ജയദേവന്റെ മൃതദേഹം കണ്ടെത്തിയത്. ജയദേവന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു സെബാസ്റ്റിയനെന്ന വെളിപ്പെടുത്തല്‍ ബന്ധു റെജിമോന്‍ നടത്തിയതാണ് പുതിയ സംശയം ഉയരാന്‍ കാരണമായിരിക്കുന്നത്.
നിലവില്‍ നാല് സ്ത്രീകളുടെ തിരോധാനവും മരണവും സംബന്ധിച്ചുള്ള കേസുകളില്‍ സെബാസ്റ്റ്യന്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോഴാണ് ജയദേവനെ കൊന്നോയെന്ന സംശയം ഉയരുന്നത്. മരിക്കുമ്പോള്‍ ചിട്ടിനടത്തിയ തുക അടക്കം കോടികള്‍ ജയദേവന്റെ കയ്യില്‍ ഉണ്ടായിരുന്നുവെന്നും കോടികളുടെ ആസ്തിയുണ്ടായിരുന്നുവെന്നും റെജി മോന്‍ പറഞ്ഞു. പണം എങ്ങോട്ട് പോയെന്നതും ദുരൂഹമാണ്. തിരുനെല്ലൂര്‍ ശ്രീ വിശാഖപുരം ക്ഷേത്ര കമ്മിറ്റി ഖജാന്‍ജിയായിരുന്നു. ക്ഷേത്രത്തിന്റെ പണം ഉള്‍പ്പടെ കൈകാര്യം ചെയ്തത് ജയദേവനായിരുന്നു എന്നും റെജിമോന്‍ പറഞ്ഞു. സെബാസ്റ്റ്യന്റെ വിവാഹം നടത്തിക്കൊടുത്തതും ജയദേവനാണെന്ന് റെജി മോന്‍ പറഞ്ഞു.
അതേസമയം സെബാസ്റ്റ്യന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയ രക്തക്കറ അതിരമ്പുഴ സ്വദേശിനി ജെയ്‌നമ്മയുടേതാണെന്ന് ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സെബാസ്റ്റ്യന്‍ പണയം വച്ചതും വിറ്റതുമായ സ്വര്‍ണാഭരണങ്ങളും ജെയ്‌നമ്മയുടേത് തന്നെയാണെന്ന് ഉറപ്പിച്ചിട്ടുണ്ട്. ജെയ്‌നമ്മയുടെ ഫോണ്‍ സിഗ്നലുകള്‍ ഏറ്റവും ഒടുവില്‍ ലഭിച്ചത് സെബാസ്റ്റ്യന്റെ വീടിന് സമീപത്തുനിന്നായിരുന്നു. ഇതും സെബാസ്റ്റ്യനിലേക്ക് വിരല്‍ ചൂണ്ടുന്ന നിര്‍ണായക തെളിവായി. ഈ ഫോണ്‍ സെബാസ്റ്റ്യന്‍ ഉപയോഗിച്ചതിന്റെയും സിം റീചാര്‍ജ് ചെയ്തതിന്റേയും സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. എന്നാല്‍ ഫോണ്‍ കണ്ടെത്താനായിട്ടില്ല. അതേസമയം പ്രതി കുറ്റം സമ്മതിച്ചിട്ടില്ല.






