സവര്‍ക്കറിനെതിരേയുള്ള പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി എംപിമാരില്‍ നിന്നും രാഹുലിന് വധഭീഷണി ഉണ്ടായെന്ന് അഭിഭാഷകന് ; മുത്തശ്ശിഇന്ദിരാഗാന്ധിയുടെ അനുഭവം ഉണ്ടാകുമെന്നായിരുന്നു ഭീഷണി

ന്യൂഡല്‍ഹി: വിനായക് ദാമോദര്‍ സവര്‍ക്കറിനെതിരേ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി എംപിമാരില്‍ നിന്നും തനിക്ക് വധഭീഷണി പോലും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. മുത്തശ്ശി ഇന്ദിരാഗാന്ധിയുടെ അനുഭവം ഉണ്ടാകുമെന്നായിരുന്നു ചില എംപിമാര്‍ ഭീഷണിപ്പെടുത്തിയതെന്നും പറഞ്ഞു. 2022 ലെ ‘ഭാരത് ജോഡോ യാത്ര’ യില്‍ വെച്ചായിരുന്നെന്നും പറഞ്ഞു.
ഹിന്ദുത്വ പ്രത്യയശാസ്ത്രജ്ഞനെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സമര്‍പ്പിച്ച മാനനഷ്ടക്കേസില്‍ ജൂലൈ 24 ന് മഹാരാഷ്ട്രയിലെ നാസിക്കിലെ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. ഈ കേസില്‍ രാഹുലിന്റെ അഭിഭാഷകന് മിലിന്ദ് വോറയും ഇക്കാര്യം കോടതിയില്‍ പറഞ്ഞിരുന്നു. മുഴുവന്‍ രാഷ്ട്രീയവും ചരിത്രപരവുമായ സന്ദര്‍ഭവും മൊത്തത്തില്‍ കാണാന്‍ കഴിയുന്ന തരത്തില്‍ ചില പ്രധാന സംഭവവികാസങ്ങള്‍ ജുഡീഷ്യല്‍ രേഖയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടി കോടതിയില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിച്ചതായി ഗാന്ധിയുടെ അഭിഭാഷകന് മിലിന്ദ് പവാര്‍ പറഞ്ഞു.
‘കഴിഞ്ഞ 15 ദിവസമായി, ഞങ്ങളുടെ ക്ലയന്റ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം നടത്തിവരികയാണ്. പാര്‍ലമെന്റ് സമ്മേളനത്തിനിടെ ഈ പ്രക്ഷോഭം തുടരുന്നതിനിടെ, ‘ഹിന്ദുത്വം’ എന്ന വാക്കിനെച്ചൊല്ലി പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും തമ്മില്‍ വാക്ക് തര്‍ക്കം നടന്നു. ഏകദേശം ഇതേ സമയത്തുതന്നെ, ബിജെപിയിലെ രണ്ട് എംപിമാര്‍ രാഹുല്‍ ഗാന്ധിയെ ഭീഷണിപ്പെടുത്തി. ഈ വിഷയത്തില്‍ നിന്നും മാറി നില്‍ക്കണമെന്നും ഭാവിയില്‍ മുത്തശ്ശിയുടെ അതേ വിധി അദ്ദേഹത്തിനും നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്കി. ഏറ്റവും വലിയ തീവ്രവാദി എന്ന് വിളിച്ച് അവര്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി അഭിഭാഷകന് പറഞ്ഞു.
നാസിക് സ്വദേശിയായ ദേവേന്ദ്ര ഭൂട്ടാഡയാണ് ഗാന്ധിക്കെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ഹിംഗോളിയില്‍ നടന്ന പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് എംപി സവര്‍ക്കറുടെ പ്രശസ്തിക്ക് കോട്ടം വരുത്തുന്ന പ്രസ്താവനകള്‍ നടത്തിയെന്നായിരുന്നു ആരോപണം.






