34 വയസുകാരിക്ക് തിരിച്ചറിയല്‍ കാര്‍ഡില്‍ വയസ് 124! രാജ്യം ചോദിച്ചു ആരാണ് മിന്റ ദേവി? ‘ഞാനാണത്, അവരെന്നെ മുത്തശ്ശിയാക്കി’

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയിലെ 124 വയസ്സുള്ള മിന്റ ദേവി ആരാണ്? പട്ടികയിലെ കള്ളവോട്ടുകള്‍ക്കെതിരെ ഇന്നലെ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധം നടത്തിയ പ്രതിപക്ഷ എംപിമാരുടെ ടി ഷര്‍ട്ടിലെ മിന്റ ദേവി എന്ന വനിതയെക്കുറിച്ചായിരുന്നു എല്ലാവരുടെയും അന്വേഷണം. ബിഹാറിലെ വോട്ടര്‍പട്ടികയില്‍ ഉള്ളതാണ് ഈ പേര്. തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്സൈറ്റിലുള്ള വോട്ടര്‍ ഐഡി പ്രകാരം ഇവര്‍ക്ക് 124 വയസ്സാണ്. ഈ പിഴവാണ് ഇന്ത്യാസഖ്യം ആയുധമാക്കിയത്.
വിവാദങ്ങള്‍ അറിഞ്ഞപ്പോള്‍, രാജ്യത്തെ ‘ഏറ്റവും പ്രായംകൂടിയ’ വോട്ടറായ മിന്റ ദേവിക്കു ചിരിയടക്കാന്‍ കഴിയുന്നില്ല. 35 വയസ്സുള്ള മിന്റ ദേവിക്ക് 124 വയസ്സായെന്ന് കമ്മിഷന് തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തോടെ മിന്റയുടെ പേര് രാജ്യമെങ്ങും ചര്‍ച്ചയായി. തിരഞ്ഞെടുപ്പ് കമ്മിഷന് തന്നെ ഒരു മുത്തശ്ശിയാക്കിയെന്ന് മിന്റ ദേവി ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. ”ബൂത്ത് ലെവല്‍ ഓഫിസര്‍ വീട്ടില്‍ വരുന്നതു കാത്തിരുന്നു നിരാശയായപ്പോള്‍ ഓണ്‍ലൈനായാണ് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷിച്ചത്. ഈ പിഴവിനു ഞാന്‍ എങ്ങനെ കുറ്റക്കാരിയാകും?” മിന്റ ചോദിക്കുന്നു.
ദരുണ്ട നിയമസഭാ മണ്ഡലത്തിലെ വോട്ടറാണ് മിന്റ. ഈ പിഴവു വാര്‍ത്തകളില്‍ വരുന്നതിനു മുന്‍പ് തന്നെ വോട്ടറെ ബന്ധപ്പെട്ടു പരിഹാര നടപടികള്‍ സ്വീകരിച്ചുവെന്നു സിവാന്‍ ജില്ലാ കലക്ടര്‍ പ്രസ്താവനയില്‍ അറിയിച്ചു. പിഴവു തിരുത്താന്‍ അപേക്ഷ ലഭിച്ചു. വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി ഈ ആക്ഷേപം പരിഹരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
വിവാദങ്ങളെ മിന്റ ദേവി ചിരിയോടെയാണു കാണുന്നത്. 35ാം വയസ്സില്‍ വോട്ടു ചെയ്യാന്‍ അവസരം ലഭിച്ചതില്‍ താന്‍ സന്തോഷവതിയാണെന്നു മിന്റ പറഞ്ഞു. വോട്ടു ചെയ്യാന്‍ യോഗ്യയായതിനുശേഷം നിരവധി തിരഞ്ഞെടുപ്പുകള്‍ വന്നെങ്കിലും തന്റെ പേര് ഒരിക്കലും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷന് ഒരു മുത്തശ്ശിയാക്കിയെങ്കില് അതില്‍ തനിക്കു പ്രശ്നമല്ല. ഭയപ്പെടാനും ഒന്നുമില്ല. തന്റെ ആധാര്‍ കാര്‍ഡിലുള്ളതുപോലെ 1990 ആണ് അപേക്ഷിച്ചപ്പോള്‍ ജനിച്ച വര്‍ഷമായി രേഖപ്പെടുത്തിയത്. കരട് വോട്ടര്‍ പട്ടികയില്‍ 1990 എന്നത് 1900 ആയെങ്കില്‍ തനിക്കെന്തു ചെയ്യാന്‍ കഴിയുമെന്നും മിന്റ ചോദിക്കുന്നു.
മിന്റ ദേവിയുടെതിന് സമാനമായുള്ള രണ്ട് കേസുകള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് വലിയ പ്രതിഷേധത്തിലേക്കാണ് നയിക്കുന്നത്.






