Breaking NewsKeralaLead NewsNEWSNewsthen Specialpolitics

വ്യാജ സത്യപ്രസ്താവന, ഇരട്ട വോട്ട്, ഇരട്ട തിരിച്ചറിയല്‍ കാര്‍ഡ്; സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങളെ കാത്തിരിക്കുന്നത് വന്‍ നിയമക്കുരുക്ക്; രണ്ടു കാര്‍ഡ് കൈവശം വയ്ക്കാന്‍ അവകാശമില്ല, ഒരു മണ്ഡലത്തില്‍ കൂടുതല്‍ വോട്ടും പാടില്ല

നിയമപരമായി ഒരാള്‍ക്ക് ഒരു ഐഡി കാര്‍ഡ് മാത്രമാണ് കൈവശം വയ്ക്കാന്‍ കഴിയുന്നത്. രണ്ടാമത്തെ കാര്‍ഡ് ലഭിച്ചാല്‍ ഉടന്‍ തന്നെ ഒരു കാര്‍ഡ് സമര്‍പ്പിച്ച് റദ്ദാക്കണം. ഇരട്ട കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്.

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങള്‍ തൃശൂരില്‍ വോട്ട് ചേര്‍ക്കാന്‍ നല്‍കിയത് വ്യാജ സത്യപ്രസ്താവനയാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്കും ഭാര്യയ്ക്കും ഇരട്ട വോട്ട് മാത്രമല്ല ഇരുവര്‍ക്കും രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വീതവും ഉണ്ട്. ഒരാള്‍ക്ക് ഒരു വോട്ടര്‍ ഐഡി കാര്‍ഡ് മാത്രമ കൈവശം വയ്ക്കാന്‍ പറ്റൂ എന്നിരിക്കെയാണ് ഈ ഗുരുതര കുറ്റം ഇവര്‍ ചെയ്തിരിക്കുന്നത്. കൊല്ലം ജില്ലയിലെ ഇരവിപുരം നിയമസഭാ മണ്ഡലത്തില്‍ സുഭാഷ് ഗോപിയുടെ വോട്ട് ചേര്‍ത്തിരിക്കുന്നത് WLS 0136077എന്ന ഐഡി കാര്‍ഡ് നമ്പരിലാണ്. ഭാര്യ റാണിയുടെ വോട്ട് WLS 0136218 എന്ന ഐഡി കാര്‍ഡ് നമ്പരിലും. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തൃശൂര്‍ മണ്ഡലത്തിലെ പട്ടികയില്‍ സുഭാഷിന്റെ വോട്ട് ചേര്‍ത്തിരിക്കുന്നത് FVM 1397173 എന്ന ഐഡി കാര്‍ഡ് നമ്പരിലും ഭാര്യ റാണിയുടേത് FVM 1397181 എന്ന ഐഡി കാര്‍ഡ് നമ്പരിലുമാണ്. തദ്ദേശ തിരഞ്ഞെടുപ്പിലാകട്ടെ ഇരുവര്‍ക്കും നിലവില്‍ കൊല്ലം കോര്‍പറേഷനിലും തിരുവനന്തപുരം കോര്‍പറേഷനിലും വോട്ട് ഉണ്ട്. തൃശൂരില്‍ ഇവര്‍ ഒരു തരത്തിലും സ്ഥിരതാമസക്കാരല്ല എന്ന് തെളിയിക്കുന്നതാണ് ഈ വിവരങ്ങള്‍. മാത്രമല്ല ജനപ്രാതിനിധ്യ നിയമത്തിന്റെ നഗ്‌നമായ ലംഘനം നടത്തിയ ഇരുവരും ക്രിമിനല്‍ കുറ്റമാണ് ചെയ്തിരിക്കുന്നത് എന്നും ആരോപണം ഉയരുന്നു.

നിയമപരമായി ഒരാള്‍ക്ക് ഒരു ഐഡി കാര്‍ഡ് മാത്രമാണ് കൈവശം വയ്ക്കാന്‍ കഴിയുന്നത്. രണ്ടാമത്തെ കാര്‍ഡ് ലഭിച്ചാല്‍ ഉടന്‍ തന്നെ ഒരു കാര്‍ഡ് സമര്‍പ്പിച്ച് റദ്ദാക്കണം. ഇരട്ട കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങള്‍ മാത്രമല്ല, ബിജെപിയുടെ നേതൃത്വത്തില്‍ ഇത്തരത്തില്‍ ഇരട്ട ഐഡി കാര്‍ഡ് നിര്‍മിച്ച് ആയിരക്കണക്കിന് വോട്ടര്‍മാരെയാണ് ഇവര്‍ തൃശൂരിലെ പട്ടികയില്‍ തിരുകി കയറ്റിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴില്‍ രണ്ട് തിരിച്ചറിയല്‍ കാര്‍ഡ്, എപ്പിക്ക് അഥവാ ഇലക്‌ടേഴസ്് ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് കൈവശം വെക്കുന്നത് കുറ്റകരമാണ്.

Signature-ad

ഇതിനു നിയമപരമായ അടിസ്ഥാനവുമുണ്ട്.

ഒന്ന്,

1950ലെ പ്രാതിനിധ്യ നിയമം. ഇതില്‍ സെ്ക്ഷന്‍ 17 അനുസരിച്ച് ഒരു മണ്ഡലത്തില്‍ കൂടുതല്‍ ഒരിടത്തും വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ പാടില്ല എന്നു വ്യക്തമാക്കുന്നു. മാത്രമല്ല, സെക്ഷന്‍ 18 അനുസരിച്ച് ഒരാള്‍ക്ക് ഒരു മണ്ഡലത്തിലും പട്ടികയിലും ഒരേസമയം രണ്ട് എന്‍ട്രികള്‍ ഉണ്ടാകാന്‍ പാടില്ല എന്നും പറയുന്നു.

രണ്ട്,

1951ലെ പ്രാതിനിധ്യ നിയമം. ഇതില്‍ സെക്ഷന്‍ 31 അനുസരിച്ച് തിരഞ്ഞെടുപ്പ് പട്ടികയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുകയോ ഒന്നിലധികം എന്‍ട്രികള്‍ ഉണ്ടാക്കുകയോ ചെയ്യുന്നവര്‍ക്ക് ജയില്‍ ശിക്ഷ (പരമാവധി ഒരു വര്‍ഷം) അല്ലെങ്കില്‍ പിഴ, അല്ലെങ്കില്‍ ഇരണ്ടും ലഭിക്കാം. ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ചു തെറ്റായ വിവരങ്ങള്‍ നല്‍കി സര്‍ക്കാര്‍ രേഖകള്‍ സമ്പാദിക്കല്‍, ശിക്ഷാ നിയമത്തിലെ 419 അനുസരിച്ച് താനല്ലാത്ത ആളായി രജിസ്റ്റര്‍ ചെയ്താല്‍ മൂന്നുവര്‍ഷം തടവും പിഴയും, സെക്ഷന്‍ 420 അനുസരിച്ച് കബളിപ്പിക്കലിന് ഏഴുവര്‍ഷംവരെ തടവും പിഴയും, സെക്ഷന്‍ 468,471 എന്നിവ അനുസരിച്ച് വ്യാജരേഖകള്‍ നല്‍കുക, വ്യാജരേഖകള്‍ ഉപയോഗിക്കുക എന്നിവയ്ക്ക് ഏഴുവര്‍ഷം വരെ തടവും പിളയും ലഭിക്കാം.

ലളിതമായി പറഞ്ഞാല്‍, ഒരാള്‍ക്ക് ഒരു വോട്ടര്‍ ഐഡി കാര്‍ഡ് മാത്രമാണു നിയമപരമായി കൈവശം വയ്ക്കാന്‍ കഴിയൂ. രണ്ടാമത്തെ കാര്‍ഡ് ലഭിച്ചാലുടന്‍ ഒരു കാര്‍ഡ് സമര്‍പ്പിച്ച് റദ്ദാക്കണം. ഇരട്ടകാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. ഇപ്പോള്‍ പുറത്തുവന്ന തെളിവുകള്‍ അനുസരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബാംഗങ്ങളും തട്ടിപ്പു നടത്തിയെന്നു വ്യക്തമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തു നടപടിയെടുക്കുമെന്നാണ് ഉറ്റുനോക്കേണ്ടത്.

Back to top button
error: