വി.ഡി. സതീശന്റെ വളര്‍ച്ച കെ.കരുണാകരന്റെ ശാപമേല്ക്കാത്തതിനാല് ; ശാപം സ്വയമേറ്റതാണോ വേറെ ആരെയെങ്കിലും പറ്റി പറഞ്ഞതാണോ എന്ന് കെ മുരളീധരന് തന്നെ പറയട്ടെയെന്ന് കെ.സി.

ന്യൂഡല്‍ഹി: പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ പുകഴ്ത്തിയും മറ്റു നേതാക്കളെ ഒളിയമ്പെയ്തും കെ.മുരളീധരന് നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി കെ. സി. വേണുഗോപാല്‍. കെ. കരുണാകരന്റെ ശാപം ആര്‍ക്കാണ് പതിച്ചതെന്ന് കെ. മുരളീധരന് തന്നെ പറയട്ടെ യെന്ന് പറഞ്ഞു. ശാപം സ്വയമേറ്റതാണോ, വേറെ ആരെങ്കിലും പറ്റി പറഞ്ഞതാണോ എന്ന് അദ്ദേഹം തന്നെ പറയട്ടെയെന്ന് വ്യക്തമാക്കി.
കെ.കരുണാകരന്റെ ശാപമേറ്റവര്‍ ദേശീയപതാക പോലെ പൊങ്ങേണ്ട സമയത്ത് താഴേയ്ക്ക് പതിച്ചെന്നായിരുന്നു കെ. മുരളീധരന്റെ പരാമര്‍ശം. എന്നാല്‍ വി.ഡി. സതീശന് കരുണാകരന്റെ മനസ്സില്‍ വേദന ഉണ്ടാക്കാത്ത നേതാവാണെന്നും അദ്ദേഹത്തിന്റെ പ്രമോഷന് ഭാവിയിലും തടസ്സമുണ്ടാകില്ലെന്നുമായിരുന്നു പ്രതികരണം. ഇതിന് തനിക്ക് രണ്ടു തവണ കിട്ടിയ മികച്ച സാമാജികന് പുരസ്ക്കാരത്തേക്കാള്‍ വലിയ പുരസ്ക്കാരമാണ് മുരളീധരന്റെ വാക്കുകളെന്നും അദ്ദേഹം തനിക്ക് ജേഷ്ഠനെ പോലെയാണെന്നുമായിരുന്നു പ്രതികരിച്ചത്.
മുരളീധരന്റെ വാക്കുകള്‍ രമേശ് ചെന്നിത്തലയ്ക്കും കെ സി വേണുഗോപാലിനും എതിരേയുള്ള ഒളിയമ്പാണെന്നായിരുന്നു വ്യാഖ്യാനങ്ങള്‍. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന എം എ ജോണ്‍ പുരസ്കാര സമര്‍പ്പണ വേദിയിലായിരുന്നു കെ മുരളീധരന്റെ പരാമര്‍ശം. വി.ഡി. സതീശനെ വേദിയില്‍ ഇരുത്തിയായിരുന്നു കെ. മുരളീധരന്റെ പുകഴ്ത്തല്‍.






