വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് മാര്‍ഗരേഖയിറക്കും: ബിഹാറിലെ വിവാദമായ വോട്ടര്‍പട്ടിക പരിഷ്‌കരണം കേരളത്തിലും ഉണ്ടാകും

തിരുവനന്തപുരം: ബിഹാറില്‍ നടപ്പാക്കി വിവാദമായ വോട്ടര്‍പട്ടിക പരിഷ്‌കരണം കേരളത്തിലും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് എല്ലാ സംസ്ഥാനങ്ങളിലും പട്ടിക പരിഷ്‌കരിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പരിഷ്‌കരണം നടപ്പാക്കുന്നത്.
വീഴ്ചകള്‍ ഒഴിവാക്കി കൂടുതല്‍ കരുതലോടെയായിരിക്കും കേരളത്തിലെ നടപടികള്‍. പരിഷ്‌കരണം സംബന്ധിച്ച് കമ്മിഷനില്‍ നിന്ന് നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പിന് മുന്‍പ് പുതുക്കലുണ്ടാകുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ പറഞ്ഞു. പുതുക്കലിന് മാര്‍ഗരേഖയിറക്കും.
നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പുള്ള വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് അടിസ്ഥാനമാക്കുക 2002-ലെ പട്ടികയാണ്. കേരളത്തില്‍ അവസാനമായി സമഗ്രപരിഷ്‌കരണം നടന്നത് ഈ വര്‍ഷമാണ്. പട്ടിക പുതുക്കാന്‍ എന്യൂമറേഷനുള്ള അപേക്ഷാഫോറം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലെത്തിക്കും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പൊതുമേഖലാ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്, 1987 ജൂലൈ ഒന്നിന് മുന്‍പ് സര്‍ക്കാര്‍/ തദ്ദേശ സ്ഥാപനങ്ങള്‍, ബാങ്ക്, എല്‍ഐസി, പൊതുമേഖലാ സ്ഥാപനം നല്‍കിയ ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, അംഗീകൃത ബോര്‍ഡുകളോ സര്‍വകലാശാലകളോ നല്‍കിയ പത്താംതരം, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, സ്ഥിരതാമസക്കാരനാണെന്ന സംസ്ഥാനത്തെ ഉത്തരവാദപ്പെട്ട അതോറിറ്റിയുടെ സര്‍ട്ടിഫിക്കറ്റ്, വനാവകാശ സര്‍ട്ടിഫിക്കറ്റ്, ഒബിസി, എസ്സി/എസ്ടി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റ്, ദേശീയ പൗരത്വപട്ടിക(എന്‍ആര്‍സി), സംസ്ഥാന സര്‍ക്കാരോ തദ്ദേശസ്ഥാപനങ്ങളോ തയ്യാറാക്കിയ കുടുംബ രജിസ്റ്റര്‍, സര്‍ക്കാര്‍ നല്‍കുന്ന ഭൂമി/ ഭവന കൈമാറ്റ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ബിഹാറില്‍ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റായി അംഗീകരിച്ച രേഖകള്‍. കേരളത്തിലും ഇതെല്ലാം പരിഗണിക്കാനാണ് സാധ്യത.






