ഗാസയുടെ പൂര്‍ണ നിയന്ത്രണം: ഇസ്രയേലിനെതിരേ നീക്കവുമായി യൂറോപ്യന്‍ രാജ്യങ്ങള്‍; ആയുധം നല്‍കുന്നതു നിര്‍ത്തുമെന്നു ജര്‍മനി; ഉടക്കിട്ട് സൗദിയും ഫ്രാന്‍സും ബ്രിട്ടനും കാനഡയും; നെതന്യാഹുവിനെ പിന്തുണച്ച് അമേരിക്ക; ഹമാസിന്റെ നിലപാടില്‍ ട്രംപ് അസ്വസ്ഥനെന്ന് അംബാസഡര്‍

ജെറുസലേം: ഗാസ സിറ്റി മുഴുവന്‍ പിടിച്ചടക്കാനുള്ള ഇസ്രയേല്‍ നീക്കത്തിനെതിരേ വിദേശത്തുനിന്നും സ്വദേശത്തുനിന്നും കടുത്ത പ്രതിഷേധം. ഗാസയിലെ യുദ്ധത്തിന് ഉപയോഗിക്കുമെന്നതിനാല്‍ ഇസ്രയേലിന് ആയുധം നല്‍കുന്നതു നിര്‍ത്തുമെന്ന് ജര്‍മനിയടക്കമുള്ള രാജ്യങ്ങള്‍. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീരുമാനം നിരാശാജനകമാണെന്നും ഗാസയിലെ നീക്കത്തെക്കുറിച്ചു പുനരാലോചിക്കണമെന്നു ബ്രിട്ടനും ആവശ്യപ്പെട്ടു.
എന്നാല്‍, 2023ല്‍ ആക്രമണത്തിന് ഇരയായ ഇസ്രയേലിനെ സമ്മര്‍ദത്തിലാക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ യഥാര്‍ഥത്തില്‍ ഹമാസിനെയാണ് വരുതിയിലെത്തിക്കേണ്ടതെന്നു അമേരിക്കയുടെ ഇസ്രയേല്‍ അംബാസഡര്‍ മൈക്ക് ഹക്കാബി പറഞ്ഞു. ഹമാസിന്റെ കണ്ണില്‍ ചോരയില്ലാത്ത ആക്രമണമാണ് ഇപ്പോഴത്തെ യുദ്ധത്തിന് ഇടയാക്കിയത്. ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചയിലേക്കു ഹമാസ് എത്തിപ്പെടാത്തതില്‍ ട്രംപ് അസ്വസ്ഥനാണ്. ഹമാസ് അധികാരത്തില്‍ തുടരുന്നതിനോട് ട്രംപ് ഒരുതരത്തിലും അനുകൂലമല്ല. അവരെ നിരായുധീകരിക്കുകയാണു ട്രംപിന്റെ ലക്ഷ്യമെന്നും ഹക്കാബി പറഞ്ഞു.
ബന്ദികളുടെ ജീവനു ഭീഷണിയാകുമെന്നു ചൂണ്ടിക്കാട്ടിയാണ് ഇവരുടെ ബന്ധുക്കളടക്കമുള്ളവര്‍ നെതന്യാഹുവിന്റെ നീക്കങ്ങളെ അപലപിക്കുന്നത്. മന്ത്രിസഭയിലുള്ള തീവ്ര വലതുപക്ഷം പൂര്‍ണമായും ഗാസ പിടിച്ചടക്കണമെന്നാണ് ആവശ്യപ്പെടുന്നത്. സൈന്യമാകട്ടെ ബന്ദികള്‍ക്കു ഭീഷണിയാകുമെന്ന മുന്നറിയിപ്പും നല്‍കുന്നു. ഗാസ പിടിച്ചടക്കാന്‍ സൈന്യത്തെ അയയ്ക്കുന്നതു മറ്റൊരു ദുരന്തമാകുമെന്നാണു പ്രതിപക്ഷ നേതാവ് യെര്‍ ലാപിഡ് മുന്നറിയിപ്പു നല്‍കുന്നത്.
ഗാസ പിടിച്ചെടുക്കണമെന്നാണു സൈന്യത്തിന്റെ നിലപാടെന്നും ഈ മേഖല കൈയില്‍ വയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഗാസയെ സുരക്ഷാ മേഖലയാക്കി മാറ്റും. അതിനുശേഷം അറബ് ശക്തികള്‍ക്കു കൈമാറുമെന്നും നെതന്യാഹു പറയുന്നു. ആയുധം നല്‍കുന്നതു നിര്‍ത്തുമെന്ന പ്രസ്താവനയില്‍ നിരാശയുണ്ടെന്ന് നെതന്യാഹു ജര്‍മന്‍ ചാന്‍സലറെയും ഫോണില്‍ വിളിച്ച് അറിയിച്ചിട്ടുണ്ട്.
സൈന്യത്തിന്റെ വാദമനുസരിച്ച് ഗാസയുടെ 75 ശതമാനവും വരുതിയിലാണ്. ഗാസ സിറ്റികൂടി പിടിച്ചെടുത്താല്‍ 85 ശതമാനവും നിയന്ത്രണത്തിലാകും. ഗാസയുടെ ഹൃദയമാണ് ഗാസ സിറ്റി. ഹമാസിന്റെ ഏറ്റവും ശക്തമായ കേന്ദ്രവും ഇതാണ്. ഗാസ സിറ്റി പിടിച്ചെടുത്താല്‍ അത് യുദ്ധത്തിന്റെ ആളെ ഗതിമാറ്റുമെന്ന് റിട്ടയേഡ് ഇസ്രയേലി ബ്രിഗേഡിയര്‍ ജനറല്‍ ആമിര്‍ അവീവി പറഞ്ഞു. 90,000 ആളുകള്‍ ഗാസ സിറ്റിയില്‍ ജീവിക്കുന്നെന്നാണു കണക്ക്.
ജര്‍മനിക്കും ബ്രിട്ടനും പുറമേ സൗദി അറേബ്യയും പാലസ്തീന്‍ രൂപീകരണം വരെ ഇസ്രയേലുമായുള്ള ബന്ധം പുനരാരംഭിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ് എന്നിവ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പലസ്തീന്‍ രാജ്യത്തിന് അംഗീകാരം നല്‍കുമെന്നും അറിയിച്ചിരുന്നു.
രാജ്യാന്തര തലത്തില്‍ വെടിനിര്‍ത്തലിനായുള്ള ശക്തമായ സമ്മര്‍ദമുണ്ടായിട്ടും ഹമാസുമായുള്ള ചര്‍ച്ചകള്‍ മുന്നോട്ടു പോകാത്ത സാഹചര്യത്തിലാണ് 22 മാസമായി തുടരുന്ന യുദ്ധത്തിന്റെ അടുത്തഘട്ടം എങ്ങനെയാകണമെന്നതില്‍ മുതിര്‍ന്ന ഉദേ്യാസ്ഥരുമായി നെതന്യാഹു ചര്‍ച്ച നടത്തിയത്. ഗാസയിലെ പട്ടിണി മരണത്തെക്കുറിച്ചു ഹമാസ് നല്‍കുന്ന കണക്കാണു പുറത്തുവരുന്നതെന്നാണ് ഇസ്രയേലിന്റെ വാദം. പലസ്തീനിലെ അഭയാര്‍ഥി ക്യാമ്പുകളെയും യുഎന്നിന്റെ ഏജന്‍സികളെയും ഏകോപിപ്പിക്കുന്നതും ഹമാസിന്റെ കീഴിലുള്ള യു.എന്‍.ആര്‍.ഡബ്യു.എ. (യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക് ഏജന്‍സി) ആണ്.
ഈ സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്, മിലിട്ടറി ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സമീര്‍ എന്നിവരുമായി ഭാവി പദ്ധതികള്‍ ചര്‍ച്ച ചെയ്തത്. നെതന്യാഹുവിന്റെ ഏറ്റവും അടുത്തയാളായ സ്ട്രാറ്റജിക് അഫയേഴ്‌സ് മന്ത്രി റോണ്‍ ഡെന്‍മറും കൂടിക്കാഴ്ചയിലുണ്ടായിരുന്നു.
ശനിയാഴ്ച ഹമാസിന്റെ പിടിയിലുള്ള അമ്പതു ബന്ദികളില്‍ ഒരാളുടെ വീഡിയോ ഹമാസ് പുറത്തുവിട്ടിരുന്നു. ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ഹമാസിന്റെ ടണലുകളിലൊന്നില്‍നിന്നാണ്. ബന്ദികളുടെ അവസ്ഥയ്‌ക്കെതിരേ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു. ബന്ദികളെ വിട്ടയയ്ക്കണമെന്ന കാര്യത്തില്‍ ഹമാസിനു വന്‍ സമ്മര്‍ദമുണ്ട്. 20 പേര്‍ ഇപ്പോഴും ജീവനോടെയുണ്ടെന്നാണ് ഇസ്രയേലിന്റെ വിലയിരുത്തല്‍. Israel’s security cabinet approved a plan to take control of Gaza City, a move expanding military operations in the shattered Palestinian territory that drew strong fresh criticism at home and abroad on Friday over its pursuit of the almost two-year-old war.






