ഒന്നര നൂറ്റാണ്ടായി അടഞ്ഞുകിടക്കുന്ന ‘വിസ്മങ്ങളുടെ കലവറ’!!! പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണം; നിര്‍ദേശവുമായി സര്‍ക്കാര്‍ പ്രതിനിധി, വീണ്ടും ചര്‍ച്ച

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നു പരിശോധിക്കുന്ന വിഷയം വീണ്ടും ചര്‍ച്ചയാകുന്നു. ക്ഷേത്ര ഭരണസമിതിയിലെ സര്‍ക്കാര്‍ പ്രതിനിധി വേലപ്പന്‍ നായരാണ് ബി നിലവറ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് നിര്‍ദേശിച്ചത്. വ്യാഴാഴ്ച നടന്ന ക്ഷേത്ര ഭരണസമിതിയുടെയും ഉപദേശകസമിതിയുടെയും സംയുക്ത യോഗത്തിലാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചയ്ക്ക് മറ്റ് അംഗങ്ങള്‍ തയ്യാറായില്ല.
നിലവറ തുറക്കണമോ വേണ്ടയോ എന്ന കാര്യം ഭരണസമിതി ആലോചിക്കണമെന്നാണ് യോഗത്തില്‍ വേലപ്പന്‍ നായര്‍ ആവശ്യപ്പെട്ടത്. ബി നിലവറയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തന്ത്രിയുടെ സാന്നിധ്യത്തിലായിരിക്കണമെന്ന് മറ്റുള്ള അം?ഗങ്ങള്‍ ചൂണ്ടിക്കാട്ടി. തന്ത്രി തരണനല്ലൂര്‍ ഗോവിന്ദന്‍ നമ്പൂതിരി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. തന്ത്രി കൂടിയുള്ള യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്യാമെന്ന് പറഞ്ഞ് നിര്‍ദേശം മാറ്റിവെച്ചു.
ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറ് ഭരതക്കോണില്‍ വടക്കോട്ടും കിഴക്കോട്ടും തുറക്കുന്ന രീതിയിലാണ് എ, ബി നിലവറകളുള്ളത്. ശ്രീപത്മനാഭസ്വാമിയുടെ ശിരസ്സിന്റെ ഭാഗത്താണിവ. അമൂല്യ നിധിശേഖരമുണ്ടെന്നു വിശ്വസിക്കുന്ന ഈ നിലവറകള്‍ ഉള്‍പ്പെടെ 6 നിലവറകളാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലുള്ളത്. അറകളിലെ സൂക്ഷിപ്പുകളുടെ കണക്ക് എടുക്കണമെന്ന സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് 2011 ജൂണില്‍ ബി നിലവറ ഒഴികെയുള്ളവ തുറന്നിട്ടുണ്ട്.
ഒറ്റക്കല്‍ മണ്ഡപത്തിന്റെ 2 വശങ്ങളിലായി നിത്യപൂജയ്ക്കുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്ന ഇ, എഫ് നിലവറകള്‍ എന്നും തുറക്കുന്നവയാണ്. ഒന്നര നൂറ്റാണ്ടിലേറെയായി തുറന്നിട്ടില്ലെന്ന് വിശ്വസിക്കുന്ന അറയാണ് ബി. എങ്കിലും 1990, 2002 വര്‍ഷങ്ങളിലായി 7 തവണ ഈ നിലവറ തുറന്നെന്ന് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക ഓഡിറ്റര്‍ വിനോദ് റായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഈ നിലവറയുടെ ആദ്യത്തെ അറ മാത്രമേ തുറന്നിട്ടുള്ളൂവെന്നും അതിനുള്ളിലെ മറ്റൊരു വാതില്‍ തുറന്നതായി ഓര്‍മയുള്ള ആരും ഈ തലമുറയില്‍ ജീവിച്ചിരിപ്പില്ലെന്നും രാജകുടുംബാംഗങ്ങള്‍ അന്നു വ്യക്തമാക്കിയിട്ടുണ്ട്.
എ നിലവറ 2011 ല്‍ തുറന്നപ്പോള്‍ പ്രവേശന കവാടം കഴിഞ്ഞു വിശാലമായ ഒരു മുറിയാണു കണ്ടത്. അവിടെ നിലത്ത് വലിയ കരിങ്കല്ലുകള്‍ പാകിയിരുന്നു. കല്ലുപാളികള്‍ നീക്കിയപ്പോള്‍ താഴേക്ക് ഒരാള്‍ക്കു മാത്രം ഇറങ്ങാന്‍ കഴിയുന്ന പടികള്‍. അതു ചെന്നു നിന്നത് ഒരാള്‍ക്കു കുനിഞ്ഞു മാത്രം നില്‍ക്കാന്‍ കഴിയുന്ന, 3.67 മീറ്റര്‍ നീളവും 2.27 മീറ്റര്‍ വീതിയും 1.76 മീറ്റര്‍ ഉയരവുമുള്ള അറയിലേക്കാണ്. ഇവിടെ 150 സെന്റീമീറ്റര്‍ നീളവും 212 സെന്റീമീറ്റര്‍ ഉയരവുമുള്ള സേഫ് പോലെ നിര്‍മിച്ച അറയിലാണു നിധിശേഖരം ഉണ്ടായിരുന്നത്. അറ ഗ്രാനൈറ്റില്‍ മോടിപിടിപ്പിച്ചതായിരുന്നു.
ശ്വാസം കിട്ടാത്തതിനാല്‍ അല്‍പനേരം മാത്രമേ അകത്തു നില്‍ക്കാനാകൂ. ഫയര്‍ഫോഴ്‌സ് ഇടയ്ക്കിടെ ഓക്‌സിജന്‍ പമ്പ് ചെയ്തു കൊടുത്താണ് പരിശോധന പൂര്‍ത്തിയാക്കിയത്. ദിവസങ്ങളോളം നീണ്ട പരിശോധനയില്‍ രണ്ടായിരത്തോളം ശരപ്പൊളി സ്വര്‍ണമാലകള്‍ കണ്ടെടുത്തു. ഇവയില്‍ മൂന്നു നാലെണ്ണത്തിനു രണ്ടര കിലോയോളം തൂക്കവും 18 അടി നീളവും ഉണ്ടായിരുന്നു എന്നാണ് വിവരം. ബല്‍ജിയം രത്‌നങ്ങളുടെ വിഭാഗത്തില്‍ പെടുന്ന രത്‌നങ്ങള്‍ ഒരു ചാക്ക് നിറയെ കണ്ടെടുത്തിരുന്നെന്നാണ് സൂചന. ലക്ഷക്കണക്കിനു കോടി രൂപ മൂല്യം വരുന്ന സമ്പത്തിന്റെ ഉടമയാണ് ശ്രീപത്മനാഭസ്വാമിയെന്ന് അതോടെ ലോകം തിരിച്ചറിഞ്ഞു.
ബി നിലവറ തുറക്കുന്നത് ആചാര വിരുദ്ധമാണെന്നാണ് തിരുവിതാംകൂര്‍ രാജകുടുംബവും ക്ഷേത്ര തന്ത്രിയും സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചിരുന്നത്. ബി നിലവറ തുറക്കുന്നതു സംബന്ധിച്ച് നേരത്തേ തിരുവിതാംകൂര്‍ രാജകുടുംബം ദേവപ്രശ്നം നടത്തിയിരുന്നു. നിലവറ തുറക്കരുതെന്നാണ് ദേവപ്രശ്നത്തില്‍ തെളിഞ്ഞതെന്നും രാജകുടുംബം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
തുടര്‍ന്ന് പുതിയ ഭരണസമിതിയെ നിയോഗിച്ചപ്പോള്‍, ബി നിലവറ തുറക്കുന്ന കാര്യം പുതിയ സമിതിക്ക് തീരുമാനിക്കാമെന്ന് കോടതി ഉത്തരവിട്ടു. ഇതിന് പ്രത്യേക കാലാവധിയോ മറ്റു നിബന്ധനകളോ കോടതി നിര്‍ദേശിച്ചിരുന്നില്ല. വിവാദ വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ ഭക്തരുടെ ഭാഗത്തു നിന്നും പ്രതിഷേധങ്ങളുയര്‍ന്നിട്ടുണ്ട്.






