‘പകൽ ടോർച്ച് അടിക്കാൻ പറഞ്ഞ സുരേഷ് തന്നെയാണോ ഈ മണ്ടൻ സമരാശയത്തിൻ്റെയും പിതാവ്? സത്യപ്രതിജ്ഞ പോലും കഴിഞ്ഞിട്ടില്ല, ഇപ്പോഴും പിണറായി വിജയനാണ് കാവൽ മുഖ്യമന്ത്രി’… മഹിളാമോർച്ചയുടെ സൗജന്യ കെഎസ്ആർടിസി യാത്ര പ്രതിഷേധത്തെ ട്രോളി സന്ദീപ് വാര്യർ

തിരുവനന്തപുരം: മേയ് 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന കോൺഗ്രസ് വാഗ്ദാനം ഉടൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി മഹിളാ മോർച്ച പ്രവർത്തകർ രംഗത്തെത്തി. അതേസമയം പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും മുൻപേ പ്രതിഷേധം നടത്തുന്നതിൽ സമൂഹമാധ്യമങ്ങിൽ വൻ ട്രോളുകളാണ് വരുന്നത്. ഇതിനിടെ മഹിളാ മോർച്ചയുടെ പ്രതിഷേധത്തെ പരിഹസിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് സന്ദീപ് വാരിയരും രംഗത്തെത്തി.
നിലവിൽ പിണറായി വിജയനാണ് കാവൽ മുഖ്യമന്ത്രിയെന്നും ആരാണ് ഈ മണ്ടൻ ആശയത്തിന് പിന്നിലെന്നും സന്ദീപ് വാരിയർ ഫെയ്സ്ബുക്കിൽ കുറിച്ചു. സത്യപ്രതിജ്ഞ പോലും കഴിഞ്ഞിട്ടില്ല, ഇപ്പോഴും പിണറായി വിജയനാണ് കാവൽ മുഖ്യമന്ത്രി. പകൽ ടോർച്ച് അടിക്കാൻ പറഞ്ഞ സുരേഷ് തന്നെയാണോ ഈ മണ്ടൻ സമരാശയത്തിൻ്റെയും പിതാവ്? – ബിജെപിയുടെ പ്രതിഷേധ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ഫെയ്സ്ബുക്കിൽ സന്ദീപ് വാരിയർ കുറിച്ചു.
വി ഡി സതീശൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റിട്ടില്ല അതിനു മുമ്പേ സമരം ചെയ്യുന്നവർ ആർക്കെതിരെയാണ് ഈ സമരം എന്നുകൂടി വ്യക്തമാക്കണം. ഇപ്പോഴും കാവൽ മന്ത്രിസഭയാണ് തുടരുന്നത്. ഇന്ദിരാ ഗ്യാരണ്ടിയിലെ അഞ്ച് കാര്യങ്ങളും സമയബന്ധിതമായി തന്നെ നടപ്പിൽ വരുത്തും. അതിനായി ആരും വെയിൽ കൊള്ളേണ്ടത് ഇല്ല. പ്രഖ്യാപിച്ചവർക്ക് അറിയാം അത് നടപ്പിൽ വരുത്താൻ. 50 രൂപക്ക് പെട്രോളും 300 രൂപക്ക് ഗ്യാസും നൽകാമെന്ന് പറഞ്ഞവരല്ലേ സമരത്തിന് വരുന്നത്. വാക്കും പ്രവർത്തിയും വ്യത്യസ്തമായ ബിജെപി അല്ല കേരളത്തിൽ അധികാരത്തിലേക്ക് വരുന്നത്. ഇത് ടീം യുഡിഎഫ് ആണ്. പറയുന്നത് ചെയ്യും, ഇതുപോലെ ഒരു കോമാളിക്കൂട്ടം വേറെ കാണില്ല..
സത്യപ്രതിജ്ഞ കഴിഞ്ഞോ ഇല്ലയോ എന്ന് പോലും ഇവന്മാർക്ക് അറിഞ്ഞൂട..സമരം ആയി ഇറങ്ങിയാൽ ഇവന്മാരെ ” രക്ഷാപ്രവർത്തനം ” നടത്തി കേരളത്തിലെ പൊതുജനം സഹായിക്കണം, കേരളത്തിന് AIMS തരാമെന്ന് പറഞ്ഞ് പറ്റിച്ച ടീമിനോട് ആദ്യം സമരം ചെയ്യുക എന്നതാണ് ഏറ്റവും നല്ല ലൈൻ….
50 രൂപക്ക് പെട്രോൾ, ഒരോ അക്കൗണ്ടിലും 15 ലക്ഷം… ഇതൊന്നും കിട്ടാത്ത വേദന സംഘിണികൾക്ക് ഉണ്ട് എന്നറിയാം… KSRTC യിൽ വനിതകൾക്ക്സൗജന്യ യാത്ര എന്ന് പറഞ്ഞ നേതാവിൻ്റെ പേര് രാഹുൽ ഗാന്ധി എന്നാണ്… കിട്ടിയിരിക്കും എന്നത് ഉറപ്പാണ്…. അല്ലാതെ താനാണ് പപ്പു എന്ന് സ്വന്തം പ്രവർത്തകർക്ക്മനസിലാകാതിരിക്കാൻ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്ന ചായക്കാരൻ്റെ ഉറപ്പല്ല നടപ്പിലാക്കാതിരിക്കാൻ…..ഇത് ഗാന്ധി ഗ്യാരണ്ടി…..കിട്ടിയിരിക്കും കേരളത്തിലെ പെണ്ണുങ്ങളെ…… നമ്മുടെ പാർട്ടിയിൽ ആരുമില്ലേടേ, അൽപം ബുദ്ധിയും ബോധവുമുള്ളവർ… എന്നിങ്ങനെ നീളുന്നു കമെന്റുകൾ.
അതേസയം മേയ് 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര വാഗ്ദാനം ചെയ്ത കോൺഗ്രസ്, ജനങ്ങൾക്ക് നൽകിയ ഉറപ്പുകളെല്ലാം അട്ടിമറിക്കുകയാണെന്നാണ് ബിജെപി ഉയർത്തുന്ന വിമർശനം. ഈ സ്ത്രീവിരുദ്ധ വഞ്ചനയ്ക്കെതിരെ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കെഎസ്ആർടിസി ബസുകളിൽ സൗജന്യയാത്ര നടത്തിയാണ് ഇവരുടെ പ്രതിഷേധം. അധികാരക്കൊതി വെടിഞ്ഞ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനും സ്ത്രീകളോട് നീതി കാട്ടാനും കോൺഗ്രസ് തയ്യാറാകണമെന്നും ബിജെപി വിമർശിച്ചിരുന്നു. എന്നാൽ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാതെ പ്രഖ്യാപിച്ച വാഗ്ദാനങ്ങളൊന്നും നടപ്പിലാക്കാൻ പറ്റില്ലെന്നതാണ് യാഥാർഥ്യം.






