ചെങ്കടലില്‍ തക്കംപാര്‍ത്ത് ഹൂതികള്‍; ഇന്ത്യയുടെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും ആശങ്കയില്‍; രാജ്യത്തിന്റെ 99 ശതമാനം രാജ്യാന്തര ഡാറ്റാ ട്രാഫിക്കും ചെങ്കടലിലൂടെ; കേബിളുകള്‍ മുറിഞ്ഞാല്‍ ‘ഇന്റര്‍നെറ്റ് ബ്ലാക്ക് ഔട്ട്’; അറ്റകുറ്റപ്പണിയും വെല്ലുവിളി നിറഞ്ഞത്
2023 ല്‍ തന്ത്രപ്രധാന ചെക്ക്പോയിന്റായ ബാബ് എല്‍-മണ്ടേബിന് സമീപം കേബിള്‍ മുറഞ്ഞതോടെ ഇന്ത്യ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ഡാറ്റാ വേഗത കുറഞ്ഞിരുന്നു.

സനാ: ചെങ്കടലില്‍ ഹൂതികളുടെ ആക്രമണത്തില്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും ആശങ്കയില്‍. ചെങ്കടലില്‍ കപ്പലുകളെ ആക്രമിക്കുന്നതിനൊപ്പം കടലിനടിയിലെ കേബിളുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുമാണ് കമ്പനികളെ പുതിയ വഴികള്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. രാജ്യത്തിന്റെ 99 ശതമാനം അന്താരാഷ്ട്ര ഡാറ്റാ ട്രാഫിക്കും കടന്നുപോകുന്നതിനാല്‍ ഇന്ത്യയുടെ ഡിജിറ്റല്‍ കണക്ടിവിറ്റിയില്‍ സബ്സീ കേബിളുകള്‍ നിര്‍ണായകമാണ്.
കേബിളുകളുടെ അറ്റകുറ്റപ്പണിക്കായി മേഖലയിലെത്തുന്ന കപ്പലുകളെ ഹൂതികള്‍ ഭീഷണിപ്പെടുത്തുകയും മോചനദ്രവ്യം ആവശ്യപ്പെടുകയുമാണ്. ആക്രമണ ഭീഷണി ഉയര്‍ന്നതോടെ കേബിളുകളുടെ സുരക്ഷയ്ക്കുള്ള ഇന്‍ഷൂറന്‍സ് തുകയും പലമടങ്ങ് വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ സ്ഥിതി സങ്കീര്‍ണമാകാതിരിക്കാന്‍ മറ്റുവഴികള്‍ തേടുകയാണ് കമ്പനികള്‍. സുരക്ഷാഭീഷണി നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ കേബിളുകള്‍ അറ്റകുറ്റപണി പൂര്‍ത്തികയാക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് ലൈറ്റ്സ്റ്റോം സിഇഒ അമജിത് ഗുപ്ത പറഞ്ഞു. 21,000 കിലോമീറ്റര്‍ സബ്സീ കേബിള്‍ ശൃംഖല കമ്പനി നിയന്ത്രിക്കുന്നുണ്ട്.

സമുദ്രത്തിന്റെ അടിത്തട്ടില്‍ സ്ഥാപിച്ചിട്ടുള്ള ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ വഴിയാണ് ഇന്ത്യയെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത്. വീഡിയോ സ്ട്രീമിങ് മുതല്‍ സാമ്പത്തിക ഇടപാടുകള്‍ വരെ മിക്കവാറും എല്ലാ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഇത് നിര്‍ണായകമാണ്. ഗൂഗിളിന്റെ ബ്ലൂ-രാമന്, ഭാരതി എയര്‍ടെല്ലിന്റെ 2Africa, Sea-Me-We 6 , റിലയന്‍സ് ജിയോയുടെ ഇന്ത്യ-യൂറോപ്പ്-എക്സ്പ്രസ് തുടങ്ങിയ പ്രധാന സബ്സീ കേബിളുകളെല്ലാം ചെങ്കടലിലെ ഈ മേഖലയിലൂടെയാണ് കടന്നുപോകുന്നത്. മുംബൈയിലെയും ചെന്നൈയിലെയും കേബിള്‍ ലാന്‍ഡിംഗ് സ്റ്റേഷനുകളിലേക്ക് ഇവ എത്തുന്നത്. പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ ഡാറ്റാ ട്രാഫിക്കിന്റെ സിംഹഭാഗവും ഈ കേബിളുകളിലൂടെയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്.
2023 ല്‍ തന്ത്രപ്രധാന ചെക്ക്പോയിന്റായ ബാബ് എല്‍-മണ്ടേബിന് സമീപം കേബിള്‍ മുറഞ്ഞതോടെ ഇന്ത്യ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ഡാറ്റാ വേഗത കുറഞ്ഞിരുന്നു. പുതിയ സാഹചര്യത്തില്‍ അന്തര്‍വാഹിനി അറ്റകുറ്റപണിക്കുള്ള കപ്പല്‍ തടഞ്ഞ് മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവം അടക്കം നിലനില്‍ക്കുന്നതിനാല്‍ കമ്പനികള്‍ കണക്ടിവിറ്റിയെ സ്ട്രാറ്റജി പൂര്‍ണമായും മാറിചിന്തിക്കുകയാണ്. പുതിയ ഭീഷണി മറികടക്കാന്‍ കമ്പനികള്‍ ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി ഉപയോഗിക്കുകയാണെന്നാണ് വിവരം. കടലിനടിയിലെയും കരയിലൂടെയും ഉള്ള പാതകള്‍ സംയോജിപ്പിക്കുന്ന ഹൈബ്രിഡ് ശൃംഖലയാണിത്.
കേബിളുകള്‍ മുറിയുന്നതല്ല യഥാര്‍ഥത്തില്‍ പ്രശ്നം. ഇവ റിപ്പയര്‍ ചെയ്യുന്നതിനുള്ള കാലതാമസമാണെന്നു ടാറ്റ കമ്യൂണിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ എ.എസ്. ലക്ഷ്മി നാരായണന് ചൂണ്ടിക്കാട്ടി. കപ്പലുകള്‍ക്കു ക്ഷാമമുണ്ട്. നിലവില്‍ ഒരുജോടി ഫൈബര്‍ കേബിളുകള്‍ വാടകയ്ക്ക് എടുക്കാന്‍ 30,000 മുതല്‍ 50,000 ഡോളര്‍വരെ മാസം നല്‍കണം. ഇതോടൊപ്പം ഇന്‍ഷുറന്‍സ് പ്രീമിയവും കുതിച്ചുയര്‍ന്നു. ഡാറ്റ സെന്ററുകളും ക്ലൗഡ് പ്രൊവൈഡര്‍മാര്‍ക്കും ഈ ഭാരം താങ്ങാന്‍ കഴിയില്ല. അത് ഉഭോക്താക്കളിലേക്കു പണച്ചെലവിന്റെ ഭാരം കൈമാറും.
മെറ്റ, ഗൂഗിള്‍, ആമസോണ്‍ എന്നിവയും പ്രശ്നത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഇവര്‍ക്ക് ഇന്ത്യയില്‍ സാന്നിധ്യം കൂടുതലായതിനാല്‍ വന്‍ തുകയാണ് സമുദ്രാന്തര്‍ഭാഗത്തെ കേബിളുകളില്‍ നിക്ഷേപിച്ചിട്ടുള്ളത്. ഗൂഗിളിന്െ ബ്ലൂ രാമന്, മെറ്റയുടെ വാട്ടര്‍വര്‍ത്ത് എന്നിവയാണ് ആവശ്യത്തിലേറെ പണം പദ്ധതികളില്‍ ഇറക്കിയിട്ടുള്ളത്. എയര്‍ടെല്ലിന്റെ കേബിളുകള്‍ 2024ല്‍ ആണ് ആക്ടീവ് ആയത്. ജിയോയും രണ്ട് നിര്‍ണായക റൂട്ടുകള്‍ ഈ വര്‍ഷം സജീവമാക്കും. എന്നാല്‍, കേബിളുകള്‍ക്ക് എന്തെങ്കിലും സംഭവിക്കുന്നത് ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇന്റര്‍നെറ്റ് മാര്‍ക്കറ്റ് എന്ന നിലയില്‍ ഇന്ത്യയെ ഇരുട്ടിലാക്കും. ഇന്ത്യയുടെ സുമുദ്രാന്തര കേബിള്‍ വിപണിയുടെ മൂല്യം ഏഴു ശതമാനം വളര്‍ന്ന് 2030ല്‍ 78.6 മില്യണ്‍ ഡോളറാകുമെന്നാണു കണക്കക്കുന്നത്. എന്നാല്‍, 2028ല്‍ ലോക വിപണി 40.58 ബില്യണാകും.
houthi-attacks-in-red-sea-threaten-indias-internet-backbone-spur-cable-route-rethink-article






