തലയില്‍ കുപ്പി കൊണ്ട് അടിച്ച് ‘സ്വന്തം രാജ്യത്തേക്ക് മടങ്ങുക’ എന്ന് ആക്രോശിച്ചു; അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജന് നേരെ വീണ്ടും വംശീയ ആക്രമണം

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജന് നേരെ വീണ്ടും വംശീയ ആക്രമണം. തലസ്ഥാനമായ ഡബ്ലിന്റെ പ്രാന്തപ്രദേശമായ ബാലിമുണില്‍ വെച്ചാണ് ക്യാബ് ഡ്രൈവറായ ലഖ്വീര്‍ സിംഗിനെ വംശീയ തീവ്രവാദികള്‍ ആക്രമിച്ചത്. യാതൊരു പ്രകോപനവുമില്ലാതെ അക്രമികള്‍ ലഖ്വീര്‍ സിങ്ങിന്റെ തലയില്‍ കുപ്പി കൊണ്ട് അടിക്കുകയും ‘സ്വന്തം രാജ്യത്തേക്ക് മടങ്ങുക’ എന്ന് ആക്രോശിക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ടാലയില്‍ ഒരുകൂട്ടം കൗമാരക്കാര്‍ 40 വയസ്സുള്ള ഒരു ഇന്ത്യക്കാരനെ മര്‍ദിക്കുകയും പൊതുനിരത്തില്‍ നഗ്‌നനാക്കുകയും ചെയ്തിരുന്നു. ഡബ്ലിനില്‍ 32 വയസ്സുള്ള ഒരു ഇന്ത്യന്‍ വംശജനായ സംരംഭകനെയും കൗമാരക്കാരുടെ സംഘം ക്രൂരമായി ആക്രമിച്ചിരുന്നു.
വടക്കന്‍ പ്രദേശത്തുനിന്ന് ഏകദേശം 20-21 വയസ്സ് പ്രായമുള്ള രണ്ട് പുരുഷന്മാരാണ് തന്റെ ക്യാബ് ബുക്ക് ചെയ്ത് പോപ്പിന്‍ട്രീയിലേക്ക് കൊണ്ടുപോയതെന്ന് സിംഗ് പറഞ്ഞു. ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോള്‍, രണ്ടുപേരും വാഹനത്തിന്റെ വാതില്‍ തുറന്ന് അദ്ദേഹത്തെ ആക്രമിച്ചു. കുപ്പി കൊണ്ട് തലയില്‍ രണ്ടുതവണ അടിച്ചതായി ഡബ്ലിന്‍ ആസ്ഥാനമായുള്ള വാര്‍ത്താ ഏജന്‍സിയായ ഡബ്ലിന്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്തു.
23 വര്‍ഷത്തിലേറെയായി സിംഗ് അയര്‍ലണ്ടിലാണ് താമസിക്കുന്നത്. പത്ത് വര്‍ഷത്തിലേറെയായി ക്യാബ് ഓടിക്കുന്നു. സിംഗിനെ ആക്രമണത്തിന് ശേഷം ചികിത്സയ്ക്കായി ബ്യൂമോണ്ട് ആശുപത്രിയില്‍ പ്രവേശിപിച്ചു.






