Breaking NewsLead NewsWorld

രണ്ട് ആണവ അന്തര്‍വാഹിനികള്‍ വിന്യസിക്കും: ആണവായുധത്തേക്കുറിച്ചുള്ള ട്രംപിന്റെ നിലപാടില്‍ ജാഗ്രത വേണം; മുന്നറിയിപ്പുമായി റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ്

ക്രെംലിന്‍: ആണവായുധത്തെക്കുറിച്ചുള്ള ട്രംപിന്റെ പ്രതികരണത്തില്‍ ജാഗ്രത വേണമെന്ന് റഷ്യ. രണ്ട് ആണവ അന്തര്‍വാഹിനികള്‍ ഉചിതമായ മേഖലകളില്‍ വിന്യസിക്കാന്‍ ഉത്തരവിട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവിന്റെ പ്രതികരണം.

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും റഷ്യയുടെ മുന്‍ പ്രസിഡന്റ് ദിമിത്രി മെദ്വെദേവും തമ്മിലുണ്ടായ വാക്‌പോരിന് പിന്നാലെയാണ് യുഎസ് പ്രസിഡന്റിന്റെ പ്രസ്താവനയുണ്ടായത്. മുന്‍ പ്രസിഡന്റ് ആയിരുന്ന മെദ്വെദേവ്, നിലവില്‍ റഷ്യയുടെ സുരക്ഷാ കൗണ്‍സിലിന്റെ ഡെപ്യൂട്ടി ചെയര്‍മാനാണ്. ഉക്രെയ്നില്‍ വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്തിച്ചേരാന്‍ റഷ്യയ്ക്ക് മുന്നിലുള്ളത് വെറും പത്ത് ദിവസം മാത്രമാണെന്നും അല്ലാത്തപക്ഷം തീരുവ നടപടികള്‍ നേരിടേണ്ടിവരുമെന്നും ട്രംപ് പറഞ്ഞതാണ് വാക്‌പോരിന് തുടക്കമിട്ടത്.

Signature-ad

റഷ്യക്ക് സോവിയറ്റ് കാലം മുതലുള്ള ആണവശേഷിയുണ്ടെന്നും അത് ട്രംപ് മറക്കരുതെന്നുമായിരുന്നു മെദ്വെദേവിന്റെ പ്രതികരണം. ഇതോടെ വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണമെന്ന് മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തി. ഇതിന് പിന്നാലെയാണ് രണ്ട് ആണവ അന്തര്‍വാഹിനികള്‍ ഉചിതമായ മേഖലകളില്‍ വിന്യസിക്കാന്‍ ഉത്തരവിട്ടതായി ട്രംപ് പ്രഖ്യാപിച്ചത്.

ട്രൂത്ത് സോഷ്യലില്‍ കൂടിയായിരുന്നു ട്രംപിന്റെ പ്രതികരണം. മെദ്വെദേവിന്റെ പ്രസ്താവന ബുദ്ധിശൂന്യവും അതിവൈകാരികവുമാണ്. അതിനുള്ള മറുപടി എന്ന നിലയ്ക്കാണ് തന്റെ നടപടിയെന്നും ട്രംപ് ട്രൂത്തില്‍ കുറിച്ചിരുന്നു.

Back to top button
error: