താരദമ്പതികള്‍ പിരിയാന്‍ കാരണം അയാള്‍; സുഹൃത്തിന്റെ ദാമ്പത്യപ്രശ്നം തീര്‍ക്കാന്‍ പോയി നടിക്കൊപ്പം പൊറുതിയായി; പിണങ്ങിപ്പോയ സ്വന്തം ഭാര്യയെ തിരികെക്കൊണ്ടുവരാന്‍…

സിനിമാലോകത്തെ അറിയാക്കഥകള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി വെളിപ്പെടുത്തുന്നു സംവിധായകനാണ് ആലപ്പി അഷ്റഫ്. ഒരു സംവിധായകന് തകര്‍ത്ത താര ദമ്പതികളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോള്‍.
‘സോഷ്യല്‍ മീഡിയയിലെ അതിപ്രസരം കാരണം സിനിമയിലെ പുതിയ രഹസ്യങ്ങള്‍ക്ക് വലിയ ആയുസില്ല. പഴയ തലമുറയിലെ രഹസ്യങ്ങള്‍ പലതും ഇന്നും അജ്ഞാതമാണ്. ഇപ്പോള്‍ താങ്കള്‍ എന്തിനാണ് ഇത് പറയുന്നതെന്ന് ചോദിച്ചാല്‍, സിനിമയില്‍ ആദ്യകാലത്ത് നല്ല രീതിയില്‍ ജീവിച്ച്, ജനമനസുകളില്‍ സ്ഥാനമുറപ്പിച്ച ഒരു നടന്റെ ദയനീയമായ പതനത്തിന് ഇടവരുത്തിയ സംഭവങ്ങള്‍ കാണുമ്പോഴുള്ള വേദനകൊണ്ടുമാത്രമാണ്. നല്ല രീതിയില്‍ ജീവിക്കണമെന്ന് ആഗ്രഹിച്ച നല്ലൊരു നടന്റെ സന്തോഷം നിറഞ്ഞ കുടുംബ ബന്ധം തകരുകയും, തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്ക് അയാള്‍ വഴുതിവീഴുകയും ചെയ്യുന്നത് കണ്ടപ്പോള്‍ അയാള്‍ എങ്ങനെ ഈ അവസ്ഥയിലേക്ക് എത്തപ്പെട്ടുവെന്നത് നിങ്ങളെക്കൂടി ബോദ്ധ്യപ്പെടുത്തണമെന്ന് എനിക്ക് തോന്നി.
സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി സൗഹൃദം വച്ച് മുതലെടുത്ത പ്രമുഖ സംവിധായകന്റെ കടന്നുവരവാണ് ശുദ്ധവും പാവവുമായ ആ നടന്റെ കുടുംബ തകര്‍ച്ചയ്ക്ക് വഴിവച്ചത്. ഞാന്‍ മദ്രാസില്‍ ഉണ്ടായിരുന്ന കാലത്ത് ഈ നടന് അവിടത്തെ ഒരു പ്രശസ്ത നടിയുമായി പ്രണയത്തിലായി. പ്രണയബന്ധം വിവാഹത്തിലേക്ക് എത്തിയപ്പോള്‍ പലരെയും ക്ഷണിക്കാന്‍ പോയപ്പോള്‍ ഞാനും ഒപ്പമുണ്ടായിരുന്നു.
അങ്ങനെ സമാധാനപരമായ അവരുടെ ദാമ്പത്യ ജീവിതത്തില്‍ കുട്ടികളും ജനിച്ചു. നടന്റെ പ്രശസ്തി അത്യുന്നതങ്ങളില്‍ എത്തുകയും ചെയ്തു. തന്റെ ഭാര്യ എന്ത് പറയുന്നുവോ അത് അപ്പടി അനുസരിക്കുന്ന നല്ല ഭര്‍ത്താവായിരുന്നു ഈ നടന്. സിനിമാ മേഖലയില്‍ മാത്രമല്ല ഈ നടന് തന്റെ സാന്നിദ്ധ്യം അറിയിച്ചത്. ചാനലുകളില്‍ അവതാരകനായിട്ടും ഗസ്റ്റ് ആയിട്ടും വന്ന അദ്ദേഹം രാഷ്ട്രീയത്തിലും തിളങ്ങി.
ഒരു മനുഷ്യന്റെ ജീവിതത്തില്‍ എത്രത്തോളം സന്തോഷത്തോടെ പോയാലും എവിടെയെങ്കിലും ഒന്ന് താളം തെറ്റുമ്പോള്‍, അത് കുടുംബ ജീവിതത്തിലാണെങ്കില്‍ ചിലപ്പോള്‍ പരിഹരിക്കാന്‍ പറ്റാതെ പോകും. അതോടെ ഇത് കൂടുതല്‍ സങ്കീര്‍ണതകളിലേക്കും പ്രശ്നങ്ങളിലേക്കും എത്തപ്പെടാറുണ്ട്. അത് ചിലപ്പോള്‍ ദേഹപദ്രവങ്ങളിലേക്കും ചെന്നെത്തിയേക്കാം. വക്കീല്‍, കേസ്, കോടതി, പരസ്പരം ചളിവാരിയെറിയല്‍, എല്ലാത്തിനുമൊടുവില്‍ വേര്‍പിരിയല്‍. ഇതൊക്കെ പതിവാണല്ലോ. നിസാര പ്രശ്നങ്ങളാണ് ഇതിനൊക്കെ വഴിതെളിക്കുന്നത്.
എന്നാല്‍ ഇവരുടെ കാര്യത്തില്‍ വളരെ ഗൗരവമേറിയ സംഭവമുണ്ടായിട്ടുണ്ട്. ഇവിടംമുതലാണ് ശുദ്ധനും പാവവുമായിരുന്ന ആ നടന്റെ സ്വഭാവത്തില്‍ അടിമുടി മാറ്റംവരുന്നത്. പിന്നീട് കുറേക്കാലം ഒറ്റയ്ക്കുള്ള ജീവിതം. കുറച്ചുകാലങ്ങള്‍ക്ക് ശേഷം മറ്റൊരു ജീവിതസഖിയെ കണ്ടെത്തുന്നു. ആ ബന്ധവും നിലനിന്നില്ല. അവര്‍ പരസ്പരം ചെളിവാരിയെറിയാതെ പിരിഞ്ഞു.
വീണ്ടും ഒറ്റയ്ക്കുള്ള ജീവിതം. അത് കൂടുതല്‍ കുഴപ്പത്തിലേക്ക് പോയി. പീഡനക്കേസില്‍ പ്രതിയാക്കപ്പെട്ടു. അതിപ്പോള്‍ കോടതിയുടെ പരിഗണനയിലുമാണ്. സ്വഭാവ വ്യതിയാനം പല രീതിയിലും പ്രകടമായിത്തുടങ്ങി. രാത്രികാലങ്ങളിലെ ഫോണ്‍ വിളിയും, ഫോണിലൂടെയുള്ള അശ്ലീല സംഭാഷണങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പൊടിപൊടിച്ചു. ഇതെല്ലാം ശോഭനമായ രാഷ്ട്രീയ ഭാവി തകര്‍ത്തെറിഞ്ഞു.
ഇതെല്ലാം കുടുംബ ജീവിതത്തിലെ ഫ്രസ്ട്രേഷന്‍ കൊണ്ടുണ്ടായതാണെന്ന് മനസിലാക്കാന്‍ സൈക്കോളജിയൊന്നും പഠിക്കേണ്ട. സാധാരണക്കാര്‍ക്കുപോലും മനസിലാക്കാം. അതിപ്രശസ്തനായ അച്ഛന്റെയും അമ്മയുടെയും ഏകമകന്. ഈ മകന്റെ ജീവിതം തകര്‍ന്നടിഞ്ഞതിന് ഒരു രഹസ്യമുണ്ട്. വില്ലനായി ആ നടന്റെയും ആദ്യ ഭാര്യയുടെയും ജീവിതത്തിലേക്ക് കടന്നുകയറിയ വ്യക്തി സമൂഹത്തിന്റെ മുന്നില്‍ പേരും പ്രശസ്തിയുമുള്ള സര്‍വാദരണീയനാണ്. മലയാള സിനിമയ്ക്ക് മറക്കാനാകാത്ത സംഭാവനകള്‍ നല്കിയ സംവിധായകനുമാണ്.
സൗന്ദര്യ പ്രശ്നത്തിന്റെ പേരില്‍ കേരളത്തിലും മദ്രാസിലുമായി ദമ്പതികള്‍ അകന്നുനിന്നപ്പോള്‍ പറഞ്ഞുതീര്‍ക്കാനെത്തിയ ദൂതനായിരുന്നു സുഹൃത്തായ സംവിധായകന്. പ്രശ്നം പരിഹരിക്കാന്‍ സ്ഥിരം സന്ദര്‍ശകനായി നടിയുടെ വീട്ടിലെത്തിയ ഈ സംവിധായകന് പതുക്കെ പതുക്കെ ആ നടിയുടെ വീട്ടിലെ സ്ഥിരതാമസക്കാരനായി. ഇതറിഞ്ഞ സംവിധായകന്റെ ഭാര്യ പിണങ്ങിപ്പോയി. നടിയും സംവിധായകനുമായുള്ള ബന്ധത്തില്‍ അരുതാത്ത പലതും നടന്നതായി അവര്‍ ഭര്‍ത്താവിന്റെ മുന്നില്‍ തുറന്നുപറയേണ്ട അവസ്ഥയുണ്ടായി.
ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യയില്‍ നിന്ന് ഇതറിഞ്ഞപ്പോള്‍ ഭര്‍ത്താവിനുണ്ടാകുന്ന മാനസികാവസ്ഥയെക്കുറിച്ച് പറയേണ്ടതില്ലല്ലോ. ഇവിടെ തുടങ്ങിയതാണ് നടന്റെ പല തെറ്റുകളിലേക്കുമുള്ള ജൈത്രയാത്ര. പിണങ്ങിപ്പോയ സംവിധായകന്റെ ഭാര്യയെ മറ്റൊരു മാന്യനായ ദൂതന് പോയി സമാധാനിപ്പിച്ച് തിരികെക്കൊണ്ടുവന്നു.’- അദ്ദേഹം പറഞ്ഞു.






