ഇന്ത്യന്‍ സൈന്യം വധിച്ച പഹല്‍ഗാം തീവ്രവാദികളുടെ ചിത്രങ്ങള്‍ പുറത്ത്; തിരിച്ചറിഞ്ഞത് മൊബൈല്‍ ഫോണില്‍നിന്ന്; മൂന്നു പേരും പാകിസ്താനികള്‍; ഉപയോഗിച്ചത് ലോംഗ് റേഞ്ച് വയര്‍ലെസ് സംവിധാനങ്ങള്‍; ട്രാക്ക് ചെയ്തത് തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ച്

ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷന് മഹാദേവി’ല്‍ കൊല്ലപ്പെട്ട മൂന്നു തീവ്രവാദികളുടെ ചിത്രങ്ങള്‍ ലഭിച്ചത് വിനോദ സഞ്ചാര കേന്ദ്രത്തില്‍നിന്നു പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍നിന്ന്. ഈ ചിത്രങ്ങള്‍ ദൃക്സാക്ഷികള്‍ സാക്ഷ്യപ്പെടുത്തിയതിനു പിന്നാലെയാണു കാട്ടിനുള്ളില്‍ ഒളിച്ചിരുന്ന മൂന്നുപേരെ സുരക്ഷാ സേന കണ്ടെത്തി കൊലപ്പെടുത്തിയതെന്നും റിപ്പോര്‍ട്ട്.
ജൂലൈ 28നു നടത്തിയ ഓപ്പറേഷന് മഹാദേവിലൂടെയാണു മൂന്നുപേരെയും കണ്ടെത്തിയത്. ഫോണില്‍നിന്നു ലഷ്കറെ തോയ്ബ തീവ്രവാദികളായ സുലെമാന് എന്ന ഫൈസല്‍ ജാട്ട്, ഹംസ അഫ്ഗാനി, സിബ്രാന്‍ എന്നിവരുടെ നിരവധി ചിത്രങ്ങള്‍ ലഭിച്ചെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന് വെളിപ്പെടുത്തി.
ബൈസരന്‍ പുല്മേട്ടില് ആക്രമണത്തിനു ദൃക്സാക്ഷികളായവരെ ഈ ചിത്രങ്ങള്‍ കാട്ടിക്കൊടുത്തതിനുശേഷമാണ് ഇവര്‍ ഒളിച്ചിരുന്ന ഡാച്ചിഗാം വനത്തിലേക്കു കടന്നത്. ശ്രീനഗറില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. ലോംഗ് റേഞ്ച് (ലോറ) വയര്‍ലെസ് മൊഡ്യൂള്‍ ആണ് ആശയവിനിമയത്തിനായി ഇവര്‍ ഉപയോഗിച്ചിരുന്നത്. ഈ സിഗ്നല്‍ പിടിച്ചെടുത്താണ് ഇവരുടെ ഒളിയിടം സുരക്ഷാ സേന കണ്ടെത്തിയത്. ഈ ഉപകരണം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

മൂന്നുപേരെ വെടിവച്ചു കൊന്ന വിവരം ജൂലൈ 29ന് അമിത് ഷാ പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയിരുന്നു. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇവരെ കണ്ടെത്തിയതെന്നും ഷാ വ്യക്തമാക്കിയിരുന്നു. ഈ മേഖലയില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് ഇന്റലിജന്‍സ് വിവരം ലഭിച്ചിരുന്നു. ഐബിയും ആര്‍മിയും മേയ് 22 മുതല്‍ ജൂലൈ 22 വരെ സംയുക്തമായാണു നീങ്ങിയത്. ഇന്ത്യന്‍ ഏജന്‍സികള്‍ വികസിപ്പിച്ച ഉപകരണം ഉപയോഗിച്ചാണ് തീവ്രവാദികള്‍ ഉപയോഗിച്ച വയര്‍ലെസ് സംവിധാനത്തിന്റെ സിഗ്നലുകള്‍ പിടിച്ചെടുത്തത്.
കൊല്ലപ്പെട്ട മൂന്നുപേരും പാകിസ്താനികളാണ്. ഹംസ അഫ്ഗാനി ഖൈബര്‍ പക്തുണ്ഖ്വയിലുള്ളയാളാണ്. മൂന്നുവട്ടം ഇവരെ കാട്ടില്‍വച്ചു നേരില്‍ കണ്ടെങ്കിലും വളരെപ്പെട്ടെന്നു രക്ഷപ്പെട്ടു. പിന്നീട് അരുവികള്‍ കേന്ദ്രീകരിച്ചു നിരീക്ഷണം ശക്തമാക്കി. ഇവിടെയാണ് ഇവര്‍ വെള്ളമെടുക്കാന്‍ എത്തിയിരുന്നത്.
ഇരുപത്തഞ്ചോളം വരുന്ന ഭീകരവാദികള്‍ ഇന്ത്യയിലെത്തിയിട്ടുണ്ടെന്നും വര്‍ഷങ്ങളായി കാടുകളും മലനിരകളും ഒളിയിടമാക്കി പ്രവര്‍ത്തിക്കുന്നെന്നും നേരത്തേ ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2024ല്‍ ഭീകരവാദികള്‍ രണ്ടായിപ്പിരിഞ്ഞു. ഇതിലൊരു സംഘത്തെ സുലെമാന് നയിച്ചു. ഇയാളാണ് ഇപ്പോള്‍ കൊല്ലപ്പെട്ടത്. മറ്റൊരു നേതാവ് പാക് സ്വദേശി മൂസയാ്. 2021 മുതല്‍ 135 സുരക്ഷാ സൈനികരെ വധിച്ചതിനു പിന്നില്‍ ഇവരാണെന്നാണ് ഇന്ത്യ കണ്ടെത്തിയിട്ടുള്ളത്. ഓപ്പറേഷന് മഹാദേവിനുശേഷം മറ്റു വിദേശ തീവ്രവാദികളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ക്കായി നീക്കങ്ങള്‍ ആരംഭിച്ചെന്നും ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.






