മാളുകളില്‍ ആറ് റംബുട്ടാന് നൂറു രൂപ; കര്ഷകന് വിറ്റാല്‍ കിലോയ്ക്ക് 50 രൂപ മാത്രം! വിലയിടിച്ച് ചരക്കെടുക്കാന്‍ സംഘടിച്ച് ഇതര സംസ്ഥാന കച്ചവടക്കാര്‍

കൊച്ചി: വിളവെത്തിയ റംബുട്ടാന് ന്യായമായ വില കിട്ടാതെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. തമിഴ്നാട് അടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന വിലയ്ക്കു റംബുട്ടാന് വില്ക്കുമ്പോഴാണ് കര്‍ഷകര്‍ക്കു തുച്ഛമായ വില നല്കി റംബുട്ടാന് വാങ്ങുന്നത്. നാട്ടിന്‍പുറങ്ങളില്ലെല്ലാം റംബുട്ടാന് വിളവെത്തി നില്‍ക്കുകയാണ്. മുന്‍ കാലങ്ങളില്‍ വിളവെത്തും മുന്‍പു തന്നെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റും കച്ചവടക്കാരെത്തി മൊത്തവിലയിട്ടു വാങ്ങിയിരുന്നു. എന്നാല്‍, ഇത്തവണ പരിമിതമായ മേഖലകളില്‍ മാത്രമാണു കച്ചവടക്കാരെത്തിയത്. ഇത്തരത്തില്‍ വിലയുറപ്പിച്ചിരുന്ന മരങ്ങള്‍ക്കു മുകളില്‍ വലയിട്ടു സംരക്ഷിച്ചിരുന്നു. ഇപ്പോള്‍ കച്ചവടക്കാരെത്തി വിളവെടുപ്പും ആരംഭിച്ചിട്ടുണ്ട്.
മൊത്ത വിലയ്ക്കു വില്പന നടത്താന്‍ കഴിയാതിരുന്ന കര്‍ഷകരാണ് ഇപ്പോള്‍ ദുരിതത്തിലായത്. കിലോയ്ക്ക് 50 രൂപ മാത്രമാണു ലഭിക്കുന്നത്. തിരികിടയുണ്ടെന്നു പറഞ്ഞ് ഇതിലും വില കുറയ്ക്കുന്നുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. ഇതു തമിഴ്നാട്ടിലെത്തിച്ച് കൂടിയ വിലയ്ക്കു വില്പന നടത്തുകയാണ്. സംസ്ഥാനത്തെ മാളുകളിലും അഞ്ചും ആറും പഴങ്ങള്‍ക്ക് 100 രൂപ വരെ നല്‍കണം. പ്ലാസ്റ്റിക് ഡെപ്പിയിലാക്കിയാണു വില്പന.
മുന്‍പ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കച്ചവടക്കാര്‍ ഒറ്റയ്ക്കാണു വിലയിട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ സംഘം ചേര്‍ന്നിരിക്കുന്നു. സൊസൈറ്റി പോലെ രൂപീകരിച്ചിരിക്കുകയാണ് അവര്‍. കര്‍ഷകരുടെ ഇടയിലെത്തി വില ഇടിച്ചു വാങ്ങുകയാണ്. കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന കൃഷി വകുപ്പ് ന്യായമായ വില നല്കി റംബുട്ടാന് ഏറ്റെടുത്തു വില്പന നടത്തണം. എന്നാല്‍ മാത്രമേ വില കുറച്ചു വാങ്ങുന്ന കച്ചവടക്കാരുടെ കുത്തക തകര്‍ത്ത് കര്‍ഷകര്‍ക്കു ന്യായമായ വില ലഭിക്കൂ.






