പുടിന്റെ നിലപാടില്‍ കടുത്ത അതൃപ്തി: 10-12 ദിവസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കണം; ഉക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയ്ക്ക് വീണ്ടും ട്രംപിന്റെ അന്ത്യശാസനം

ടേണ്‍ബെറി: ഉക്രെയ്നെതിരെയുള്ള യുദ്ധം 10-12 ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കണമെന്ന് റഷ്യയ്ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം. യുദ്ധം ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും റഷ്യയ്ക്കെതിരെയും റഷ്യയില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ നിലപാടില്‍ കടുത്ത അതൃപ്തിയുണ്ടെന്നും ഇന്നു മുതല്‍ 10-12 ദിവസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കണമെന്ന പുതിയ സമയപരിധി നല്‍കുകയാണെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.
ഉക്രെയ്ന്‍ യുദ്ധം 50 ദിവസത്തിനുള്ളില്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കനത്ത തീരുവകള്‍ ചുമത്തി ശിക്ഷിക്കുമെന്ന് ഡോണള്‍ഡ് ട്രംപ് റഷ്യയ്ക്ക് ജൂലൈ 14ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളും അധിക തീരുവ നേരിടേണ്ടി വരും. പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയുടെ (നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍) സെക്രട്ടറി ജനറല്‍ മാര്‍ക് റട്ടുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഈ സമയപരിധി വെട്ടിക്കുറച്ചാണ് ട്രംപ് പുതിയ പ്രഖ്യാപനം നടത്തിയത്.
ഉക്രെയ്‌നില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാകാതെ വന്നാല്‍, റഷ്യയ്‌ക്കെതിരെ നൂറു ശതമാനം അധിക താരിഫ് ചുമത്തുമെന്നായിരുന്നു ജൂലൈ 14 ലെ ട്രംപിന്റെ മുന്നറിയിപ്പ്. സമാധാന ചര്‍ച്ചകള്‍ക്ക് റഷ്യയെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിര്‍ണായക പ്രസ്താവന. ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യയും ഉക്രെയ്‌നും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തുന്നതില്‍ പരാജയപ്പെട്ടാല്‍, റഷ്യന്‍ ഉല്‍പന്നങ്ങള്‍ക്ക് നൂറു ശതമാനം അധിക താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.
ഇത് റഷ്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാകുമെന്നും രാജ്യാന്തര വ്യാപാര ബന്ധങ്ങളില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും വിലയിരുത്തപ്പെട്ടിരുന്നു. ഉക്രെയ്‌നില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള രാജ്യാന്തര ശ്രമങ്ങള്‍ തുടരുന്നതിനിടയിലാണ് ട്രംപിന്റെ പ്രസ്താവന. യുദ്ധം അവസാനിപ്പിക്കാന്‍ തനിക്ക് സാധിക്കുമെന്നും, അധികാരത്തിലെത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ ഇത് സാധ്യമാക്കുമെന്നും അദ്ദേഹം നേരത്തേ അവകാശപ്പെട്ടിരുന്നു. ഈ പുതിയ ഭീഷണി, തന്റെ നയതന്ത്ര സമീപനത്തിന്റെ ഭാഗമാണെന്നാണ് അദ്ദേഹത്തിന്റെ വാദം.






