കാമുകനൊപ്പം ജീവിക്കാന്‍ മക്കളെ വിഷം കൊടുത്തു കൊന്നു, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഭര്‍ത്താവ്; ഇത് ഡബ്‌സ്മാഷ് ‘റാണി’യുടെ കഥ

ചെന്നൈ: മാതൃത്വത്തിന്റെ മഹത്വത്തിനു കളങ്കം വരുത്തുന്ന ഹീനകൃത്യത്തില്‍ ഏര്‍പ്പെട്ട യുവതിയും കാമുകനും മരണം വരെ ശിക്ഷ അനുഭവിക്കണമെന്നു നിര്‍ദേശിച്ചാണ് കോടതി ആ ശിക്ഷ വിധിച്ചത്. കാമുകനോടൊപ്പം ജീവിക്കാന്‍ മക്കളെ കൊലപ്പെടുത്തിയ യുവതിക്കും കൊലപാതകത്തിനു കൂട്ടുനിന്ന കാമുകനുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ച് കാഞ്ചീപുരം ജില്ലാ കോടതി ഉത്തരവായത്. കുണ്ട്രത്തൂരില്‍ താമസിച്ചു വന്ന വിജയ്യുടെ ഭാര്യ അഭിരാമിയാണു 2018 ല്‍ 7 വയസ്സുള്ള മകനെയും 4 വയസ്സുള്ള മകളെയും പാലില്‍ അമിത അളവില്‍ ഉറക്കഗുളിക ചേര്‍ത്തു നല്‍കി കൊലപ്പെടുത്തിയത്.
വീടിനടുത്തുള്ള ബിരിയാണികടയിലെ ജീവനക്കാരനായ കാമുകനൊപ്പം ജീവിക്കാനാണ് നൊന്തുപെറ്റ രണ്ട് മക്കളെയും കൊലപ്പെടുത്തിയത്. തമിഴ്‌നാട് കുണ്ട്രത്തൂരിലാണ് അഭിരാമിയുടെ വീട്. ഭര്‍ത്താവ് വിജയ് കുമാര്‍ ബാങ്ക് ഉദ്യോഗസ്ഥന്‍. ഭര്‍ത്താവിന്റെ ജന്മദിവസം തന്നെയാണ് അഭിരാമി ഇവരെ കൊലപ്പെടുത്താന്‍ തിരഞ്ഞെടുത്തത്. 2018 ഓഗസ്റ്റ് 30 വ്യാഴാഴ്ച രാത്രി മുതല്‍ കുണ്ട്രത്തൂരില്‍ സംഭവിച്ചകാര്യങ്ങള്‍ ഇങ്ങനെ.
രാത്രിയിലെ ജന്മദിനാഘോഷങ്ങള്‍ കഴിഞ്ഞതിന് പിന്നാലെയാണ് അഭിരാമി നേരത്തെ ആസൂത്രണം ചെയ്ത പദ്ധതികള്‍ നടപ്പിലാക്കിതുടങ്ങിയത്. വ്യാഴാഴ്ച രാത്രി ഭര്‍ത്താവിനും മക്കള്‍ക്കും നല്‍കിയ പാലില്‍ ഉറക്കഗുളിക പൊടിച്ച് കലര്‍ത്തിയിരുന്നു. പക്ഷേ, നാലുവയസുകാരിയായ മകള്‍ക്ക് മാത്രമാണ് വിഷബാധയേറ്റത്.
പാലില്‍ കലര്‍ത്തിയ മരുന്നിന്റെ അളവ് തീരെ കുറഞ്ഞുപോയതിനാല്‍ ഭര്‍ത്താവ് വിജയ്കുമാറും ഏഴുവയസുകാരനായ മകനും അന്നേദിവസം അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ജോലിക്ക് പോകുന്നതിന് മുമ്പ് ഭര്‍ത്താവ് മകളെ കാണാതിരിക്കാനും അഭിരാമി തന്ത്രപൂര്‍വ്വം ഇടപെടലുകള്‍ നടത്തി. മകള്‍ ഉറങ്ങുകയാണെന്നും ശല്യപ്പെടുത്തേണ്ടെന്നും പറഞ്ഞ്, ഭര്‍ത്താവിനെ ആലിംഗനം ചെയ്താണ് അഭിരാമി യാത്രയാക്കിയത്. പക്ഷേ, ഈ സമയം നാലുവയസുകാരിയായ മകള്‍ മരിച്ചിരുന്നു.
വെള്ളിയാഴ്ച രാത്രിയിലാണ് മകന് വീണ്ടും മയക്കുഗുളിക പാലില്‍ കലര്‍ത്തിനല്‍കിയത്. ഇത്തവണ മരണം ഉറപ്പുവരുത്താനായി ഉയര്‍ന്ന അളവില്‍ തന്നെ മയക്കുഗുളിക പാലില്‍ കലര്‍ത്തിയിരുന്നു. രാത്രിയില്‍ ജോലി കഴിഞ്ഞെത്തുന്ന ഭര്‍ത്താവിന് വേണ്ടിയും സമാനരീതിയില്‍ മരണക്കെണി ഒരുക്കിവെച്ചു. എന്നാല്‍ ബാങ്ക് ജീവനക്കാരനായ വിജയ്കുമാര്‍ ജോലിത്തിരക്കുകാരണം തിരിച്ചെത്താന്‍ വൈകുമെന്നറിഞ്ഞതോടെ അഭിരാമി പരിഭ്രാന്തയായി. തുടര്‍ന്നാണ് സ്‌കൂട്ടറില്‍ ബസ് സ്റ്റാന്‍ഡിലെത്തിയത്.
ഇവിടെനിന്ന് കാമുകന്‍ സുന്ദരത്തിന്റെ സഹായത്തോടെ അഭിരാമി നാഗര്‍ കോവിലേക്ക് ബസ് കയറി. എന്നാല്‍ സുന്ദരം ചെന്നൈയില്‍ തുടര്‍ന്നു. നാഗര്‍കോവില്‍ വഴി തിരുവനന്തപുരത്ത് എത്തി പുതിയജീവിതം ആരംഭിക്കാനായിരുന്നു ഇവരുടെ പദ്ധതി. അഭിരാമി കേരളത്തില്‍ എത്തിയതിന് പിന്നാലെ സുന്ദരവും അവിടേക്ക് പോകാനായിരുന്നു തീരുമാനം. എന്നാല്‍ പോലീസിന്റെ പഴുതടച്ച അന്വേഷണത്തില്‍ കമിതാക്കളുടെ പദ്ധതികളെല്ലാം പാളി.
മുഖംമറച്ച് ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന അഭിരാമിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് ആദ്യംതന്നെ കണ്ടെടുത്തിരുന്നു. കാമുകനായ സുന്ദരത്തെയും പോലീസ് ചെന്നൈയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ഇതോടെയാണ് സുന്ദരരത്തിന്റെ ഫോണിലേക്ക് അഭിരാമി വിളിച്ചതായി പോലീസിന് മനസിലായത്.
നാഗര്‍ കോവില്‍ ബസ് ഇറങ്ങിയ അഭിരാമി തന്റെ മൊബൈല്‍ ഫോണും സിംകാര്‍ഡും ഉപേക്ഷിച്ച് ഒരു ട്രാഫിക്ക് പോലീസുകാരന്റെ ഫോണില്‍ നിന്നാണ് സുന്ദരത്തെ വിളിച്ചത്. അഭിരാമി വിളിച്ച ഫോണ് നമ്പര്‍ ട്രാഫിക്ക് പോലീസുകാരന്റേതാണെന്ന് തിരിച്ചറിഞ്ഞ പോലീസ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ തിരികെവിളിച്ച് അഭിരാമി നാഗര്‍ കോവിലില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തി. തുടര്‍ന്ന് കാമുകനായ സുന്ദരത്തെകൊണ്ട് ഇതേനമ്പറിലേക്ക് തിരിച്ചുവിളിപ്പിച്ചു. പോലീസിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് നഗരത്തിലെ ഒരു സ്ഥലത്തെത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കാമുകനോടൊപ്പമുള്ള ജീവിതം സ്വപ്നം കണ്ടെത്തിയ അഭിരാമിയെ കാത്തിരുന്നത് പോലീസ് ഉദ്യോഗസ്ഥരായിരുന്നു. സ്വന്തം മക്കളെ ക്രൂരമായി കൊലപ്പെടുത്തിയ അമ്മ അങ്ങനെ അഴിക്കുള്ളിലേക്ക്.
കാമുകനോടൊപ്പം ജീവിക്കാന്‍ 2 മക്കളെ കൊലപ്പെടുത്തി; ടിക്ടോക് താരത്തിനും കാമുകനും ജീവപര്യന്തം
അഭിരാമി പതിവായി കുട്ടികളെ ഉപദ്രവിക്കാറുണ്ടാരുന്നു. കാമുകനുമായി വിഡിയോകോളിനിടെ മക്കള്‍ ശല്യപ്പെടുത്തിയാല്‍ അവരെ ഉപദ്രവിക്കുന്നതും പതിവായിരുന്നു. അഭിരാമിയുടെ അയല്‍വാസികളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അഭിരാമിയുടെ വീട്ടില്‍ നിന്ന് ബഹളം കേട്ടപ്പോള്‍ അയല്‍വാസികള്‍ ഒരിക്കല്‍ പോലീസിനെ വിവരമറിയിക്കുകയും ചെയ്തിരുന്നു. ഭര്‍ത്താവ് ജോലിസ്ഥലത്തേക്ക് പോയതിന് ശേഷമായിരുന്നു മിക്കപ്പോഴും കാമുകനുമായി വിഡിയോകോള്‍ ചെയ്തിരുന്നതെന്ന് പോലീസ് പറയുന്നു.
അതിനിടെ, അഭിരാമിയുടെ ഡബ്‌സ്മാഷ് വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഭിരാമി കാമുകനൊപ്പവും അല്ലാതെയും ചെയ്ത ഡബ്‌സ്മാഷ് വിഡിയോകളാണ് സമുഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കാമുകനൊപ്പം ജീവിക്കാനായി രണ്ടുമക്കളെയും കൊലപ്പെടുത്തിയ അഭിരാമിക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് പലരും പ്രതികരിക്കുന്നത്.






