യുപിഐ പേമെന്റുകള്‍ക്കു ജി.എസ്.ടി. വരുമോ? നിലപാടു വ്യക്തമാക്കി കേന്ദ്രം; 2000 രൂപയ്ക്കു മുകളിലുള്ള ഗൂഗിള്‍ പേ ഇടപാടിന് നികുതി നല്‍കണമോ എന്ന ചോദ്യം രാജ്യസഭയിലും ചൂടന്‍ ചര്‍ച്ച
ഗൂഗിള്‍ പേയില്‍ ബില്‍ പേമെന്റുകള്‍ക്കു കണ്‍വീനിയന്‍സ് ഫീസ് ഏര്‍പ്പെടുത്താനുള്ള ഗൂഗിളിന്റെ നീക്കം മുന്നോട്ടുതന്നെയാണ് എന്നാണു വിവരം.

ന്യൂഡല്‍ഹി: ബില്‍ പേമെന്റുകള്‍ക്കു കണ്‍വീനിയന്‍സ് ഫീസ് ഏര്‍പ്പെടുത്താനുള്ള നീക്കത്തിനു പിന്നാലെ കൂടുതല്‍ തീരുവകള്‍ വന്നേക്കുമെന്ന സൂചനകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ പണമിടപാടുകള്‍പോലെ യുപിഐ പേമെന്റുകളും കുതിച്ചുയര്‍ന്നതോടെയാണു 2000 രൂപയ്ക്കു മുകളിലുള്ള ട്രാന്‍സാക്്ഷനുകള്‍ക്ക് നികുതി നല്‍കേണ്ടിവരുമെന്ന വാര്‍ത്ത പരന്നത്. എന്നാല്‍, ഇത്തരമൊരു നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നു പാര്‍ലമെന്റില്‍ വ്യക്തമാക്കി.
രാജ്യസഭാ എംപി അനില്‍കുമാര്‍ യാദവിന്റെ ചോദ്യത്തിനാണ് കൃത്യമായ മറുപടി നല്‍കിരിക്കുന്നത്. 2000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്കു ജിഎസ് ടി ഏര്‍പ്പെടുത്താന്‍ നീക്കമുണ്ടോ എന്നായിരുന്നു ചോദ്യം. എന്നാല്‍, രണ്ടായിരം രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്കു നികുതി ഏര്‍പ്പെടുത്താന്‍ നീക്കമില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കി. നികുതി സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ജിഎസ് ടി കൗണ്‍സിലാണ്. അവര്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ല. കൗണ്‍സിലിന്റെ നിര്‍ദേശം യുപിഐ ഇടപാടുകളുടെ കാര്യത്തില്‍ വന്നിട്ടില്ലെന്നു റവന്യൂ വകുപ്പും പാര്‍ലമെന്റില്‍ വ്യക്തമാക്കി. നിലവില്‍ വ്യക്തികള്‍ തമ്മില്‍ കൈമാറുന്ന പണത്തിനും വ്യക്തികളും വ്യാപാരികളും തമ്മിലുള്ള യുപിഐ ഇടപാടുകള്‍ക്കും നികുതി ഏര്‍പ്പെടുത്തുന്നില്ലെന്നും ധനവകുപ്പ് സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു.
എന്നാല്‍, ഗൂഗിള്‍ പേയില്‍ ബില്‍ പേമെന്റുകള്‍ക്കു കണ്‍വീനിയന്‍സ് ഫീസ് ഏര്‍പ്പെടുത്താനുള്ള ഗൂഗിളിന്റെ നീക്കം മുന്നോട്ടുതന്നെയാണ് എന്നാണു വിവരം. വൈദ്യുതി ബില്‍, വാട്ടര്‍, പാചകവാതക ബില്‍ എന്നി ഇടപാടുകളില്‍ ഇടപാട് തുകയുടെ അരശതമാനം മുതല്‍ ഒരു ശതമാനം വരെയാണ് കണ്‍വീനിയന്‍സ് ഫീ ഈടാക്കുക. എന്നാല്‍ യുപിഐയില്‍ ലിങ്ക് ചെയ്ത് ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ടുള്ള ഇടപാടിന് ഫീസൊന്നും നല്‍കേണ്ടതില്ല.
രാജ്യത്തെ ഏറ്റവും വലിയ യുപിഐ പ്ലാറ്റ്‌ഫോമായ ഫോണ്‍പേയില്‍ നേരത്തെ തന്നെ ഇത്തരം ഇടപാടുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കുന്നുണ്ട്. പേടിഎമ്മില്‍ 1-40 രൂപ വരെയാണ് ചാര്‍ജ്. മൊബൈല്‍ റീചാര്‍ജുകള്‍ക്ക് 3 രൂപ കണ്‍വീനിയന്‍സ് ഫീസ് ഗൂഗിള്‍ പേ നേരത്തെ ഈടാക്കുന്നുണ്ട്.
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍ പ്രോസസ്സ് ചെയ്യുന്നതിനുള്ള ചെലവ് നികത്താന്‍ കണ്‍വീനിയന്‍സ് ഫീസ് കമ്പനികളെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. 37 ശതമാനം വിപണി വിഹിതവുമായി രാജ്യത്ത് രണ്ടാം സ്ഥാനാണ് ഗൂഗിള്‍ പേ. ജനുവരി മാസത്തില്‍ 8.26 ലക്ഷം കോടി രൂപയുടെ യുപിഐ ഇടപാടുകളാണ് ഗൂഗിള്‍ പേയില്‍ നടന്നത്. ഒന്നാമത് ഫോണ്‍പേയാണ്.
യുപിഐയുടെ ജനപ്രീതിക്കിടയിലും വരുമാനം ഉണ്ടാക്കുന്നതില്‍ ഫിന്‍ടെക് കമ്പനികള്‍ വലിയ വെല്ലുവിളി നേരിടുന്നുണ്ട്. പിഡബ്ലുസിയുടെ അനാലിസിസ് അനുസരിച്ച്, വ്യക്തികളും മെര്‍ച്ചന്റും തമ്മിലുള്ള ഇടപാട് പ്രൊസസ് ചെയ്യുന്നത് തുകയുടെ 0.25 ശതമാനം ചെലവ് കമ്പനികള്‍ക്കുണ്ട്. 2024 സാമ്പത്തിക വര്‍ഷത്തില്‍ 12,000 കോടി രൂപയാണ് യുപിഐ ഇടപാട് പ്രൊസസ് ചെയ്യുന്നതിന് കമ്പനികള്‍ ചെലവാക്കിയത്.






