സൈബോര്‍ഗ് കോക്രോച്ചുകള്‍ മുതല്‍ എഐ ടാങ്കുകള്‍ വരെ; റഷ്യ- യുക്രൈന്‍ പോരാട്ടത്തിനു പിന്നാലെ ഭാവിയുടെ യുദ്ധമുന്നണിയെ അടിമുടി മാറ്റിമറിക്കാന്‍ യൂറോപ്യന്‍ കമ്പനികള്‍; ചരിത്രത്തില്‍ ആദ്യമായി അമേരിക്കന്‍ ബജറ്റിനെ മറികടക്കുന്ന നിക്ഷേപം; യുദ്ധം നീണ്ടാല്‍ റഷ്യ കാണാനിരിക്കുന്നത് ശാസ്ത്ര കഥകളെ മറികടക്കുന്ന നീക്കങ്ങള്‍

മ്യൂണിച്ച്/ബെര്‍ലിന്‍/ഫ്രാങ്ക്ഫര്‍ട്ട്: റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പിന്റെ പ്രതിരോധ രംഗത്ത് വന്‍ കുതിച്ചുകയറ്റമെന്നു റിപ്പോര്‍ട്ട്. അത്യാധുനിക സാങ്കേതിക രംഗത്ത് ജര്‍മനിയടക്കമുള്ള രാജ്യങ്ങളിലെ സ്റ്റാര്‍ട്ടപ്പ് കമ്പനികളിലേക്കു കോടികളുടെ നിക്ഷേപം ഒഴുകുന്നെന്നാണു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എഐ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ടാങ്കുകള്‍ മുതല്‍ ഏതു പ്രതികൂല സാഹചര്യത്തിലും കടന്നുകയറാവുന്ന ചാര പാറ്റകള്‍ (സ്‌പൈ കോക്രോച്ച്) വരെയുള്ള വന്‍ കുതിച്ചു കയറ്റത്തിലേക്കാണു ജര്‍മനി നടന്നു കയറുന്നതെന്നാണു വിവിധ കമ്പനികളെ അധികരിച്ചുള്ള റിപ്പോര്‍ട്ട്.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ യൂറോപ്പിലെ ഏറ്റവും മൂല്യവത്തായ പ്രതിരോധ സ്റ്റാര്‍ട്ടപ്പായി വളര്‍ന്ന ജര്‍മനിയിലെ ഹെല്‍സിംഗിന്റെ സ്ഥാപകനായ ഗുണ്ടബെര്‍ട്ട് ഷെര്‍ഫാണു സൈനിക രംഗത്തെ മാറ്റത്തെക്കുറിച്ചു വിശദീകരിക്കുന്നത്. റഷ്യ-യുക്രൈന്‍ യുദ്ധം യൂറോപ്പിനെ ആകെ മാറ്റിമറിച്ചെന്നും നാലുവര്‍ഷം മുമ്പ് സൈനിക സ്‌ട്രൈക്കര്‍ ഡ്രോണുകളും എഐ യുദ്ധ സംവിധാനങ്ങളും നിര്‍മിക്കുന്ന കമ്പനിയിലേക്കു നിക്ഷേപമെത്തിക്കാന്‍ വിയര്‍ത്തെങ്കില്‍ കഴിഞ്ഞമാസം 12 ബില്യണ്‍ ഡോളറിന്റെ മൂല്യ വര്‍ധനയാണുണ്ടായത്. ലോകത്താദ്യമായി നൂതന സാങ്കേതിക വിദ്യകള്‍ക്കായി അമേരിക്കന്‍ പ്രതിരോധ ബജറ്റിനെ മറികടക്കുന്ന നിക്ഷേപമാണ് യൂറോപ്യന്‍ കമ്പനികള്‍ക്ക് ആകെ ലഭിച്ചത്. രണ്ടാം ലോകമഹായുദ്ധത്തെ മാറ്റിമറിച്ച അമേരിക്കന്‍ ആണവായുധ പദ്ധതിയായ ‘മാന്‍ഹാട്ടന്‍ പ്രോജക്ടി’നു സമാനമായ മുന്നേറ്റമായിട്ടാണ് ഷെര്‍ഫ് ഇതിനെ വിലയിരുത്തുന്നത്.
യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ ജര്‍മ്മനി, ഭൂഖണ്ഡത്തെയാകെ യുദ്ധസജ്ജമാക്കുന്നതില്‍ കേന്ദ്ര പങ്കു വഹിക്കാന്‍ പോകുന്നു എന്നാണു രണ്ടു ഡസന്‍ എക്‌സിക്യുട്ടീവുകള്‍ പങ്കുവയ്ക്കുന്ന വിവരമെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ എഐ, സ്റ്റാര്‍ട്ട്-അപ്പ് സാങ്കേതികവിദ്യ എന്നിവയെ പ്രതിരോധ പദ്ധതികളിലെ പ്രധാന ഇനമായാണു കാണുന്നത്. സൈന്യവും സ്റ്റാര്‍ട്ടപ്പ് കമ്പനികളും തമ്മിലുള്ള ബന്ധം ഊട്ടിയുപ്പിക്കാന്‍ ഉദ്യോഗസ്ഥ ഇടപെടലുകളും അദ്ദേഹം വെട്ടിക്കുറച്ചു. ടെന്‍ഡറുകളില്‍ പങ്കെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കു പണമിടപാടു സുഗമമാക്കാനുള്ള നയരൂപീകരണവും ബുധനാഴ്ച മെര്‍സിന്റെ മന്ത്രിസഭ എടുത്തിട്ടുണ്ട്.
ഹിറ്റ്‌ലറുടെ കാലത്തു നാസി സൈന്യം വരുത്തിവച്ച ആഘാതങ്ങളെത്തുടര്‍ന്നു വളരെക്കാലമായി ജര്‍മനി സൈനിക വത്കരണത്തെ വെറുത്തിരുന്നു. ഇക്കാലമത്രയും അമേരിക്കന്‍ പ്രതിരോധ സഹായങ്ങളെ കൂടുതലായി ആശ്രയിക്കുകയാണു ചെയ്തത്. നിലവില്‍ യുക്രൈന് ഏറ്റവും കൂടുതല്‍ സഹായം നല്‍കുന്ന രാജ്യമാണു ജര്‍മനി. 2029 ആകുമ്പോഴേക്ക് പ്രതിരോധ ബജറ്റ് മൂന്നിരട്ടിയാക്കി 175 ബില്യണ്‍ ഡോളറാക്കാനാണ് ഉദ്ദേശിക്കുന്നത്.

ഠ യുദ്ധത്തിന്റെ പുനര്‍നിര്‍മാണം
യുദ്ധങ്ങളുടെ സ്വഭാവംതന്നെ മാറ്റി മറിക്കുന്ന സാങ്കേതികത്തികവിലേക്കാണു ജര്‍മനി ശ്രദ്ധ വയ്്ക്കുന്നത്. ടാങ്കുകള്‍ പോലെയുള്ള എഐ റോബോട്ടുകളും ആളില്ലാ അന്തര്‍വാഹിനികളും യുദ്ധസജ്ജമായ എഐ കോക്രോച്ചു (പാറ്റ)കളും ഹെല്‍സിംഗ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ അണിയറയിലുണ്ട്.
നാറ്റോയ്ക്കുള്ള അമേരിക്കന്‍ സഹായം ട്രംപ് വന്നതിനു പിന്നാലെ വെട്ടിക്കുറച്ചിരുന്നു. 2029ല്‍ ഇതു പരിഹരിക്കുകയെന്ന ലക്ഷ്യവും ജര്‍മനിയുടെ ചുമലിലുണ്ട്. പ്രതിരോധ വിപണി വിഘടിച്ചുപോകാതെ യൂറോപ്യന്‍ കമ്പനികളിലേക്കു തന്നെ നിക്ഷേപം എത്തിക്കുകയാണു ലക്ഷ്യം.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ പണം സൈനികാവശ്യത്തിനു ചെലവിടുന്ന അമേരിക്കയ്ക്കു ലോക്ക്ഹീഡ് മാര്‍ട്ടിന്‍, ആര്‍ടിഎക്സ് പോലുള്ള പ്രതിരോധ ഭീമന്മാരുടെ നിരയുണ്ട്. ഉപഗ്രഹ സാങ്കേതികവിദ്യ, യുദ്ധവിമാനങ്ങള്‍, കൃത്യതയോടെ നയിക്കപ്പെടുന്ന യുദ്ധോപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മുന്‍തൂക്കവുമുണ്ട്. ഷീല്‍ഡ് എഐ, ഡ്രോണ്‍ നിര്‍മാതാക്കളായ ആന്‍ഡൂറില്‍, സോഫ്റ്റ്‌വേര്‍ കമ്പനിയായ പലാന്റീര്‍ എന്നിവയുള്‍പ്പെടെ പ്രതിരോധ സാങ്കേതിക സ്റ്റാര്‍ട്ടപ്പുകളെ സൈനിക കരാറുകളുടെ ഭാഗമാക്കി. ഇക്കാലത്ത് സര്‍ക്കാര്‍ പിന്തുണയില്ലാതെ യൂറോപ്യന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ തളര്‍ച്ചയിലായിരുന്നു.
കഴിഞ്ഞ മേയില്‍ ഏവിയേഷന്‍ വീക്ക് പുറത്തുവിട്ട കണക്കുകളില്‍ പ്രതിരോധ രംഗത്ത് ഏറ്റവുംകൂടുതല്‍ പണം ചെലവിടുന്ന തുര്‍ക്കിയും യുക്രൈനുമടക്കം 19 രാജ്യങ്ങള്‍ ഈ വര്‍ഷം 180.1 ബില്യണ്‍ ഡോളര്‍ ചെലവിടുമെന്നു പറയുന്നു. അമേരിക്കയ്ക്ക് ഇത് 175.6 ബില്യണ്‍ ഡോളറാണ്.
ഠ സ്പൈ കൊക്ക്രോച്ചുകള്‍
യുക്രൈന്‍ യുദ്ധമാണ് സാഹചര്യങ്ങളെ അടിമുടി മാറ്റിമറിച്ചതെന്നു
‘ബുണ്ടസ്വെഹറിര്‍’ എന്ന സൈബര്‍ ഇന്നൊവേഷന്‍ ഹബിന്റെ മേധാവി സ്വെന്‍ വീസെനെഗര്‍ പറഞ്ഞു. സയന്‍സ് ഫിക്ഷനുകളെ അനുസ്മരിപ്പിക്കുന്ന വിധമാണ് ജര്‍മനിയുടെ ഈ രംഗത്തെ വളര്‍ച്ച. കാമറകള്‍വഴി തത്സമയ ഡാറ്റ ശേഖരണം സാധ്യമാകുന്ന സൈബോര്‍ഗ് ക്രോക്രോച്ചുകള്‍ ഇതിന് ഉദാഹരണമാണ്. സ്വാം ബയോടാറ്റിക്‌സിക് ആണ് ഇതിന്റെ ഉപജ്ഞാതാക്കള്‍. വൈദ്യുതി ഉത്തേജനങ്ങളിലൂടെ പ്രാണികളുടെ ന്യൂറല്‍ സംവിധാനങ്ങളെ നിയന്ത്രിക്കുകയും ഒപ്പം ഇവയില്‍ ആധുനിക ‘ചാര’ സംവിധാനങ്ങള്‍ ഘടിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതി! ശത്രു സൈന്യത്തെക്കുറിച്ച് അടിസ്ഥാന വിവരങ്ങള്‍ ലഭിക്കാന്‍ ഇതിലും മികച്ച മാര്‍ഗമില്ല. ന്യൂറല്‍ സ്റ്റിമുലേഷന്‍, സെന്‍സറുകള്‍, കമ്യൂണിക്കേഷന്‍ മൊഡ്യൂളുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ബയോ റോബോട്ടുകളുടെ നിര്‍മാണമെന്നു സ്വാനിന്റെ സിഇഒ സ്റ്റീഫന്‍ വില്‍ഹെം പറയുന്നു. ഒറ്റയ്‌ക്കൊറ്റയ്ക്കും കൂട്ടമായും ഇവയെ നിയന്ത്രിക്കാന്‍ കഴിയും.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍, ബാലിസ്റ്റിക് മിസൈലുകള്‍ മുതല്‍ ജെറ്റ് വിമാനങ്ങള്‍, സ്വയം നിയന്ത്രിത ആയുധങ്ങള്‍വരെ നിരവധി സൈനിക സാങ്കേതികവിദ്യകള്‍ക്ക് ജര്‍മ്മന്‍ ശാസ്ത്രജ്ഞര്‍ തുടക്കമിട്ടിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിലെ പരാജയത്തെത്തുടര്‍ന്ന് ജര്‍മ്മന്‍ സൈന്യത്തിനൊപ്പം ശാസ്ത്രീയമായ കഴിവുകളും ചിതറിപ്പോയി.
നാസികള്‍ക്കായി ആദ്യത്തെ ബാലിസ്റ്റിക് മിസൈല്‍ കണ്ടുപിടിച്ച വെര്‍ണര്‍ വോണ്‍ ബ്രൗണ്‍, രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലേക്കുപോയ നൂറുകണക്കിന് ജര്‍മ്മന്‍ ശാസ്ത്രജ്ഞരിലും എന്‍ജിനീയര്‍മാരിലും ഒരാളായിരുന്നു. നാസയില്‍ ജോലിക്കു കയറിയ ബ്രൗണ്‍ ആണ് അപ്പോളോ ബഹിരാകാശ പേടകത്തെ ചന്ദ്രനിലേക്കു കൊണ്ടുപോയ റോക്കറ്റ് വികസിപ്പിച്ചത്.
പ്രതിരോധ രംഗത്തെ നവീകരണമെന്നത് സമീപകാലത്ത് അതാതു രാജ്യങ്ങളുടെ സാമ്പത്തിക പുരോഗതിയുടെ ചാലകമായി മാറിയിട്ടുണ്ട്. ഇന്റര്‍നെറ്റ്, ജിപിഎസ്, സെമികണ്ടക്ടറുകള്‍, ജെറ്റ് എഞ്ചിനുകള്‍ തുടങ്ങി ജനജീവിതത്തെ പരിവര്‍ത്തനം ചെയ്ത സാങ്കേതിക വിദ്യകള്‍ പോലും ഉത്ഭവിച്ചത് സൈനിക രംഗത്തെ ഗവേഷണങ്ങളില്‍ നിന്നാണ്. പ്രതിരോധ ഗവേഷണങ്ങളിലേക്കു നിക്ഷേപമെത്തുന്നതോടെ ജര്‍മനിയുടെ സമ്പദ് രംഗത്തും ഈ കുതിപ്പ് പ്രകടമാകും.
ഠ ‘മരണ താഴ്‌വര’യില്‍ നിന്ന് രക്ഷപ്പെടല്‍
അപകടസാധ്യതകള്‍ ഏറിയതിനാല്‍ യൂറോപ്യന്‍ നിക്ഷേപകര്‍ പ്രതിരോധ രംഗത്തുനിന്നു വ്യാപകമായി വിട്ടുനിന്നിരുന്നു. ‘മരണത്താഴ്‌വരകളി’ലായിരുന്നു ഇതുവരെ സ്റ്റാര്‍ട്ടപ്പുകള്‍. ചെലവു കൂടുതലും വില്‍പന കുറവുമുള്ള മേഖലകളായിട്ടാണു പ്രതിരോധ രംഗത്തെ വിലയിരുത്തിയത്. റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് യൂറോപ്യന്‍ ഗവണ്‍മെന്റുകള്‍ പ്രതിരോധ ചെലവുകളില്‍ വര്‍ധനവ് വരുത്തിയത് നിക്ഷേപകര്‍ക്കു ഗുണം ചെയ്തു. ഒരു ബില്യണ്‍ ഡോളറില്‍ കൂടുതല്‍ ‘യൂണികോണ്‍’ മൂല്യമുള്ള മൂന്നു കമ്പനികള്‍ ഇപ്പോള്‍ യൂറോപ്പില്‍ പ്രവര്‍ത്തിക്കുന്നു. ഹെല്‍സിംഗിനൊപ്പം ജര്‍മ്മന്‍ ഡ്രോണ്‍ നിര്‍മ്മാതാക്കളായ ക്വാണ്ടം സിസ്റ്റംസ്, ഡ്രോണുകള്‍ നിര്‍മ്മിക്കുന്ന പോര്‍ച്ചുഗലിന്റെ ടെക്കെവര്‍ എന്നിവയാണിവ.
റഷ്യന്‍ അധിനിവേശത്തോടെ ഇവ തത്സമയം പരീക്ഷിക്കാനുള്ള അവസരവും ഒരുങ്ങി. അടുത്തിടെ യൂറോപ്യന്‍ കമ്പനികള്‍ക്കു യുദ്ധമുന്നണിയിലെ തത്സമയ പരീക്ഷണങ്ങള്‍ക്ക് അവസരമൊരുക്കാമെന്നു യുക്രൈനും വാഗ്ദാനം നല്‍കിയിരുന്നു. നമ്മുടെ ജനാധിപത്യങ്ങളെ സംരക്ഷിക്കേണ്ടതുണ്ടെന്നു ജനം തിരിച്ചറിഞ്ഞതാണ് ഈ മാറ്റത്തിനു കാരണമെന്നു എആര്‍എക്‌സ്, ക്വാണ്ടം സിസ്റ്റംസ് എന്നിവയിലെ നിക്ഷേപകനായ എച്ച് വി ജനറല്‍ ക്യാപ്പിറ്റല്‍സിന്റെ പങ്കാളിയായ ക്രിസ്റ്റിയന്‍ സാലര്‍ പറയുന്നു.
ലോകത്തെ ഏറ്റവും മികച്ച കാറുകള്‍ നിര്‍മിച്ചിരുന്ന ജര്‍മനി ഓട്ടോമോട്ടീവ് രംഗത്തുനിന്ന് പ്രതിരോധ ഗവേഷണത്തിലേക്കു കൂടുമാറുന്നു എന്നാണ് തനിക്കു ലഭിക്കുന്ന ജോലി അപേക്ഷകള്‍ ചൂണ്ടിക്കാട്ടുന്നതെന്നു ബവേറിയന്‍ സ്റ്റാര്‍ട്ടപ്പായ ഡോണാസ്റ്റാളിന്റെ സിഇഒ സ്‌റ്റെഫാന്‍ തുമാന്‍ പറയുന്നത്. ഓട്ടോമോട്ടീവ് കമ്പനികളിലെ തൊഴിലാളികളില്‍ നിന്ന് പ്രതിദിനം 3 മുതല്‍ 5 വരെ അപേക്ഷകളാണു ലഭിക്കുന്നത്. എന്‍ജിനീയറിംഗും പ്രോട്ടോ ടൈപ്പിംഗും ചെയ്യാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കു തലച്ചോറുകള്‍ മാത്രം മതി. ജര്‍മനിയിലെ ചെറുകിട വ്യവസായ യൂണിറ്റുകള്‍ (എസ്എംഇ) അവര്‍ക്കുള്ള നട്ടെല്ലായി മാറുമെന്നും അദ്ദേഹം പറഞ്ഞു. spy-cockroaches-ai-robots-germany-plots-future-warfare







