കൂട്ട ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ടോടി; രക്ഷിക്കാമെന്നു വാഗ്ദാനം ചെയ്തു ട്രക്ക് ഡ്രൈവറും പീഡിപ്പിച്ചു; ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പ്രതികളും പിടിയില്‍; അക്രമം പിറന്നാള്‍ ആഘോഷം കഴിഞ്ഞു മടങ്ങുംവഴി

ന്യൂഡല്‍ഹി: ഒഡീഷയില്‍ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തു. മാല്‍ക്കാന്‍ഗിരി ജില്ലയില്‍ ഞായറാഴ്ച വൈകുന്നേരമാണ് ക്രൂരകൃത്യം അരങ്ങേറിയത്. ഇവരില്‍ നിന്ന് രക്ഷപ്പെട്ടോട്ടിയ പതിനഞ്ചുവയസുകാരിയെ ലിഫ്റ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മറ്റൊരു ട്രക്ക് ഡ്രൈവറും ബലാല്‍സംഗം ചെയ്തതെന്നു റിപ്പോര്‍ട്ട്. സംഭവത്തില്‍ ട്രക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പ്രതികളെയും മല്‍ക്കാന്‍ഗിരി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെയാണ് മൂന്നുപേര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. മാല്‍ക്കാന്‍ഗിരി പട്ടണത്തില്‍ നിന്ന് 10-15 കിലോമീറ്റര്‍ അകലെയുള്ള വനത്തിലെത്തിച്ചാണ് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയത്. പ്രതികള്‍ ഒന്നിനുപുറകെ ഒന്നായി പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഒടുവില്‍ പ്രതികളില്‍ നിന്നും പെണ്‍കുട്ടി രക്ഷപ്പെട്ടോടുകയായിരുന്നു. അവശനിലയിലായിരുന്ന പെണ്‍കുട്ടിയെ ലിഫ്റ്റ് തരാമെന്ന് പറഞ്ഞാണ് മറ്റൊരു ട്രക്ക് ഡ്രൈവറും പീഡനത്തിനിരയാക്കിയത്. മാല്‍ക്കാന്‍ഗിരി പട്ടണത്തില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെ എത്തിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംശയാസ്പദമായ സാഹചര്യത്തില്‍ ട്രക്ക് ഡ്രൈവറോടൊപ്പം പെണ്‍കുട്ടിയെ കണ്ട നാട്ടുകാരാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്നത്.
2025 ജൂലൈ 12 ന് ബാലസോറിലെ കോളജില്‍ അധ്യാപകന്റെ ലൈംഗിക പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനി സ്വയം തീകൊളുത്തി മരിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തെ നടുക്കി വീണ്ടുമൊരു ക്രൂരകൃത്യം അരങ്ങേറിയത്. ഈ മാസം ആദ്യം ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയില്‍ ഹോക്കി ട്രെയിനിയായ പതിനഞ്ചുവയസുകാരിയെ പരിശീലകനും രണ്ട് കൂട്ടാളികളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു.






