രണ്ടര ലക്ഷത്തിന്റെ ‘ശമ്പളത്തള്ളൊക്കെ’ ഇനി പഴങ്കഥ; ജോലിയില്‍നിന്നു പിരിച്ചുവിട്ട് ദുബായ് കമ്പനിയുടെ അറിയിപ്പ്; അതുല്യയയുടെ മരണത്തില്‍ ‘സൈക്കോ സതീഷ്’ കൂടുതല്‍ കുരുക്കിലേക്ക്

ദുബായ്: കൊല്ലം കോയിവിള സ്വദേശിനി അതുല്യ ഷാര്‍ജ റോളയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ ഭര്‍ത്താവ് സതീഷ് ശങ്കറിനെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു. ദുബായിലെ സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായ സതീഷിനെതിരെ ആരോപണം ഉയര്‍ന്നതോടെ നടത്തിയ അന്വേഷണത്തിന് ശേഷമാണ് ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതായി കമ്പനി രേഖാമൂലം സതീഷിനെ അറിയിച്ചത്. ഒരു വര്‍ഷം മുമ്പാണ് സ്വകാര്യ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ പരാതികളും സതീഷിന്റെ അക്രമാസക്തമായ പെരുമാറ്റ വീഡിയോകളും പരിഗണിച്ചാണ് നടപടിയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ശാസ്താംകോട്ട മനക്കര സ്വദേശി സതീഷ് ശങ്കറിന്റെ പീഡനമാണ് അതുല്യയുടെ മരണകാരണമെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. ഇതു ശരിവയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളും വാട്സാപ്പ് ചാറ്റുകളും ശബ്ദസന്ദേശങ്ങളും പുറത്ത് വരികയും ചെയ്തു. ഈ വീഡിയോ ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷമാണ് നടപടി. ശനിയാഴ്ചയാണ് അതുല്യയെ ഷാര്‍ജയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാര്‍ജയില്‍ ആദ്യം ജോലി ചെയ്ത കമ്പനിയിലും സതീഷ് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയിരുന്നു. ഓഫിസില്‍ നിന്നും പലതവണ താക്കീത് ലഭിച്ചിരുന്നതായും ഒപ്പം ജോലി ചെയ്തയാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
അതുല്യയുടെ കുടുംബത്തിന്റെ പരാതിയില്‍ സതീഷിനെതിരെ ചവറ തെക്കുംഭാഗം പൊലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. കൊലപാതകക്കുറ്റത്തിനു പുറമേ സ്ത്രീധന പീഡനം, കൈ കൊണ്ടും ആയുധം കൊണ്ടും ശരീരത്തില്‍ മാരകമായി പരുക്കേല്‍പിക്കല്‍ തുടങ്ങിയ ആറിലധികം വകുപ്പുകളും സതീഷിനെതിരെ ചുമത്തിയിട്ടുണ്ട്. ഷാര്‍ജ പൊലീസിലും പരാതി നല്‍കുമെന്ന് അതുല്യയുടെ ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞ നാള്‍ തൊട്ടു ഒട്ടനവധി പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നും ഇതെല്ലാം അതിജീവിച്ച അതുല്യ ആത്മഹത്യ ചെയ്യാനുള്ള സാധ്യത വിരളമാണെന്നു ബന്ധുക്കളും പറയുന്നു

ഇതിനിടെ സതീഷ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. അതുല്യയുടെ മരണത്തില്‍ തനിക്കും സംശയങ്ങളുണ്ടെന്നായിരുന്നു സതീഷിന്റെ വാദം. താന്‍ കാരണം അതുല്യ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ സതീഷ് കൊലപാതകമോ കൈയബദ്ധമോ ആകാമെന്നും അവകാശപ്പെടുകയുണ്ടായി. ഇതിനിടെ താന്‍ മര്‍ദിക്കാറുണ്ടെന്ന കാര്യവും സതീഷ് ശരിവെച്ചിരുന്നു. തനിക്ക് 9500 ദിര്‍ഹം ശമ്പളമുണ്ടെന്നും സതീഷ് വിശദീകരണത്തിനിടെ പറയുകയുണ്ടായി.
സതീഷ് ശങ്കര്‍ നാട്ടില്‍ വെച്ചും നിരന്തരം പ്രശ്നക്കാരന്‍ ആയിരുന്നതായി അയല്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പുലര്‍ച്ചെ അതുല്യയുടെ വീട്ടുകാരെ തല്ലാന്‍ ഗുണ്ടകളുമായി എത്തി. ജോലി സ്ഥലത്തും മദ്യപിച്ച് നിരന്തരം പ്രശ്നമുണ്ടാക്കാറുണ്ടെന്നു ഒപ്പം ജോലി ചെയ്തയാള്‍ പറഞ്ഞു. അതുല്യയോടു മാത്രമല്ല, അതുല്യയുടെ അഛനോടും അമ്മയോടും ഭര്‍ത്താവ് സതീഷിന്റെ പെരുമാറ്റം ക്രൂരമായിരുന്നു. സതീഷിന്റെ വീട്ടുകാരോടും അകലം പാലിച്ചു. മാത്രമല്ല പലപ്പോഴും പെരുമാറ്റം മാനസിക പ്രശ്മമുള്ള ആളുകളെ പോലെയായിരുന്നു. ശനിയാഴ്ചയാണ് കൊല്ലം തേവലക്കര കോയിവിള മേലേഴത്ത് ജംക്ഷന്‍ അതുല്യ ഭവനില്‍ എസ്.രാജശേഖരന്‍ പിള്ളയുടെ മകള്‍ ടി.അതുല്യ ശേഖറിനെ (30) ഷാര്‍ജയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മാതാപിതാക്കള്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ അതുല്യക്കു ക്രൂരമായ മര്‍ദ്ദനമേറ്റതായി തെളിഞ്ഞിരുന്നു. അതുല്യയുടെ മരണത്തില്‍ ദുരൂഹത സംശയിച്ചു ബന്ധുക്കള്‍ ഇന്ന് ഷാര്‍ജ പൊലീസില്‍ പരാതി നല്‍കും. ഫ്ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചായിരിക്കും പോലീസിന്റെ അന്വേഷണം. ഇതിനു ശേഷമാകും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരിക.






