Breaking NewsLead NewsSports

‘ബാറ്റർമാർക്ക് എന്തുമാകാം, ഒരു ബോളർക്ക് തന്റെ കൈ മാറ്റണമെങ്കിൽ അമ്പയറോട് അനുവാദം ചോദിക്കണം… ആദ്യം മാറ്റേണ്ടത് നിയമങ്ങളാണ്’- പാക് താരത്തെ പിൻതുണച്ച് ആർ അശ്വിൻ

ചെന്നൈ: ടി 20യിൽ വിവാദ ബോളിങ് ആക്ഷന്റെ പേരിൽ വിമർശനങ്ങൾ നേരിടുന്ന പാക് സ്പിന്നർ ഉസ്മാൻ താരിഖിനു പിന്തുണയുമായി മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. ക്രീസിലെത്തിയശേഷം കുറച്ചുനേരം താമസിപ്പിച്ച ശേഷം പന്തെറിയുന്ന താരിഖിന്റെ ആക്ഷനാണ് വിവാദമായിരിക്കുന്നത്. യുഎസിനെതിരെയായിരുന്നു താരിഖിന്റെ ലോകകപ്പിലെ അരങ്ങേറ്റ മത്സരം. നാലോവറിൽ 27 റൺസ് വിട്ടുകൊടുത്ത താരിഖ് മൂന്നു വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി.

പിന്നാലെ താരിഖിന്റെ ബോളിങ്ങിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ശ്രീവത്സ് ഗോസ്വാമി രംഗത്തെത്തിയിരുന്നു. താരിഖിന്റെ ആക്ഷന്റെ കാര്യത്തിൽ പരാതിയില്ലെങ്കിലും പന്തെറിയും മുൻപ് കുറച്ചുനേരം നിൽക്കുന്നതു അംഗീകരിക്കാൻ സാധിക്കില്ലെന്നാണു ഗോസ്വാമി പറയുന്നത്. ‘‘പെനാൽറ്റി കിക്ക് എടുക്കാൻ റൺ– അപ് തുടങ്ങിയശേഷം താരം നിൽക്കുന്നത് ഫുട്ബോളിൽ പോലും അനുവദിക്കില്ല. ഇതെങ്ങനെ ശരിയാകും. ആക്ഷൻ കുഴപ്പമില്ല, പക്ഷേ ഇടയ്ക്കു വരുന്ന ഇടവേള എന്തിനാണ്?പന്ത് എറിയുന്നതിന് തൊട്ടുമുൻപാണ് ഇതു ചെയ്യുന്നത്. അതു തുടരാൻ സാധിക്കില്ല.’’– ശ്രീവത്സ് ഗോസ്വാമി താരിഖിന്റെ വീഡിയോ പങ്കുവച്ച് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

Signature-ad

ഇതിനിടെ ശ്രീവത്സിനു മറുപടിയുമായെത്തിയ അശ്വിൻ, പാക്ക് സ്പിന്നറെ അനുകൂലിച്ചാണു പ്രതികരിച്ചത്. ബാറ്റർമാരുടെ കാര്യത്തിൽ ആനുകൂല്യങ്ങൾ ഏറെയുള്ളപ്പോൾ ബോളറെ പഴിക്കേണ്ടതില്ലെന്നാണ് അശ്വിൻ പറയുന്നത്. ‘‘ബാറ്റർമാർക്ക് ബോളറെയോ അമ്പയറെയോ അറിയിക്കാതെ സ്വിച്ച് ഹിറ്റ്, റിവേഴ്‌സ് ഹിറ്റ് കളിക്കാൻ അനുവാദമുണ്ട്. എന്നാൽ ഒരു ബോളർക്ക് തന്റെ കൈ മാറ്റണമെങ്കിൽ അമ്പയറോട് അനുവാദം ചോദിക്കേണ്ടി വരുന്നു. ആദ്യം മാറ്റേണ്ടത് അതുപോലുള്ള നിയമങ്ങളാണ്’’– അശ്വിൻ എക്സിൽ കുറിച്ചു. അതേസമയം ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ താരിഖിന്റെ പ്രകടനം എങ്ങനെയാകും എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. തന്റെ ബോളിങ്ങിനെ പേടിക്കുന്നതുകൊണ്ടാണ് ഇന്ത്യ വിവാദങ്ങൾ സൃഷ്ടിക്കുന്നതെന്നാണ് പാക് താരം പറയുന്നത്.

അതേസമയം ഓസ്ട്രേലിയൻ താരം കാമറൂൺ ഗ്രീൻ ഒരു മത്സരത്തിനിടെ താരിഖിന്റെ ആക്ഷനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഒന്നിലേറെ തവണ പരാതികൾ പോയെങ്കിലും താരിഖിന് പന്തെറിയുന്നതിൽനിന്ന് വിലക്കു നേരിടേണ്ടിവന്നിട്ടില്ല. കയ്യുടെ പ്രത്യേക അവസ്ഥ കാരണമാണ് ബോളിങ് ആക്ഷനിൽ പരാതി ഉയരുന്നതെന്നാണ് ഉസ്മാൻ താരിഖ് മുൻപ് ഇതിനെക്കുറിച്ചു പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: