അഹമ്മദാബാദിന്റെ ആകാശത്ത് നടന്നതെന്ത്? പറന്നത് 32 സെക്കന്‍ഡ്; രണ്ട് എഞ്ചിനുകളും പൊടുന്നനെ നിലച്ചു; ഇന്ധന സ്വിച്ചുകള്‍ ഓഫായി; നിര്‍ണ്ണായകമായി പൈലറ്റുമാരുടെ സംഭാഷണം

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ നിര്‍ണ്ണായക വിവരങ്ങള്‍. വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തന്നെ രണ്ട് എഞ്ചിനുകളുടെയും പ്രവര്‍ത്തനം നിലച്ചതായി എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡില്‍ നിന്നുള്ള വിശദാംശങ്ങളും പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്.
എഞ്ചിനുകളിലേക്കുള്ള ഇന്ധനപ്രവാഹം നിയന്ത്രിക്കുന്ന ഇന്ധന കട്ട്ഓഫ് സ്വിച്ചുകള്‍, ഒരു സെക്കന്‍ഡിനുള്ളില്‍ ‘RUN’ ല്‍ നിന്ന് ‘CUTOFF’ ലേക്ക് ഒന്നിനുപുറകെ ഒന്നായി മാറി. പിന്നാലെ ”എന്തിനാണ് നിങ്ങള്‍ കട്ട് ഓഫ് ചെയ്തത്?” എന്ന് പൈലറ്റ് ചോദിക്കുന്നത് കേള്‍ക്കാം, സഹ പൈലറ്റ് ”ഞാന്‍ ചെയ്തില്ല” എന്ന് മറുപടി നല്‍കുന്നു. കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡിംഗില്‍ നിന്നാണ് നിര്‍ണ്ണായ ശബ്ദരേഖകള്‍ ലഭിച്ചത്.
സ്വിച്ചുകള്‍ ഓഫാക്കിയതോടെ വിമാനത്തിന് മുന്നോട്ടു പോകാനുള്ള കുതിപ്പ് നഷ്ടപ്പെട്ടു. പത്ത് സെക്കന്‍ഡുകള്‍ കഴിഞ്ഞ് ഒന്നാം എന്‍ജിന്റെയും നാലും സെക്കന്‍ഡുകള്‍ കഴിഞ്ഞ് രണ്ടാമത്തെ എന്‍ജിന്റെയും ഇന്ധന പ്രവാഹം പുനരാരംഭിച്ചെങ്കിലും കുതിച്ചുയരാനാകാതെ വിമാനം തകര്‍ന്നു വീണവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുകളില്‍ പറഞ്ഞ വസ്തുകള്‍ കേന്ദ്രീകരിച്ചായിരിക്കും തുടര്‍ അന്വേഷണം എന്നാണ് സൂചന.
റിപ്പോര്‍ട്ടിലെ പ്രധാന വസ്തുതകള്‍
- 32 സെക്കന്‍ഡ് മാത്രമാണ് വിമാനം പറന്നത്. 0.9 നോട്ടിക്കല്‍ മൈല്‍ മാത്രമാണ് ആകെ സഞ്ചരിച്ചത്.
- വിമാനത്തെ നിയന്ത്രിക്കുന്ന ചിറകിലെ ഫ്‌ലാപ്പുകള്‍ ശരിയായ ദിശയിലായിരുന്നു.
- വിമാനത്താവളത്തില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ടേക്കോഫിനു തൊട്ടു പിന്നാലെ റാം എയര്‍ ടര്‍ബൈന്‍ (RAT) വിന്യസിക്കുന്നത് കാണാം.
- പരിസരത്ത് കാര്യമായ പക്ഷി സാന്നിധ്യമില്ല
- വിമാനത്താവളത്തിന്റെ പരിധി കടക്കുന്നതിന് മുമ്പ് തന്നെ വിമാനം താഴ്ന്ന് പറക്കാന്‍ തുടങ്ങിയിരുന്നു.
- രണ്ട് എന്‍ജിനുകളും വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ പൈലറ്റുമാര്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ ബ്ലാക്ക് ബോക്‌സില്‍ നിന്നും ലഭിച്ചു. എന്നാല്‍ ഒന്നാമത്തെ എഞ്ചിന്‍ ഓണ്‍ ആയെങ്കിലും രണ്ടാമത്തേത് പ്രവര്‍ത്തിച്ചില്ല.
- അട്ടിമറി നടന്നതിന്റെ തെളിവുകളൊന്നും റിപ്പോര്‍ട്ടിലില്ല
- അപകടസമയത്ത് കാലാവസ്ഥ പ്രതികൂലമായിരുന്നില്ല
- പൈലറ്റുമാര്‍ക്ക് ആരോഗ്യപര പ്രശ്‌നങ്ങളുണ്ടായിരിന്നില്ല
- പൈലറ്റുകള്‍ക്ക് വിമാനങ്ങള്‍ പറത്തുന്നതില്‍ മതിയായ പരിചയവുമുണ്ടായിരുന്നു.
- 2023 മുതല്‍ ഇന്ധന നിയന്ത്രണ സ്വിച്ചുമായി ബന്ധപ്പെട്ട് തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല






