Breaking NewsCrimeLead NewsNEWS

ബോക്‌സിങ് താരത്തിന്റെ ഇടിയില്‍ നെഞ്ചുംകൂട് തകര്‍ന്നു; നേപ്പാള്‍ സ്വദേശിയായ കൂട്ടുപ്രതി സ്ഥിരം കുറ്റവാളി; ഹോട്ടല്‍ മുതലാളിയുടെ ക്രൂരകൊലാപാതകം

തിരുവനന്തപുരം: ജീവനക്കാര്‍ കൊലപ്പെടുത്തിയ ഇടപ്പഴഞ്ഞിയിലെ ‘കേരള കഫേ’ ഹോട്ടല്‍ ഉടമ ശ്രീലെയ്ന്‍ 1/ 10 കീര്‍ത്തനയില്‍ ജസ്റ്റിന്‍ രാജി(59)ന്റെ മരണത്തിനിടയാക്കിയത് അതിക്രൂര മര്‍ദനമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടു. തലയ്ക്കു പിന്നില്‍ ഗുരുതര ക്ഷതമേല്‍ക്കുകയും ചെവിയില്‍നിന്നും മൂക്കില്‍നിന്നും രക്തസ്രാവമുണ്ടാവുകയും ചെയ്തു. കയര്‍, തുണി എന്നിവയിലൊന്ന് ഉപയോഗിച്ച് വരിഞ്ഞു മുറുക്കിയതിന്റെ പാടുകള്‍ കഴുത്തിലുണ്ട്. ശക്തമായ ഇടിയില്‍ നെഞ്ചില്‍ രക്തം കട്ടപിടിച്ച നിലയിലായിരുന്നു.

ജീവനക്കാരെ അന്വേഷിച്ച് അവരുടെ താമസസ്ഥലത്തെത്തിയ ജസ്റ്റിന്‍ ആക്രമണത്തിനിരയാവുകയായിരുന്നു. ജോലിക്കെത്താത്തതിന്റെ പേരില്‍ ജീവനക്കാരെ പിരിച്ചുവിടാനും വാടകവീട്ടില്‍ നിന്നു പുറത്താക്കാനും തീരുമാനിച്ചതിലുള്ള പകയാണ് കൊലയില്‍ കലാശിച്ചതെന്നാണു പൊലീസിന്റെ നിഗമനം. ഹോട്ടലില്‍ രണ്ടാഴ്ചയ്ക്കു മുന്‍പ് ജോലിയില്‍ പ്രവേശിച്ച നേപ്പാള്‍ സ്വദേശി ഡേവിഡ് ദില്‍കുമാര്‍ (35), വിഴിഞ്ഞം അടിമലത്തുറ സ്വദേശി ആര്‍.രാജേഷ് (35) എന്നിവരാണ് ജസ്റ്റിനെ കൊലപ്പെടുത്തിയത്. ജ്യൂസുണ്ടാക്കുന്ന ജോലിയായിരുന്നു ഡേവിഡിന്. രാജേഷിനായിരുന്നു പാചകത്തിന്റെ ചുമതല.

Signature-ad

ചൊവ്വാഴ്ച രാവിലെ 8 മണിയോടെയാണ് ആക്രമണം.രാവിലെ ആറിനു ജസ്റ്റിന്‍ ഹോട്ടലിലെത്തിയപ്പോള്‍ രാജേഷും ഡേവിഡും ജോലിക്കു കയറിയിരുന്നില്ല. 8 മണിയായിട്ടും കാണാതായതോടെ ഇടപ്പഴഞ്ഞിയില്‍ ഇവര്‍ താമസിക്കുന്ന വാടക വീട്ടിലേക്കു പോയി. ഡേവിഡും രാജേഷും ഉള്‍പ്പെടെ 3 ജീവനക്കാര്‍ ഈ സമയം വീട്ടിലുണ്ടായിരുന്നു. ഇവരെ മദ്യപിച്ച് ലക്കുകെട്ട നിലയില്‍ കണ്ടതോടെ ജസ്റ്റിന്‍ ക്ഷുഭിതനായി. ഇനി ജോലിക്കു വരേണ്ടെന്നും ഉടന്‍ വീട്ടില്‍ നിന്നിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന് വാക്കേറ്റം രൂക്ഷമായതോടെ പ്രതികള്‍ക്കൊപ്പം ഉണ്ടായിരുന്ന ജീവനക്കാരന്‍ പുറത്തേക്കു പോയി. ഡേവിഡിന്റെയും രാജേഷിന്റെയും സാധനങ്ങള്‍ ജസ്റ്റിന്‍ പുറത്തേക്ക് വാരിയിട്ടു. ഇതില്‍ പ്രകോപിതരായ ഇരുവരും ജസ്റ്റിനെ ആക്രമിക്കുകയായിരുന്നു. ജസ്റ്റിനെ മുറിയിലിട്ട് ക്രൂരമായി അടിച്ച സംഘം കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.

മരിച്ചെന്ന് ഉറപ്പിച്ചതോടെ മൃതദേഹം വീടിനു പുറത്ത് അടുക്കളയുടെ ഭാഗത്തെത്തിച്ചു. തുടര്‍ന്ന് മൃതദേഹം പായ് കൊണ്ട് മൂടിയ സംഘം ജസ്റ്റിന്റെ ബൈക്കില്‍ വിഴിഞ്ഞത്തേക്കു പോയി. ജസ്റ്റിന്‍ രാജിന്റെ എടിഎം കാര്‍ഡ് കൈക്കലാക്കി പണമെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വിഴിഞ്ഞത്ത് ബൈക്ക് പണയം വച്ച് കിട്ടിയ പണവുമായി ഒളിവില്‍ പോകാന്‍ ശ്രമിക്കുമ്പോഴാണ് പൊലീസിന്റെ പിടിയിലായത്.

അറസ്റ്റിലായ നേപ്പാള്‍ സ്വദേശി ഡേവിഡ് വധശ്രമവും മോഷണവും അടക്കം ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. രാജേഷ് ബോക്‌സിങ് താരമാണ്. ഇയാളുടെ ഇടിയിലാണ് ജസ്റ്റിന്‍ രാജിന്റെ പരുക്കുകള്‍ കൂടുതലും. നെഞ്ചിന്റെ എല്ലിനു പൊട്ടലും രാജേഷിന്റെ ഇടിയില്‍ സംഭവിച്ചതാണ്. ഡേവിഡ് എറണാകുളം, കോവളം പൊലീസ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്ത മോഷണം, അടിപിടി കേസുകളില്‍പെട്ട് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പൂജപ്പുര ജയിലില്‍ 30 ദിവസത്തെ റിമാന്‍ഡ് ശിക്ഷയ്ക്കു ശേഷമാണ് ഇടപ്പഴഞ്ഞിയിലെ ഹോട്ടലില്‍ ജോലിക്കെത്തിയത്.

 

 

 

Back to top button
error: