NEWSWorld

മരണത്തിന് തൊട്ടുമുന്‍പ് സെല്‍ഫി; കരടിയുടെ ആക്രമണത്തില്‍ ഇറ്റാലിയന്‍ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം

ബുക്കറാസ്റ്റ്: റുമാനിയയില്‍ കരടിയുടെ ആക്രമണത്തില്‍ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. കരടിയ്‌ക്കൊപ്പം നിന്ന് സെല്‍ഫിയെടുത്തതിന് പിന്നാലെ വിനോദസഞ്ചാരിയെ ആക്രമിക്കുകയായിരുന്നു. ഇറ്റാലിയന്‍ വിനോദ സഞ്ചാരിയായ ഒമര്‍ ഫറാങ് സിന്നാണ് (49) കരടിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

റുമാനിയയിലെ പ്രശസ്തമായ ട്രാന്‍സ്ഫാഗരാസന്‍ റോഡിലൂടെ സഞ്ചരിച്ച ഒമര്‍ ഫരാങ് സിന്‍ കരടിയുമായി എടുത്ത ഫോട്ടോകളും വിഡിയോയും തന്റെ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. പ്രദേശത്ത് കരടിയുടെ ആക്രമണത്തെ കുറിച്ച് മറ്റ് വിനോദസഞ്ചാരികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് ഒമറിന്റെ മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

Signature-ad

ഒമര്‍ തന്റെ മോട്ടോര്‍ സൈക്കിളില്‍ നിന്ന് ഇറങ്ങി കരടിക്ക് ഭക്ഷണം വാഗ്ദാനം ചെയ്തു. തുടര്‍ന്ന് കരടി അദ്ദേഹത്തെ ആക്രമിക്കുകയും കാട്ടിലേക്ക് വലിച്ചിഴക്കുകയും ചെയ്തു. സംഭവം നടന്നിടത്തു നിന്നും കരടിയോടൊപ്പമുള്ള ചിത്രങ്ങള്‍ അടങ്ങിയ ഫോണും കണ്ടെത്തിയതായി ആര്‍ജസ് ഫോറസ്ട്രി ഡയറക്ടറേറ്റിന്റെ ഡയറക്ടര്‍ അര്‍മാന്‍ഡ് ചിരിലോയു പറഞ്ഞു.

ലോംബാര്‍ഡിയുടെ വടക്കന്‍ മേഖലയിലെ സമരേറ്റ് പട്ടണത്തിലാണ് ഒമര്‍ താമസിച്ചിരുന്നത്. മാല്‍പെന്‍സ വിമാനത്താവളത്തിലായിരുന്നു ഒമര്‍ ജോലി ചെയ്തിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

Back to top button
error: