IndiaNEWS

ചര്‍മം സംരക്ഷിക്കാന്‍ സ്ഥിരമായി മരുന്ന്; മരണദിവസം വീട്ടില്‍ പ്രത്യേക പൂജകള്‍, ഉച്ചഭക്ഷണം കഴിക്കാതെ കുത്തിവയ്പ്

മുംബയ്: നടിയും മോഡലുമായ ഷെഫാലി ജാരിവാലയുടെ (42) മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചര്‍മസംരക്ഷണത്തിന് ഷെഫാലി സ്ഥിരമായി മരുന്ന് കഴിച്ചിരുന്നതായും എല്ലാ മാസവും കുത്തിവയ്പ്പെടുത്തിരുന്നതായും ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി. മരണം നടന്ന ദിവസം വീട്ടില്‍ പ്രത്യേക പൂജ നടത്തിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. പൂജയ്ക്കായി പ്രത്യേകം ഉപവാസം എടുത്ത നടി ഉച്ചഭക്ഷണം കഴിക്കാതെ കുത്തിവയ്പ് എടുത്തെന്നാണ് സൂചന.

ബന്ധുക്കളടക്കം എട്ടുപേരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. ആന്റി ഏജന്റിംഗ് മരുന്നുകള്‍, സ്‌കിന്‍ ഗ്ലോ മരുന്നുകള്‍, വിറ്റാമിന്‍ മരുന്നുകള്‍ എന്നിവ അടങ്ങിയ രണ്ടുപെട്ടികള്‍ പൊലീസ് നടിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഡോക്ടറുടെ നിര്‍ദേശം ഇല്ലാതെയാണ് ഷെഫാലി മരുന്ന് കഴിച്ചിരുന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. നടിയുടെ ചിതാഭസ്മം ഇന്നലെ ജുഹു ബീച്ചില്‍ നിമജ്ജനം ചെയ്തു. ഭര്‍ത്താവും നടനുമായ പരാഗ് ത്യാഗിയാണ് കര്‍മങ്ങള്‍ നിര്‍വഹിച്ചത്.

Signature-ad

ജൂണ്‍ 27ന് രാത്രി മുംബയ് അന്ധേരിയിലെ വീട്ടില്‍ ബോധം നഷ്ടപ്പെട്ട നിലയില്‍ ഷെഫാലിയെ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് പരാഗ് ത്യാഗിയും വീട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 2002ല്‍ പുറത്തിറങ്ങിയ ‘കാന്ത ലഗാ’ എന്ന ഗാനത്തിലൂടെയാണ് ഷെഫാലി പ്രശസ്തയായത്. ഗാനം അന്ന് വലിയ തരംഗമായി മാറി. സല്‍മാന്‍ ഖാന്‍ ചിത്രമായ മുജ്സെ ഷാദി കരോഗിയുള്‍പ്പെടെ ചില സിനിമകളിലും അഭിനയിച്ചു.

നിരവധി റിയാലിറ്റി ഷോകളിലും ഡാന്‍സ് ഷോകളിലും പങ്കെടുത്തു. ജനപ്രിയ താരമായി. ഷെഫാലിക്കൊപ്പം നിരവധി ഷോകളില്‍ പരാഗും പങ്കെടുത്തിരുന്നു. ബിഗ് ബോസ് 13-ാം സീസണ്‍ മത്സരാര്‍ത്ഥിയായിരുന്നു. 2004 ല്‍ ഹര്‍മീത് സിംഗിനെ വിവാഹം ചെയ്തെങ്കിലും 2009ല്‍ പിരിഞ്ഞു. 2015ലാണ് പരാഗ് ത്യാഗിയുമായുള്ള വിവാഹം.

യൗവനം നിലനിറുത്തുന്നതിനായി ഷെഫാലി ആറ് വര്‍ഷത്തോളമായി പ്രത്യേക ചികിത്സയിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇതിനുള്ള മരുന്നുകളില്‍ പ്രധാനമായും വിറ്റാമിന്‍ സിയും ഗ്ലൂട്ടത്തയോണും ഉള്‍പ്പെടുന്നു. ഗ്ലൂട്ടത്തയോണ്‍ ചര്‍മ്മത്തിന്റെ സംരക്ഷണത്തിനും വിഷാംശം ഇല്ലാതാക്കുന്നതിനും ഉപയോഗിക്കുന്നു. എന്നാല്‍ ഈ മരുന്നുകളൊന്നും ഹൃദയത്തെ ബാധിക്കുന്നതല്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

 

Back to top button
error: