
അബുദാബി: ശരീഅത്ത് ഭരണ ആവശ്യകതകള്‍ ലംഘിച്ചതിന് യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിനെതിരെ കര്‍ശന നടപടി സ്വീകരിച്ച് യുഎഇ സെന്‍ട്രല്‍ ബാങ്ക്. നടപടിയുടെ ഭാഗമായി ആറുമാസത്തേയ്ക്ക് പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നതില്‍ നിന്ന് ബാങ്കിനെ വിലക്കി. 3,502,214 ദിര്‍ഹം പിഴയും ചുമത്തിയിരിക്കുകയാണ്.
രാജ്യത്ത് ഇസ്ലാമിക സാമ്പത്തിക സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളുടെ ഒരു പ്രധാന ആവശ്യകതയാണ് ശരീഅത്ത്. അതേസമയം, നടപടിക്ക് വിധേയമായ ബാങ്കിന്റെ പേര് സെന്‍ട്രല്‍ ബാങ്ക് വെളിപ്പെടുത്തിയില്ല.
ശരീഅത്ത് ഭരണ ആവശ്യകതകളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും വ്യവസ്ഥകളും ബാങ്ക് പാലിച്ചില്ലെന്ന് കണ്ടെത്തിയതായും ഇതേത്തുടര്‍ന്നാണ് നടപടിയെന്നും സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. യുഎഇയുടെ സാമ്പത്തിക വ്യവസ്ഥയില്‍ സുതാര്യത, സമഗ്രത, നിയന്ത്രണം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് സെന്‍ട്രല്‍ ബാങ്ക് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. എല്ലാ ലൈസന്‍സുള്ള ധനകാര്യ സ്ഥാപനങ്ങളും നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും പ്രസ്താവനയില്‍ നിര്‍ദേശിച്ചു.






