Breaking NewsKeralaLead NewsNEWSpolitics

വി.ഡി. സതീശന്‍ പറയുന്നതില്‍ വാസ്തവം എന്ത്? ജമാ അത്തെ ഇസ്ലാമി മതരാഷ്ട്ര വാദത്തില്‍നിന്ന് വഴിമാറിയോ? നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ലഭിച്ചത് മൂവായിരം വോട്ടുകള്‍; മൗദൂദിയുടെ ഖുതുബാത്ത് എന്ന പുസ്തകത്തിലെ വരികളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച; ജമാഅത്ത് വിഷം സംഘി വിഷം പോലെ മാരകമെന്നും മുന്നറിയിപ്പ്

നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പില്‍ ജമാ-അത്തെ ഇസ്ലാമിയുടെ പിന്തുണ യുഡിഎഫിനു പ്രഖ്യാപിച്ചത് വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണു തിരി കൊളുത്തിയത്. പുരോഗമനത്തിന്റെ മേല്‍മൂടിയണിഞ്ഞ ജമാഅത്തെ ഇസ്ലാമിയുമായി ഇടതുവലതു കക്ഷികളെല്ലാം മുമ്പും തെരഞ്ഞെടുപ്പു ധാരണകളില്‍ എത്തിയിരുന്നു. എന്നാല്‍, ഇവരുടെ പിന്തുണ ലഭിച്ചപ്പോഴൊക്കെ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെ ഇടതുമുന്നണി പരസ്യ വിമര്‍ശനവുമായി രംഗത്തുവന്നു. ഇതു ജമാ അത്തെ നേതാക്കളെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. ‘വര്‍ഗീയ വാദികള്‍ മനുഷ്യരല്ലെന്നും അവരുടെ വോട്ടു വേണ്ടെന്നും’ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ് പ്രഖ്യാപിച്ചത് ജമാ അത്തെ ഇസ്ലാമിയെന്ന മതരാഷ്ട്രവാദ പ്രസ്ഥാനത്തിന്റെ നേതാക്കളിലാണ് മലപ്പുറത്തിന്റെ സാഹചര്യത്തില്‍ ചെന്നു കൊണ്ടത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പല്ലും നഖവും ഉപയോഗിച്ചു ജമാ അത്തിന്റെ പിന്തുണയെ ന്യായീകരിച്ചെങ്കിലും അതിലെ അപകടം തിരിച്ചറിഞ്ഞാണു ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി തന്ത്രപരമായ നിലപാട് എടുത്തത്. യുഡിഎഫുമായി ജമാഅത്തെ നേതാക്കള്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അവര്‍ നല്‍കുന്നത് തങ്ങള്‍ ആവശ്യപ്പെടാതുള്ള പിന്തുണയാണെന്നുമാണ് കുഞ്ഞാലിക്കുട്ടി ചാനലുകള്‍ക്കു മുന്നില്‍ വ്യക്തമാക്കിയത്.

Signature-ad

തെരഞ്ഞെടുപ്പിന്റെ കളത്തില്‍ നില്‍ക്കുമ്പോള്‍ ജമാഅത്തെയുടെ പിന്തുണ തെല്ലൊന്നുമല്ല വിവാദമാകുന്നത്. പിഡിപിയുടെ പിന്തുണ ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫിനെ യുഡിഎഫ് എതിര്‍ക്കുന്നതെങ്കിലും ദീര്‍ഘകാലമായി എല്‍ഡിഎഫ്- പിഡിപി ബന്ധം പരസ്യമാണ്. ഇത് എല്ലാ തെരഞ്ഞെടുപ്പിലും ഉയര്‍ന്നുവരാറുമുണ്ട്. എന്നാല്‍, ക്രിസ്ത്യന്‍, ഹിന്ദു വിഭാഗങ്ങ്‌ളില്‍ ഇതുണ്ടാക്കുന്ന അലയൊലി എന്തായിരുന്നു എന്നറിയണമെങ്കില്‍ തെരഞ്ഞെടുപ്പു കഴിയേണ്ടിവരും.

2024ലെ തെരഞ്ഞെടുപ്പില്‍ ജമാഅത്തെയുടെ വെല്‍ഫെയര്‍ പാര്‍ട്ടിക്കു മൂവായിരത്തോളം വോട്ടുകളാണു ലഭിച്ചത്. അന്‍വര്‍ ആയിരുന്നു അന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഇക്കുറി അന്‍വറിന്റെ എതിര്‍പ്പ് ഒരുപോലെ എല്‍ഡിഎഫിനും യുഡിഎഫിനും പ്രശ്‌നമുണ്ടാക്കി. ഈ സാഹചര്യത്തിലാണ് പരമാവധി വോട്ടുകള്‍ സമാഹരിക്കാനുള്ള നീക്കത്തിലേക്ക് യുഡിഎഫ് എത്തിയത്.

ഈ സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്ന ജമാ അത്തെ ഇസ്ലാമിയെക്കുറിച്ചുള്ള ചര്‍ച്ചയും പ്രധാന്യമര്‍ഹിക്കുന്നത്. അവരുടെ രാഷ്ട്രീയ പദ്ധതിയും നിലപാടുകളും വ്യക്തമാക്കുന്ന ഖുതുബാത് എന്ന പുസത്കത്തില്‍നിന്നുള്ള ഉദ്ധരണികളാണ് വ്യാപകമായി പ്രചരിക്കുന്നത്. ഫേസ്ബുക്കിലെ കുറിപ്പ് ഇങ്ങനെ

 

മൗദൂദികളെ പിന്തുണക്കുന്നവര്‍ വായിക്കാന്‍!

ജമാഅത്തെ ഇസ്ലാമി സ്ഥാപകന്‍ അബുല്‍ അലാ മൗദൂദിയുടെ ഖുതുബാത്ത് എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള ചില ഉദ്ധരണികള്‍ വായിച്ചാല്‍ എന്താണ് ജമാഅത്തെ ഇസ്ലാമി എന്ന് മനസിലാകും. ‘മതം എന്നതിന്റെ ശരിയായ അര്‍ഥം സ്റ്റേറ്റ് എന്നാണ്. ആ നിയമവ്യവസ്ഥയനുസരിച്ച് ജീവിതം നയിക്കുന്നതിനാണ് ഇബാദത്ത് അഥവാ ആരാധന എന്ന് പറയുന്നത് (ഖുതുബാത്- പേജ്: 395)

‘ചുരുക്കത്തില്‍ ദിനംപ്രതി അഞ്ചുതവണ ഓരോ പള്ളിയില്‍ വച്ചും സംഘം ചേര്‍ന്നുള്ള നമസ്‌കാര നിര്‍വഹണത്തിലൂടെ ഉദ്ദേശിക്കുന്നത് സുശക്തവും വിപുലവുമായ ഒരു ഭരണകൂടം നടത്താന്‍ നിങ്ങളെ പരിശീലിപ്പിക്കുകയും അതിന് നിങ്ങളെ പ്രാപ്തമാക്കുകയും ചെയ്യുക എന്നതാണ്’ (ഖുതുബാത്, പേജ് 199)

‘നമസ്‌കാരം, നോമ്പ്, സകാത്ത് എന്നീ ആരാധനാകര്‍മങ്ങള്‍ നിര്‍ബന്ധമാക്കിയതില്‍ സമാന ഒരുക്കങ്ങളും പരിശീലനങ്ങളും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഭരണകൂടങ്ങളെല്ലാം തങ്ങളുടെ പട്ടാളം, പൊലീസ്, സിവില്‍ സര്‍വീസ് മുതലായ വകുപ്പുകളിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ ഉദ്ദേശിക്കുന്ന ജനങ്ങള്‍ക്ക് ആദ്യമായി ഒരു പ്രത്യേകതരം പരിശീലനം നല്‍കുകയും അവരെ അതത് ജോലികളില്‍ നിയമിക്കുകയും ചെയ്യുന്നതുപോലെ ഇസ്ലാമികദര്‍ശനവും അതിലെ നാനാവിധ ഉദ്യോഗങ്ങളില്‍ നിയമിക്കാനുദ്ദേശിക്കുന്ന ആളുകള്‍ക്ക് പ്രഥമമായി ഒരു പ്രത്യേകവിധം പരിശീലനം നല്‍കുകയും പിന്നീട് അഴവരെക്കൊണ്ട് സമരത്തിനും അല്ലാഹുവിന്റെ ആധിപത്യത്തിനുമുള്ള സേവനം ചെയ്യിക്കാന്‍ ഉദ്ദേശിക്കുകയുമാണ് ചെയ്യുന്നത് (ഖുതുബാത്, പേജ് 388, 389)

ഇനി മതേതരത്വത്തെ കുറിച്ച് ജമാഅത് സ്ഥാപക നേതാവ് പറയുന്നത് ഇങ്ങനെയാണ്.

‘മതേതരത്വം ആദ്യമേ ജനങ്ങളെ ദൈവഭയശൂന്യരും സനാതന ധാര്‍മികതത്വങ്ങളില്‍ നിന്ന് വിമുക്തരുമാക്കിത്തീര്‍ത്തു. അവര്‍ തന്മൂലം ലഗാനില്ലാത്ത, ഉത്തരവാദിത്വബോധമില്ലാത്ത തനി സ്വേച്ഛാ പൂജകരായിക്കഴിഞ്ഞു’ (ഖുതുബാത്. പേജ്: 15)

ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ച് എല്ലാ തരത്തിലും ഉള്ള മത ആരാധനകളും പൊതു ഇടപെടലുകളും ഇസ്ലാമിക്ക് സ്റ്റേറ്റ് ഉണ്ടാക്കാന്‍ ഉള്ള വര്‍ക്ക്ഷോപ്പുകള്‍ ആണ്. ഹുക്കൂമത്തെ ഇലാഹി അഥവാ ദൈവീക രാജ്യം (ഇസ്ലാമിക്ക് സ്റ്റേറ്റ്) എന്ന മുദ്രാവാക്യം പിന്നീട് ഇഖാമതു ദീന്‍ (മത സംസ്ഥാപനം) എന്നാക്കി മാറ്റി. അതായത് മുളകുപൊടി നിറച്ച കുപ്പിക്ക് മേല്‍ പഞ്ചസാര എന്ന് സ്റ്റിക്കര്‍ ഒട്ടിച്ചു എന്ന് സാരം.

ജമാഅത്തെ ഇസ്ലാമിയോ അതിന്റെ ആദര്‍ശ ബന്ധുക്കളോ അതിന് ശക്തിയുള്ള സ്ഥലങ്ങളില്‍ ഏറ്റവും തീവ്രമായതും വര്‍ഗീയവും ആക്രമണോത്സുകവും ആയ നിലപാട് ആണ് എടുത്തിട്ടുള്ളത്. തുര്‍ക്കിയില്‍, ഈജിപ്തില്‍, പാകിസ്ഥാനില്‍, ബംഗ്ലാദേശില്‍ എല്ലാം അത് അങ്ങിനെ തന്നെ ആയിരുന്നു.

ഇന്ത്യയില്‍ 1960 കളുടെ അവസാനം, 1970 കളുടെ പകുതി മുതല്‍, 1989 കളില്‍ എല്ലാം സംഘപരിവാരവും ആയി കിടക്കയും ശ്വാസവും ഉമിനീരും പങ്കിട്ടവര്‍ ആണ് ജമാഅത്തെ ഇസ്ലാമി. സംഘപരിവാരത്തിന്റെ വിഭജന ആശയങ്ങള്‍ക്ക് സര്‍വാത്മനാ പിന്തുണ നല്‍കിയ ആളാണ് മൗദൂദി.

അമേരിക്കയിലേക്കും ഇസ്രായേലിലേക്കും എല്ലാം നോക്കുന്ന ചാനല്‍ ചര്‍ച്ചയില്‍ ഒരിക്കലും തുര്‍ക്കിയില്‍ നടക്കുന്ന ജനാധിപത്യ നിഷേധങ്ങള്‍ വിഷയം ആകാറില്ല. അവിടെ പ്രതിപക്ഷ നേതാക്കളെ ജയിലില്‍ തള്ളിയ കോട്ടിട്ട ‘എര്‍ദോഗാന്‍’ എന്ന വര്‍ഗീയ കോമരത്തെ പെയിന്റ് അടിക്കുന്ന പണിയാണ് ഇവിടുത്തെ ജമാ-അത്തെ ഇസ്ലാമിക്ക്.

പൊതു സമയങ്ങളില്‍ സകല അന്താരാഷ്ട്ര ഇസ്ലാമിക ഭീകരന്‍മാരെയും പൊക്കി കൊണ്ടു നടക്കുന്ന ജമാഅത് പതിവ് പുതിയതോന്നും അല്ല. സമരം മുഖത്ത് ഇവരുടെ നമസ്‌കാര ഷോകള്‍ കൊണ്ട് സമരലക്ഷ്യം തന്നെ ഇന്‍വാലിഡേറ്റ് ആയി പോകുന്നു. വഖഫ് വിഷയത്തില്‍ ഹസനുല്‍ ബന്ന, സയ്യിദ് ഖുതുബ് എന്നീ ജമാഅത് ഭീകരവാദികളുടെ ഫോട്ടോ പൊക്കി കൊണ്ട് വന്നു ജമാഅത് പറയാന്‍ ഉദ്ദേശിക്കുന്നത് എന്താണ്?

ജമാഅത്ത് വിഷം എന്നാല്‍ സംഘി വിഷം പോലെ ചെറുപ്പത്തില്‍ തലച്ചോറില്‍ കയറ്റുന്ന ഒന്നാണ്. ഈ വിഷം തലച്ചോറില്‍ കയറിയവര്‍ക്ക് എന്തെങ്കിലും മാറ്റം വരുന്നത് അപൂര്‍വ സംഭവം ആയിരിക്കും. മതേതര ജനാധിപത്യ പാര്‍ട്ടികളില്‍ എല്ലാം മതേതര മുഖം ഉള്ള ജമാഅത്തെ ഇസ്ലാമി സ്ലീപ്പര്‍ സെല്ലുകള്‍ ഉണ്ട്. അവരെ കരുതി ഇരുന്നാല്‍ നാടിനും സമുദായത്തിനും ജനാധിപത്യ സമൂഹത്തിനും കൊള്ളാം. ഇവരുടെ മുസ്ലിം വിഷയത്തില്‍ നിലപാട് എടുക്കുക എന്നതിന്റെ ഭാഗം ആയി ഇവര്‍ക്ക് തല വച്ചു കൊടുക്കുന്നത് അബദ്ധമാണ്.

Back to top button
error: