KeralaNEWS

കത്തിയമരുന്ന സിംഗപ്പൂർ കപ്പലിൽ രാസവസ്തുക്കളും കീടനാശിനികളും: ശ്വസിച്ചാൽ ഗുരുതര പ്രത്യാഘാതം, പ്രത്യുൽപാദന ശേഷി പോലും നശിക്കും

   കോഴിക്കോട്: കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുന്ന വാൻഹായ് 503 എന്ന ചരക്കുകപ്പൽ കേരളത്തിൻ്റെ സമുദ്രാതിർത്തിയിൽ തീപിടിച്ച് കത്തിയമരുന്നു. ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി ഏകദേശം 100 കിലോമീറ്റർ മാറി ഉൾക്കടലിലാണ് കപ്പലിന് തീപിടിച്ചത്.  കടലിലേക്ക് പതിച്ച ഇതിലെ കണ്ടെയ്‌നറുകളിൽ അപകടകരമായ രാസവസ്തുക്കളും കീടനാശിനികളുമാണ് ഉള്ളതെന്ന വസ്തുത കേരളത്തെ വീണ്ടും ഭീതിയിലാഴ്ത്തുന്നു. കപ്പൽ മുങ്ങിയാൽ എണ്ണ ചോരാനും കടലിൽ വിഷാംശം നിറഞ്ഞ രാസവസ്തുക്കൾ കലരാനും സാധ്യതയേറെയാണ്. ഇത് വലിയ ദുരന്തത്തിന് കാരണമാകും

തീയണയ്ക്കാൻ കോസ്റ്റ് ഗാർഡും  നാവികസേനയും നടത്തുന്ന  ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ കപ്പൽ മുങ്ങും. അങ്ങനെയെങ്കിൽ കപ്പലിനുള്ളിലെ കണ്ടെയ്‌നറുകൾ പൂർണ്ണമായും കടലിൽ പതിക്കും.  കപ്പലിലെ 154 കണ്ടെയ്‌നറുകളിൽ ആസിഡുകളും ഗൺപൗഡറും ലിഥിയം ബാറ്ററികളുമടക്കം അപകടകരമായ വസ്തുക്കളാണ് എന്നാണ് വിവരം. മനുഷ്യർക്കും ജീവജാലങ്ങൾക്കും ഒരുപോലെ ദോഷകരമായ രാസവസ്തുക്കളാണ് കപ്പലിലുള്ളത്.

Signature-ad

കപ്പലിലെ പല രാസവസ്തുക്കളും
ശുദ്ധജലത്തെ മലിനപ്പെടുത്തും. മീനുകൾക്കും മറ്റു കടൽ ജൈവ വ്യവസ്ഥയ്ക്കും ഭീഷണിയാകും. ഇവ അന്തരീക്ഷത്തിൽ കലരുമ്പോൾ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളും ശ്വസിച്ചാൽ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകും. ജൈവ വ്യവസ്ഥയിൽ കലരുമ്പോൾ നമ്മുടെ ഭക്ഷണത്തിലെത്തുകയും മനുഷ്യന് അപകട ഭീഷണിയും മണ്ണ്, വെള്ളം, വായു ഇവയിൽ വിപരീത ദോഷ ഫലങ്ങളുമുണ്ടാക്കും.

ഈതൈൽ ക്ലോറോഫോർമേറ്റ്
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ  സൃഷ്ടിക്കും. അന്തരീക്ഷ മലിനീകരണം, വെള്ളത്തിൽ കലരുമ്പോൾ ഹൈഡ്രോക്ലോറിക് ആസിഡും ഈഥൈൽ ആൽക്കഹോളുമായി വിഘടിക്കുന്നു. ജൈവ ആവാസ വ്യവസ്ഥയ്ക്കു ഭീഷണി.

അധിക അളവിൽ വെള്ളത്തിന്റെ അമ്ലത കൂട്ടുന്നത് മൽസ്യങ്ങൾ ഉൾപ്പെടെയുള്ള ജീവികൾക്കും ദോഷം. അന്തരീക്ഷ മലിനീകരണവും വെള്ളം മലിനപ്പെടുന്നതിനും കാരണമാകും. ശ്വാസകോശത്തിൽ ഫ്ലൂയിഡ് നിറഞ്ഞ് അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. മീനുകൾക്കു മറ്റു ജീവികൾക്കും അപകടം.

കാൻസർ ഉണ്ടാക്കാൻ കഴിയുന്ന ഡൈമീതൈൽ സൾഫേറ്റും ഇതിലുണ്ട്.  കൂടിയ അളവിൽ സമ്പർക്കത്തിൽ വന്നാൽ കണ്ണുകൾക്ക് കേട്. കാഴ്ചശക്തി നഷ്ടപ്പെടാം. കരൾ, വൃക്ക, ഹൃദയം എന്നിവയെ ബാധിക്കാം. ഈ ദ്രാവകം തീ പിടിക്കുമ്പോൾ വിഷമയമായ സൾഫർ ഡയോക്സൈഡ് ഉണ്ടാകും. വെള്ളത്തിൽ കലരുമ്പോൾ സൾഫ്യൂറിക് ആസിഡ് ഉണ്ടാകുന്നു. താപം പുറത്തേക്ക് വിടുന്ന പ്രവർത്തനമാണിത്.

ജീവജാലങ്ങളുടെ പ്രത്യുൽപാദന ശേഷി നശിപ്പിക്കുന്ന ബെൻസോഫീനോൺ എന്ന കെമിക്കലും ഇതിനുള്ളിലുണ്ട്. ശ്വസിച്ചാൽ മനുഷ്യർക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.

വെള്ളത്തിൽ ഇത് വിഘടിച്ച് കാർബൺ മോണോക്സൈഡ്, കാർബൺ ഡയോക്സൈഡ്, നൈട്രിക് ഓക്സൈഡ് തുടങ്ങിയ വിഷകരമായ പദാർഥങ്ങൾ ഉണ്ടാക്കുന്ന നൈട്രോ സെല്ലുലോസ് തീപിടിച്ചാലും വിഷകരമായ വസ്തുക്കളുണ്ടാകും.

ഇവ കൂടാതെ കണ്ടെയ്നറുകളിലുള്ള ഹെക്സാമെതിലിൻ ഡൈസോ സയനേറ്റ് , ബെൻസോഫീനോൺ, ട്രൈക്ലോറോബെൻസീൻ, ക്ലോറോ ഫോർമേറ്റ്, ഫോസ്ഫോറിക് ആസിഡ്, പിപ്പരസീൻ,എഥനോൾ, ടർപന്റൈൻ, പാരാഫോർമാൽ ഡിഹൈഡ്, ഈതൈൽ മീഥൈൽ കീറ്റോൺ എന്നിവ അമിതമായ അളവിൽ ശ്വസിക്കുന്നതും വലിയ അളവിൽ വെള്ളത്തിൽ കലരുന്നതും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. ടർപന്റൈൻ പെട്ടന്ന് തീപിടിക്കുന്ന വസ്തുവാണ്.

ഇതേസമയം, കോസ്റ്റ് ഗാർഡിന്റെ സാകേത്, സമുദ്ര പ്രഹരി എന്നീ രണ്ട് കപ്പലുകൾ സംഭവസ്ഥലത്തെത്തി, തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. .

കത്തുന്ന കപ്പലിനെ ടഗ് ഉപയോഗിച്ച് ഉൾക്കടലിലേക്ക് കൊണ്ടുപോകാനും ശ്രമിക്കുന്നുണ്ട്. കരയ്ക്കു സമീപം
അപകടമുണ്ടാകാതിരിക്കാനാണ് ഈ നീക്കം. കപ്പലിൽനിന്നുള്ള എണ്ണപ്പാട കേരളാതീരത്തേയ്ക്കു   നീങ്ങാൻ സാധ്യതയുണ്ട്. തീപിടിത്തം ഉണ്ടായ കപ്പലിൽനിന്നുള്ള ചില കണ്ടെയ്‌നറുകൾ കോഴിക്കോടിനും കൊച്ചിക്കുമിടയിലായി തീരത്തടിയാൻ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

രണ്ടാഴ്ച മുമ്പ് കൊച്ചി തീരത്ത് എം.എസ്.സി. എൽസ-3 എന്ന കപ്പൽ മുങ്ങിയതിന്റെ ആഘാതത്തിൽനിന്ന് കേരള തീരം മുക്തമാകുന്നതിന് മുൻപാണ് സംസ്ഥാനത്തിൻ്റെ സമുദ്രാതിർത്തിയിൽ വീണ്ടുമൊരു കപ്പൽ ദുരന്തം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: