Breaking NewsIndiaLead NewsNEWSWorld

റോക്കറ്റില്‍ ഇന്ധന ചോര്‍ച്ച; ശുഭാംശു ശുക്ലയുടെ യാത്ര വൈകും; ആക്‌സിയം 4 ദൗത്യം വീണ്ടും മാറ്റി; തുടര്‍ച്ചയായി നാലാം തവണയും വിക്ഷേപണത്തില്‍ തടസം

ബഹിരാകാശ നിലയത്തിലേക്കുള്ള ശുഭാംശു ശുക്ലയുടെ ചരിത്ര യാത്രയ്ക്ക് ഇനിയും കാത്തിരിക്കണം. ആക്സിയം–4 ദൗത്യത്തിനുള്ള റോക്കറ്റില്‍ ഇന്ധനച്ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്നാണ് യാത്ര വീണ്ടും മാറ്റിയത്. പുതിയ തീയതി പിന്നീട്  തീരുമാനിക്കുമെന്ന് സ്പേസ് എക്സ് അറിയിച്ചു. നാലാം തവണയാണ് വിവിധ കാരണങ്ങളാല്‍ വിക്ഷേപണം മാറ്റുന്നത്.

നാസ, ഇസ്രോ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവയുടെ സഹകരണത്തോടെ മനുഷ്യരെ ബഹിരാകാശ നില‌യത്തിലേക്ക് എത്തിക്കുന്ന ദൗത്യമാണ് ആക്സിയം–4. ദൗത്യനിര്‍വഹണത്തിന് കരാര്‍ ലഭിച്ചത് അമേരിക്കന്‍ കമ്പനിയായ ആക്സിയമിനാണ്. കമ്പനിയുടെ നാലാമത്തെ മിഷനാണ് ആക്സിയം -4. സഹായത്തിനായി ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സും. ഇവര്‍ നല്‍കുന്ന ഫാല്‍ക്കണ്‍- 9 റോക്കറ്റിലാണ് ദൗത്യസംഘത്തെ ബഹിരാകാശത്ത് എത്തിക്കുക.

Signature-ad

ശുഭാംശുവിനെ കൂടാതെ നാസയുടെ പെഗിവിറ്റ്സണ്‍, പോളണ്ടില്‍ നിന്നുള്ള ബഹിരാകാശ സഞ്ചാരി സ്വാവോസ് ഉസാന്‍സ്കി, ഹംഗറിയില്‍ നിന്നുള്ള ടിബര്‍ കപൂ എന്നിവരാണ് മറ്റു ദൗത്യസംഘാംഗങ്ങള്‍. ബഹിരാകാശത്ത് ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ച പെഗി വിറ്റ്സണാകും മിഷന്‍ കമാന്‍ഡര്‍. മൈക്രോ ഗ്രാവിറ്റിയില്‍ 60ലേറെ പരീക്ഷണങ്ങള്‍ ചെയ്യുകയാണ് സംഘത്തിന്റെ ലക്ഷ്യം.

ഇന്ത്യയ്ക്ക് വേണ്ടി ഐ.എസ്.ആര്‍.ഒ നിര്‍ദേശിച്ച ഏഴ് പരീക്ഷണങ്ങള്‍ ശുഭാംശു ശുക്ല പ്രത്യേകമായി ചെയ്യും. സൂക്ഷമ ജീവികളില്‍ റേഡിയോ തരംഗങ്ങളുണ്ടാക്കുന്ന മാറ്റങ്ങള്‍ ശരീരത്തിന്‍റെ പേശികള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍, മൈക്രോ ഗ്രാവിറ്റിയില്‍ ഇലക്ട്രോണിക് ഡിസ്പ്ലേയും കണ്ണുകളുടെ ചലനവും, വിത്തുകള്‍ മുളപ്പിക്കലും അവയുടെ വളര്‍ച്ചയും തുടങ്ങിയ പരീക്ഷണങ്ങളും അതില്‍ ഉള്‍പ്പെടുന്നുണ്ട്. 550 കോടി രൂപയാണ് പദ്ധതിക്കായി ഇന്ത്യ ചെലവിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശുഭാംശുവിന്റെ ബഹിരാകാശ യാത്ര ഗഗന്‍യാന്‍ പദ്ധതിയുടെ ഭാവി കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ഉറപ്പാണ്. ഒപ്പം ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ ആധിപത്യ വേരുകള്‍ മണ്ണുറയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: