IndiaNEWS

‘ചാര’യൂട്യൂബര്‍മാര്‍ക്ക് ഒരുകൈ സഹായം; ഇത് ‘മാഡം എന്‍’! പാക് അപസര്‍പ്പക കഥകളിലെ മാദകസുന്ദരി…

ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നുള്ള യൂട്യൂബര്‍മാര്‍ക്ക് പാകിസ്താനില്‍ എല്ലാവിധ സഹായങ്ങളും നല്‍കിയത് ‘മാഡം എന്‍’ എന്ന പേരിലറിയപ്പെടുന്ന നൊഷാബ ഷെഹ്സാദ് എന്ന സ്ത്രീയെന്ന് കണ്ടെത്തല്‍. ലാഹോറില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന നൊഷാബയാണ് ഇന്ത്യയില്‍നിന്നുള്ള യൂട്യൂബര്‍മാര്‍ക്ക് പാകിസ്താന്‍ സന്ദര്‍ശനത്തിനുള്ള സഹായങ്ങള്‍ നല്‍കിയിരുന്നതെന്നും പാക് ചാരസംഘടനയായ ഐഎസ്ഐയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നുമാണ് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നതെന്ന് വിവിധ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര അടക്കമുള്ളവരെ ചോദ്യംചെയ്തതില്‍നിന്നാണ് ‘മാഡം എന്‍’-ലേക്ക് അന്വേഷണമെത്തിയത്. ലാഹോറില്‍ ‘ജയ് യാന ട്രാവല്‍ ആന്‍ഡ് ടൂറിസം’ എന്ന പേരില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന നൊഷാബ ഷെഹ്സാദ് ആണ് ‘മാഡം എന്‍’ എന്ന് ഐഎസ്ഐ വിളിക്കുന്ന സ്ത്രീയെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇവരുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ചാരവൃത്തിക്കായി അഞ്ഞൂറോളം പേരടങ്ങിയ സ്ലീപ്പര്‍ സെല്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. പാക് സൈന്യവും ഐഎസ്ഐയും നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് നൊഷാബ സ്ലീപ്പര്‍ സെല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Signature-ad

ജ്യോതി മല്‍ഹോത്ര ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ പാകിസ്താന്‍ സന്ദര്‍ശിച്ചത് നൊഷാബയുടെ സഹായത്തോടെയായിരുന്നു. നൊഷാബയുടെ ഭര്‍ത്താവ് പാകിസ്താന്‍ സിവില്‍ സര്‍വീസില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്. ഇന്ത്യയില്‍നിന്ന് പാകിസ്താനിലെത്തുന്ന യൂട്യൂബര്‍മാരെ പാക് സൈന്യത്തിലെയും ഐഎസ്ഐയിലെയും ഉദ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്തി നല്‍കിയതും നൊഷാബയായിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ ഇന്ത്യയില്‍നിന്നുള്ള മൂവായിരത്തോളം പേര്‍ക്കും വിദേശരാജ്യങ്ങളിലുള്ള ഇന്ത്യക്കാരായ 1500 പേര്‍ക്കും നൊഷാബയുടെ സഹായങ്ങള്‍ ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡല്‍ഹിയിലെ പാകിസ്താന്‍ എംബസിയിലും ‘മാഡം-എന്‍’ന് വലിയ സ്വാധീനമുണ്ടായിരുന്നതായാണ് വിവരം. പാക് എംബസിയിലെ ഫസ്റ്റ് സെക്രട്ടറി(വിസ) സുഹൈല്‍ ഖമര്‍, കൗണ്‍സലര്‍(ട്രേഡ്) ഉമര്‍ ഷെരിയാര്‍ തുടങ്ങിയവരുമായി നൊഷാബയ്ക്ക് അടുത്തബന്ധമുണ്ടായിരുന്നു. ഈ സ്വാധീനം ഉപയോഗിച്ച് നൊഷാബയുടെ ഒരൊറ്റ ഫോണ്‍കോളിലാണ് ഇന്ത്യയില്‍നിന്നുള്ള പലര്‍ക്കും പാകിസ്താന്‍ വിസ അനുവദിച്ച് നല്‍കിയിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നൊഷാബയുടെ സ്പോണ്‍സര്‍ഷിപ്പിലോ ശുപാര്‍ശയിലോ ആണ് ഇന്ത്യയില്‍നിന്ന് പാകിസ്താനിലേക്ക് പോയ പല യൂട്യൂബര്‍മാര്‍ക്കും വിസ അനുവദിച്ചിരുന്നത്. ഇതിനുപുറമേ സിഖ് തീര്‍ഥാടകരെ ഉള്‍പ്പെടെ പാകിസ്താനിലേക്ക് കൊണ്ടുപോകാനും നൊഷാബയുടെ ഏജന്‍സി പ്രവര്‍ത്തിച്ചിരുന്നതായാണ് വിവരം. അടുത്തിടെ ഡല്‍ഹി ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ നഗരങ്ങളില്‍ നൊഷാബ ട്രാവല്‍ ഏജന്റുമാരെ നിയമിച്ചിരുന്നതായും സാമൂഹികമാധ്യമങ്ങള്‍ വഴി ഇവര്‍ ട്രാവല്‍ ഏജന്‍സിക്കായി പ്രചാരണം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുകളിലുണ്ട്.

അതേസമയം, ഇന്ത്യയിലെ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ടുകളും ഇതിലെ ആരോപണങ്ങളും നൊഷാബ നിഷേധിച്ചു. ഇന്ത്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും തെറ്റായവിവരങ്ങള്‍ അടങ്ങിയതാണെന്നും നൊഷാബ സാമൂഹികമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

 

 

Back to top button
error: