
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജനങ്ങളില്‍ നിന്നും സംഭാവന തേടി പി വി അന്‍വര്‍. ”നമ്മുടെ നാടിനെ നശിപ്പിക്കുന്ന പിണറായിസത്തിനെതിരെ പോരാടിയതിന്റെ പേരില്‍ എല്ലാം നഷ്ടപ്പെട്ടവനാണ് ഞാന്‍. ഈ പോരാട്ടത്തില്‍ അധികാരവും ഭരണത്തണലും മാത്രമല്ല, ഇത്ര കാലം വിയര്‍പ്പൊഴുക്കി സമ്പാദിച്ചത് കൂടി നഷ്ടമായി. നിങ്ങള്‍ എനിക്ക് സംഭാവന നല്‍കുന്ന ഓരോ രൂപയും എനിക്കുള്ള ധാര്‍മിക പിന്തുണയായിട്ടാണ് കാണുന്നത്”- അന്‍വര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
‘എന്റെ സാമ്പത്തിക പരിമിതിയെപ്പറ്റി മുമ്പ് സൂചിപ്പിച്ചതാണ്. എത്രയോ കോടി രൂപയുടെ സ്വത്ത് എനിക്കുണ്ട്. പക്ഷേ ഒരു സെന്റ് ഭൂമി പോലും വില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. തെരഞ്ഞെടുപ്പിനുള്ള ഒരു മുന്‍കരുതലും എന്റെ കൈയിലില്ല. ഒരു ക്രൗഡ് ഫണ്ടിംഗിന് സഹായിക്കാമെന്ന് ആയിരക്കണക്കിനാളുകള്‍ മെസേജ് അയച്ചിട്ടുണ്ട്. മാനസിക അല്ലെങ്കില്‍ ധാര്‍മിക പിന്തുണ അര്‍പ്പിക്കാന്‍ നിലമ്പൂരിലെ വോട്ടര്‍മാര്‍ ഒരു പത്ത് രൂപ അല്ലെങ്കില്‍ ഒരു രൂപ ഈ അക്കൗണ്ടിലേക്ക് അയക്കണം.’- പി വി അന്‍വര്‍ പറഞ്ഞു.

ഞാന്‍ ശബ്ദിച്ചത് മുഴുവന്‍ ഈ നാട്ടിലെ സാധാരണക്കാര്‍ക്ക് വേണ്ടിയാണ്, അവര്‍ പുറത്തു പറയാന്‍ ഭയപ്പെട്ട കാര്യങ്ങളാണ്. അവരുടെ പിന്തുണയിലും കരുത്തിലും മാത്രമാണ് എനിക്കീ പോരാട്ടം തുടരാന്‍ കഴിയുന്നത്. എന്റെ ജീവന്‍ വരെ സുരക്ഷിതമല്ല എന്ന ഉത്തമ ബോധ്യത്തോട് കൂടിയാണ് ഈ പോരാട്ടത്തില്‍ ഞാനിറങ്ങി തിരിച്ചത്. തന്നെ ഒറ്റപ്പെടുത്തരുത്. ടി പി ചന്ദ്രശേഖരനെ ചെയ്തത് പോലെ വെട്ടിക്കൊലപ്പെടുത്തുന്നതില്‍ നിന്ന് എന്നെ രക്ഷപ്പെടുത്താനുള്ള ഉത്തരവാദിത്തം എന്നെ സ്നേഹിക്കുന്ന ജനങ്ങള്‍ക്കാണ്. അവരില്‍ വിശ്വാസം അര്‍പ്പിച്ചാണ് ഇറങ്ങുന്നതെന്നും അന്‍വര്‍ വീഡിയോയില്‍ പറയുന്നു.
അന്‍വറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
പ്രിയരെ,
വരാനിരിക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഞാന്‍ മത്സരിക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. ഉപതെരഞ്ഞെടുപ്പിനുണ്ടായ രാഷ്രീയ സാഹചര്യം എന്താണെന്ന് നിങ്ങളുമായി പലതവണ സംസാരിച്ചതാണ്. നമ്മുടെ നാടിനെ നശിപ്പിക്കുന്ന പിണറായിസത്തിനെതിരെ പോരാടിയതിന്റെ പേരില്‍ എല്ലാം നഷ്ടപ്പെട്ടവനാണ് ഞാന്‍. ഈ പോരാട്ടത്തില്‍ എനിക്ക് നഷ്ടമായത് അധികാരവും ഭരണത്തണലും മാത്രമല്ല, ഞാനിത്ര കാലം വിയര്‍പ്പൊഴുക്കി സമ്പാദിച്ചത് കൂടിയാണ്. ഈ പോരാട്ടത്തില്‍ എന്റെ ജീവന്‍ വരെ സുരക്ഷിതമല്ല എന്ന ഉത്തമ ബോധ്യത്തോട് കൂടിയാണ് ഞാനിറങ്ങി തിരിച്ചത്.
ഞാന്‍ ശബ്ദിച്ചത് മുഴുവന്‍ ഈ നാട്ടിലെ സാധാരണക്കാര്‍ക്ക് വേണ്ടിയാണ്, അവര്‍ പുറത്തു പറയാന്‍ ഭയപ്പെട്ട കാര്യങ്ങളാണ്. അവരുടെ പിന്തുണയിലും കരുത്തിലും മാത്രമാണ് എനിക്കീ പോരാട്ടം തുടരാന്‍ കഴിയുന്നത്.
നിങ്ങള്‍ എനിക്ക് സംഭാവന നല്‍കുന്ന ഓരോ രൂപയും എനിക്കുള്ള ധാര്‍മിക പിന്തുണയായിട്ടാണ് കാണുന്നത്.
പ്രിയപ്പെട്ടവരെ..
പിന്തുണയ്ക്കുക പ്രാര്‍ത്ഥിക്കുക സഹകരിക്കുക
സഹായിക്കുക
പ്രിയപ്പെട്ട പി.വി അന്‍വര്‍