KeralaNEWS

യാത്ര ഷൈന്റെ ചികിത്സയ്ക്ക്, ഇടതുകൈയുടെ എല്ലു പൊട്ടി; അപകടകാരണം ഡ്രൈവര്‍ ഉറങ്ങിയതോ?

ബെംഗളൂരു: നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത് ഡ്രൈവര്‍ ഉറങ്ങിപ്പോയതിനാലെന്ന് സൂചന. റോഡില്‍ നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. മുന്‍ സീറ്റിലായിരുന്നു പിതാവ് ചാക്കോ ഇരുന്നത്. ഇടിയുടെ ആഘാതത്തില്‍ തലയ്ക്കേറ്റ ഗുരുതര പരുക്കാണ് മരണ കാരണമെന്നാണ് വിവരം. ഇപ്പോള്‍ ധര്‍മപുരി ഗവ. മെഡിക്കല്‍ കോളജിലുള്ള മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വൈകിട്ടോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

സേലം-ധര്‍മപുരി-ഹൊസൂര്‍-ബെംഗളൂരു ദേശീയപാതയില്‍ സ്ഥിരമായി അപകടമുണ്ടാകുന്ന മേഖലയിലാണ് ഷൈനിന്റെ വാഹനവും അപകടത്തില്‍പെട്ടത്. ധര്‍മപുരിക്ക് അടുത്ത് പാലക്കോട് എന്ന മേഖലയിലെ പറയൂരില്‍ വച്ചായിരുന്നു അപകടം. തൊടുപുഴയിലെ ലഹരി വിമുക്ത കേന്ദ്രത്തിലെ ചികിത്സയ്ക്ക് ശേഷം ഷൈന്‍ ചില ഷൂട്ടിങ്ങുകളില്‍ പങ്കെടുത്തിരുന്നു. തുടര്‍ ചികിത്സക്കായാണ് ബെംഗളൂരുവിലേക്ക് കുടുംബസമേതം പോയത് എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

Signature-ad

ഷൈനിന്റെ ഇടതുകൈയുടെ എല്ലിന് പൊട്ടലുണ്ട്. അല്‍പസമയത്തിനകം തന്നെ ശസ്ത്രക്രിയ നടത്തുമെന്നാണ് വിവരം. ഷൈനിന്റെ അമ്മയുടെ ഇടുപ്പിനു പരുക്കേറ്റിട്ടുണ്ടെങ്കിലും സാരമുള്ളതല്ല. സഹോദരനും അസിസ്റ്റന്റിനും കൈകള്‍ക്ക് പരുക്കുണ്ട്. പിതാവിന്റെ മൃതദേഹമുള്ള ആശുപത്രിയില്‍ തന്നെയാണ് ഇവരുടെ ചികിത്സയും നടക്കുന്നത്. പിതാവിന്റെ മൃതദേഹത്തിനൊപ്പം ഷൈനും കുടുംബവും നാട്ടിലേക്ക് എത്തി കൊച്ചിയിലായിരിക്കും തുടര്‍ ചികിത്സ നടത്തുക എന്നാണ് വിവരം.

Back to top button
error: