CrimeNEWS

കാന്‍സര്‍ രോഗിയായ സ്ത്രീയെ കെട്ടിയിട്ടു, വായില്‍ തുണി തിരുകി പണം കവര്‍ന്നു; നഷ്ടപ്പെട്ടത് സുമനസുകള്‍ ചികിത്സയ്ക്കായി പിരിവെടുത്തു നല്‍കിയ പണം

ഇടുക്കി: കാന്‍സര്‍ രോഗിയായ സ്ത്രീയെ വീട്ടില്‍ കെട്ടിയിട്ട് പണം കവര്‍ന്നു. അടിമാലിയില്‍ ആണ് സംഭവം. വിവേകാനന്ദ നഗര്‍ സ്വദേശി ഉഷ സന്തോഷിനെയാണ് മോഷ്ടാവ് കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകി പണം കവര്‍ന്നത്.

ഇന്ന് രാവിലെ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്. സുമനസുകളുടെ സഹായത്താല്‍ ചികിത്സ നടത്തി വന്നിരുന്ന ഉഷക്കായി പൊതുധനസമാഹരണത്തിലൂടെ ശേഖരിച്ച തുകയാണ് മോഷ്ടാവ് കവര്‍ന്നത്.ചികിത്സയുടെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളജില്‍ കീമോ ചെയ്ത ശേഷം ഇന്നലെയാണ് ഉഷ വീട്ടില്‍ തിരിച്ചെത്തിയത്.ഇന്ന് രാവിലെ മകള്‍ സ്‌കൂളിലേക്കും ഭര്‍ത്താവ് കൂലിവേലക്കുമായി പോയി. ഈ സമയം നോക്കിയായിരുന്നു മോഷ്ടാവ് വീടിനുള്ളില്‍ കയറിയത്.

Signature-ad

ചികിത്സയുടെ മയക്കത്തില്‍ നിന്ന് ഉഷ പൂര്‍ണ്ണമായി മുക്തയായിരുന്നില്ല. മോഷ്ടാവ് ആദ്യം വായില്‍ തുണിതിരുകിയതായും മറ്റൊരു തുണി ഉപയോഗിച്ച് തല മൂടുകയും കൈകള്‍ ബന്ധിക്കുകയും ചെയ്തതായി ഉഷ പറഞ്ഞു. അലമാരയില്‍ നിന്നും തുണികള്‍ പുറത്തേക്ക് വലിച്ചിട്ടെങ്കിലും പണം കണ്ടെത്താതെ വന്നതോടെ ഇയാള്‍ കൂടുതല്‍ പ്രകോപിതനായി.

പണം നല്‍കിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് മോഷ്ടാവ് ഉഷയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കട്ടിലില്‍ കിടക്കുന്ന പേഴ്‌സില്‍ പണമുള്ളതായി ഉഷ മോഷ്ടാവിനോട് പറഞ്ഞു. പേഴ്‌സില്‍ സൂക്ഷിച്ചിരുന്ന 16,500 രൂപയുമായി കള്ളന്‍ കടന്ന് കളഞ്ഞു.സമീപവാസിയായ മറ്റൊരാള്‍ പിന്നീട് വീട്ടിലെത്തിയ സമയത്താണ് കട്ടിലില്‍ കെട്ടിയിട്ടിരിക്കുന്ന ഉഷയെ കണ്ടത്.ഉഷയുടെ ചികിത്സക്കായി പൊതുധനസമാഹരണത്തിലൂടെ ശേഖരിച്ച തുകയില്‍ ബാക്കിയുണ്ടായിരുന്ന തുകയാണ് മോഷ്ടാവ് കവര്‍ന്നത്.

 

Back to top button
error: