മാധ്യമ പ്രവര്‍ത്തകനെതിരെയുള്ള കൊലവിളി ജനാധിപത്യവിരുദ്ധം: മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സാഹചര്യം; കോണ്‍ഗ്രസ് നേതാക്കള്‍ ഭയപ്പെടുന്നത് ജനങ്ങളെ; ജനാധിപത്യത്തിനു നാണക്കേട്: രൂക്ഷ വിമര്‍ശനവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍

നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്ന റിപ്പാര്‍ട്ടര്‍ ടി വി യിലെ റോഷിപാലിനെതിരെ കോണ്‍ഗ്രസ് നേതാക്കളുടെ കൈയ്യേറ്റ ശ്രമവും ഭീഷണിയും സൈബര്‍ ആക്രമണവും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും പ്രസ്താവനയില്‍ പറഞ്ഞു.
ജോലി ചെയ്യാന്‍ സാധിക്കാത്ത വിധം പ്രയാസം ഉണ്ടാക്കിയാണ് ഒരു സംഘം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും റോഷിയെ വേട്ടയാടുന്നത്. ഇക്കൂട്ടരുടെ ശല്യവും ഭീഷണിയും മൂലം മാധ്യമപ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്തുണ്ടായ ചില രാഷ്ട്രീയ വിവാദങ്ങളുടെ കാരണക്കാരന്‍ റോഷി പാലാണെന്ന നിഗമനത്തിന്റെ അടിസ്ഥനത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ റോഷിയെ വളഞ്ഞിട്ടാക്രമിക്കുന്നതെന്നതാണ് വിവരം. ജനാധിപത്യത്തിലെ സവിശേഷ സന്ദര്‍ഭമായ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കാതെ ഇത്തരം അതിക്രമങ്ങള്‍ക്ക് ഒരുങ്ങുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഭയക്കുന്നത് ജനങ്ങളെ തന്നെയാണ്

എം എല്‍ എ മാരും എം പി യുമൊക്കെ അടങ്ങുന്ന സംഘത്തിന്റെ നിര്‍ദ്ദേ പ്രകാരമാണ് മാധ്യമപ്രവര്‍ത്തകനെ വേട്ടയാടുന്നത് എന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹവും ജനാധിപത്യത്തിനു തന്നെ നാണക്കേടുമാണ്. റോഷി പാലിനെതിരെയുള്ള കൊലവിളി അവസാനിപ്പിക്കാന്‍ യു ഡി എഫി ന്റെ മുതിര്‍ന്ന നേതാക്കള്‍ സ്ഥലകാല ബോധമില്ലാത്ത നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കണം. കേരള പത്ര പ്രവര്‍ത്തകയൂണിയന്റെ ശക്തമായ പ്രതിഷേധം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുന്നെന്നും കെ.പി. റെജിയും സുരേഷ് എടപ്പാളും പറഞ്ഞു.