IndiaNEWS

അജ്ഞാത മൃഗം ആക്രമിച്ചത് 18 പേരെ, ആറുപേര്‍ മരിച്ചു; പലരും ഗുരുതരാവസ്ഥയില്‍, ആശങ്ക

ഭോപ്പാല്‍: മധ്യപ്രദേശില്‍ വനംവകുപ്പിനെയും നാട്ടുകാരെയും ആശങ്കയിലാക്കി അജ്ഞാത മൃഗം. കഴിഞ്ഞ മാസം അഞ്ചിന് 18 പേരടങ്ങുന്ന സംഘത്തെ ഈ മൃഗം ആക്രമിച്ചിരുന്നു. അതില്‍ ആറുപേരാണ് ഇപ്പോള്‍ മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. റെയ്ലി ബായ് (60), മന്‍ഷാരം ഛഗന്‍ (50), സുര്‍സിംഗ് മാല്‍സിംഗ് (50), സാദി ബായ് (60), ചെയിന്‍സിംഗ് ഉംറാവു (50), സുനില്‍ ജെതാരിയ (40) എന്നിവരാണ് മരിച്ചത്.

ബര്‍വാനി ജില്ലയിലെ ലിംബായ് ഗ്രാമത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന കൊലപാതകങ്ങള്‍ ആക്രമണകാരിയുടെ സ്വഭാവത്തെക്കുറിച്ചുള്ള ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്. ഈ മൃഗത്തെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. സുനില്‍ ജെതാരിയയുടെ മരണത്തിന് പിന്നാലെ നാട്ടുകാര്‍ ലിംബായില്‍ നിന്ന് വനം വകുപ്പ് ഓഫീസിലേക്ക് ഒമ്പത് കിലോമീറ്റര്‍ മാര്‍ച്ച് നടത്തി പ്രതിഷേധിച്ചു.

Signature-ad

വനംവകുപ്പ് അലംഭാവം കാണിക്കുകയാണെന്ന് ആരോപിച്ച നാട്ടുകാര്‍ അജ്ഞാത മൃഗത്തെ ഉടന്‍ പിടികൂടണമെന്നും ആവശ്യപ്പെട്ടു. കഴുതപ്പുലി ആണെന്നാണ് ജനങ്ങള്‍ കരുതുന്നുത്. എന്നാല്‍, ഇത് സ്ഥിരീകരിക്കുന്നതിന് മൃഗത്തിന്റെ കാല്‍പ്പാടുകളോ മറ്റ് തെളിവുകളോ ലഭിച്ചിട്ടില്ലെന്ന് വനംവകുപ്പ് അറിയിച്ചു. മേയ് അഞ്ചിന് കടിയേറ്റ സംഘത്തിലുള്ളവരില്‍ ഗുരുതര പരിക്കുള്ളവരുമുണ്ട്. ഇനിയും മരണസംഖ്യ വര്‍ദ്ധിച്ചേക്കാമെന്നാണ് അധികൃതര്‍ പറയുന്നത്.

‘വനംവകുപ്പ് ശരിയായ രീതിയില്‍ തെരച്ചില്‍ നടത്തുന്നില്ല. സംഘത്തില്‍ വെറും നാലുപേരേ ഉണ്ടായിരുന്നുള്ളു. പ്രതിഷേധിക്കുന്നവരെ ഭീഷണിപ്പെടുത്തുകയാണ്. അധികൃതരുടെ നിഷ്‌ക്രിയത്വം കാരണം ഇവിടെ ജനജീവിതം സ്തംഭിച്ചു. ഞങ്ങളുടെ കൃഷിയിടങ്ങളിലേക്ക് പോകാനോ ഒറ്റയ്ക്ക് പുറത്തിറങ്ങാനോ ഭയമാണിപ്പോള്‍. സ്ഥലത്ത് സിസിടിവി പോലും അധികൃതര്‍ സ്ഥാപിച്ചിട്ടില്ല ‘- ഒരു പ്രദേശവാസി പറഞ്ഞു.

‘ഒറ്റയ്ക്ക് പുറത്ത് പോകരുതെന്ന് എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആന്റി റാബിസ് കുത്തിവയ്പ്പുകള്‍ എടുക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. മൃഗം ഏതാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. തുടര്‍ച്ചയായി പട്രോളിംഗ് നടത്തുന്നുണ്ട്. മരണപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കും.’- വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

Back to top button
error: