Breaking NewsCrimeIndiaNEWS

കള്ളനെത്തന്നെ താക്കോലേൽപ്പിച്ചു!! തൊണ്ടി മുതൽ സൂക്ഷിച്ച ലോക്കറിൽ നിന്ന് 51 ലക്ഷവും രണ്ടുപെട്ടി ആഭരണങ്ങളും കവർന്നു, പോലീസ് ഹെഡ് കോൺസ്റ്റബിൾ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ ഓഫീസിലെ ലോക്കറിൽനിന്ന് 51 ലക്ഷവും രണ്ടുപെട്ടി ആഭരണങ്ങളും മോഷ്ടിച്ച കേസിൽ ഹെഡ് കോൺസ്റ്റബിൾ അറസ്റ്റിൽ. സംഭവത്തിൽ ഒഴ്ചമുമ്പുവരെ ഈ ഓഫീസിൽ ജോലി ചെയ്തിരുന്ന ഹെഡ് കോൺസ്റ്റബിൾ ഖുർഷിദ് എന്നയാളാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് 51 ലക്ഷം രൂപയും രണ്ടുപെട്ടി സ്വർണവും മോഷണം പോയത്. വിവിധ കേസുകളിൽനിന്നായി പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന തൊണ്ടിമുതലാണ് മോഷണം പോയത്.

ഡൽഹിയിൽ ഏറ്റവും കൂടുതൽ സുരക്ഷയുള്ള ഓഫീസുകളിൽ ഒന്നാണ് ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ ഓഫീസ്. പല കേസുകളിൽനിന്നായി പിടിച്ചെടുത്ത കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കളും പണവുമാണ് ലോധി റോഡിൽ സ്ഥിതിചെയ്യുന്ന ഈ ഓഫീസിന്റെ സ്റ്റോറേജിൽ സൂക്ഷിച്ചിരുന്നത്. എന്നാൽ ഇവിടെയുള്ള വൻ സുരക്ഷാ വിന്യാസങ്ങൾ ഭേദിച്ചാണ് പ്രതി മോഷണം നടത്തിയത് എന്ന് ഡൽഹി പോലീസ് പറഞ്ഞു.

Signature-ad

അതേസമയം തൊണ്ടിമുതൽ സൂക്ഷിക്കുന്ന സ്‌റ്റോറേജിന്റെ സുരക്ഷാജീവനക്കാരനായി ജോലി നോക്കുകയായിരുന്നു ഖുർഷിദ്. ഒരാഴ്ച മുമ്പാണ് ഖുർഷിദിനെ ഇവിടെനിന്നും ഈസ്റ്റ് ഡൽഹി പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയത്. പിന്നാലെയാണ് ഇയാൾ മോഷണം നടത്തിയത്. മുമ്പ് ഇവിടെ ജോലിചെയ്തിരുന്ന ആളായിരുന്നതുകൊണ്ട് തന്നെ ഖുർഷിദ് ഇവിടെ എത്തിയതോ സ്‌റ്റോറേജിനുള്ളിലേക്ക് കടന്നതോ ഒന്നും ആരും സംശയിച്ചില്ല.

കൂടാതെ സ്‌റ്റോറേജിനെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഇയാൾക്കറിയാമായിരുന്നു. സിസിടിവി ക്യാമറകൾ മുതൽ എവിടെയെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നു എന്നതടക്കമുള്ള കാര്യങ്ങൾ സംബന്ധിച്ച് ഇയാൾക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. സ്‌റ്റോറേജിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളെക്കുറിച്ച് ഇയാൾക്ക് കൃത്യമായ കണക്കുണ്ടായിരുന്നതായും പോലീസ് പറയുന്നു. അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ മോഷണം നടത്താൻ ഖുർഷിദിന് കഴിഞ്ഞു എന്നാണ് പോലീസിന്റെ നിഗമനം. കൂടാതെ ഖുർഷിദിനെ ഓഫീസിൽ കണ്ടപ്പോൾ, ഇയാളെ വീണ്ടും ഇവിടെ ജോലിക്ക് നിയോഗിച്ചു എന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ കരുതിയത്. അതുകൊണ്ടുതന്നെ ഇയാൾ സ്‌റ്റോറേജിന്റെ അകത്ത് കടന്നപ്പോഴോ തിരിച്ച് ഇറങ്ങിയപ്പോഴോ പരിശോധന നടത്തിയിരുന്നില്ല.

പിന്നീട് സ്വർണവും പണവും നഷ്ടപ്പെട്ടതായി മനസിലാക്കിയ ശേഷം സിസിടിവി പരിശോധിച്ചപ്പോഴാണ് ഖുർഷിദാണ് മോഷണം നടത്തിയത് എന്നത് കണ്ടെത്താനായത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഞായറാഴ്ച അർധരാത്രിയോടെയാണ് ഈസ്റ്റ് ഡൽഹിയിൽവെച്ച് പോലീസ് ഖുർഷിദിനെ പിടികൂടിയത്. ഖുർഷിദിന്റെ പക്കൽനിന്നും മോഷ്ടിച്ച മുതലുകൾ തിരിച്ചുപിടിച്ചതായും ഇയാളെ കൂടുതൽ ചോദ്യംചെയ്യലിന് വിധേയനാക്കിയതായും സ്‌പെഷ്യൽ സെൽ എസിപി പ്രമോദ് സിംഗ് കുഷ്‌വാഹ പറഞ്ഞു.

Back to top button
error: