
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്തില്‍ വന്ന മലയാളികളായ യുവതീയുവാക്കള്‍ പത്തുകോടിയിലേറെ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി കസ്റ്റംസിന്റെ വലയില്‍. മലപ്പുറം സ്വദേശികളായ ഷഹീദ്(23), ഷഹാന(21) എന്നിവരാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായത്. ബെംഗളൂരുവില്‍ വിദ്യാര്‍ഥികളാണ് ഇരുവരും. ഭക്ഷണപ്പൊതികളില്‍ ഒളിപ്പിച്ചുവെച്ച് കടത്താന്‍ ശ്രമിച്ച 10.06 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്.
അവധിക്കാലം ആഘോഷിക്കാനായി തായ്‌ലന്‍ഡില്‍ പോയവര്‍ കഞ്ചാവുമായി മടങ്ങിയെത്തുകയായിരുന്നു. പിടിയിലായ യുവാവ് ലഹരി സംഘത്തിലെ കണ്ണിയാണെന്നാണ് വിവരം. ബെംഗളൂരുവിലും മംഗളൂരുവിലും വില്‍പ്പന നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് കസ്റ്റംസ് അന്വേഷണത്തിലെ കണ്ടെത്തല്‍. ബാഗുകളുടെ എക്സറേ പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റംസ് വിശദമായി പരിശോധിച്ചത്. സമീപകാലത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.

ബാങ്കോക്കില്‍നിന്ന് സിങ്കപ്പൂര്‍ വഴിയുള്ള സ്‌കൂട്ട് എയര്‍ലൈന്‍സില്‍ ശനിയാഴ്ച രാത്രി പത്തരയോടെയാണ് ഇവര്‍ എത്തിയത്. ബെംഗളൂരുവിലെ പബ്ബില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നും അടുത്ത സുഹൃത്തുക്കളായതെന്നുമാണ് വിവരം. ഷഹാനയാണ് ഷഹീദിനെ തായ്ലാന്‍ഡില്‍ കൊണ്ടുപോയതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
യുവതി നേരത്തേയും ഇതുപോലെ പോയതായും പറയപ്പെടുന്നു. കഞ്ചാവ് കടത്തിയത് ഏതെങ്കിലും അന്താരാഷ്ട്ര ശൃംഖലയുടെ ഭാഗമാണോയെന്ന് അന്വേഷിച്ചുവരികയാണെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ പറഞ്ഞു. സാധാരണ കഞ്ചാവിനേക്കാള്‍ പത്തിരട്ടി വീര്യംകൂടിയതാണ് ഹൈബ്രിഡ് കഞ്ചാവ്. അതുകൊണ്ടുതന്നെ അന്താരാഷ്ട്രവിപണിയില്‍ ഇതിനു വിലയേറും. ഇരുവരെയും ഞായറാഴ്ച രാത്രി കോടതിയില്‍ ഹാജരാക്കി.